കോഴിക്കോട്: കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിനെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളോട് യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകന്‍ രഞ്ജിത്ത് ഇസ്രായേലിക്കെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു. സൈബർ ആക്രമണം നടത്തിയ ഫേസ്‍ബുക്ക്, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷൻ നിർദേശം നല്‍കിയിട്ടുണ്ട്.
സൈബർ ആക്രമണം നേരിട്ടതിനെ തുടർന്ന് അർജുൻ്റെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. വാർത്താസമ്മേളനത്തിനിടെ അർജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്കെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയവരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഏറ്റുമുട്ടലും സൈബറിടങ്ങളിൽ നടക്കുന്നുണ്ട്. അപകടം നടന്ന ആദ്യ ഘട്ടത്തിൽ അലംഭാവം കാണിച്ചെങ്കിലും പിന്നീട് ഉണർന്നു പ്രവർത്തിച്ച കർണാടക സർക്കാറിനെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നിരുന്നു. അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിൽ പ്രതീക്ഷ കൈവിടാതെ തിരച്ചിൽ തുടരുകയാണ്.