തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നും പിന്‍മാറണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തും പദ്ധതികള്‍ നടപ്പിലാക്കണം

dot image

തിരുവനന്തപുരം: സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയാറാക്കാതെയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വികസനത്തെയല്ല, വികസനത്തിന്റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നടപടികളെയാണ് യുഡിഎഫ് എതിര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി. കടലില്‍ നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെ ദൂരത്തില്‍ കടന്നു പോകുന്ന എന്‍ എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യകത മനസിലാകുന്നില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയെയും ജീവനോപാദികളെയും ബാധിക്കുന്ന പദ്ധതിയെകുറിച്ച് പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച, ഷിബു ബേബിജോണ്‍ കണ്‍വീനറായ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

കത്ത് പൂര്‍ണ രൂപത്തില്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഈ കത്ത് നല്‍കുന്നത്.

വിഴിഞ്ഞം പദ്ധതിയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയാറായിട്ടില്ല. അതുകൊണ്ടു തന്നെ വികസന പദ്ധതികളെ അവര്‍ സംശയത്തോടും ഭയത്തോടും കൂടിയാണ് വീക്ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേ പദ്ധതി പരിശോധിക്കപ്പെടേണ്ടത്.

മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയെയും ജീവനോപാദികളെയും ബാധിക്കുന്ന പ്രസ്തുത പദ്ധതിയെകുറിച്ച് പഠിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച, ശ്രീ. ഷിബു ബേബിജോണ്‍ കണ്‍വീനറായ സമിതി പ്രദേശികമായ സിറ്റിങുകള്‍ നടത്തിയും ഈ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തിയും വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പഠന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കത്ത്.

തീരപ്രദേശത്ത് നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് സംസ്ഥാനത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന എന്‍.എച്ച് 66 കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് ടൂറിസം വികസനത്തിന്റെ പേരിലുള്ള തീരദേശ ഹൈവെ അനിവാര്യമാണോ എന്ന ചോദ്യമുയരുന്നത്. തീരദേശ പാതയുടെ പേരില്‍ ഇനിയൊരു കുടിയൊഴിപ്പിക്കല്‍ കൂടി താങ്ങാനുള്ള ശേഷി കേരളത്തിനില്ല. കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികളെ ഈ രണ്ട് റോഡുകള്‍ക്കും ഇടയില്‍ എവിടെ പുനരധിവസിപ്പിക്കും?

വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. വികസനത്തെയല്ല, വികസനത്തിന്റെ പേരില്‍ പാവങ്ങളെ ചൂഷണം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ നടപടികളെയാണ് യു.ഡി.എഫ് എതിര്‍ക്കുന്നത്.

ആറു വരിയാക്കാനുള്ള പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന എന്‍.എച്ച് 66 ഭൂരിഭാഗം പ്രദേശങ്ങളിലും കടല്‍ത്തീരത്തോടു ചേര്‍ന്നാണ് കടന്നു പോകുന്നത്. 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെയാണ് കടലില്‍ നിന്നുളള ദൂരം. ഫലത്തില്‍ എന്‍.എച്ച് 66 എന്നത് തീരദേശ ഹൈവേ തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മറ്റൊരു തീരദേശ ഹൈവേയുടെ ആവശ്യകത മനസിലാകുന്നില്ല.

ശാസ്ത്രീയമായി പദ്ധതിരേഖ തയാറാക്കിയ ശേഷമാണ് ഏതൊരു വികസന പദ്ധതിയും ആരംഭിക്കേണ്ടത്. എന്നാല്‍ ഈ പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ ഡി.പി.ആര്‍ തയാറാക്കുകയോ ചെയ്തിട്ടില്ല.

ഡി.പി.ആര്‍ പോലുമില്ലാത്ത പദ്ധതിക്ക് എന്ത് പ്രായോഗികതയും ശാസ്ത്രീയതയുമാണുള്ളത്? ഫറൂക്കില്‍ നിന്നും മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളി ഗ്രാമങ്ങളായ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍, ചമ്രവട്ടം പാലം വഴി കുറ്റിപ്പുറത്തേക്ക് നിലവില്‍ റോഡുണ്ട്. താനൂരില്‍ ഈ റോഡും തീരവും തമ്മിലുള്ള അകലം 1.5 കിലോമീറ്റര്‍ മാത്രമാണ്. ഈ ദൂരത്തിനുള്ളില്‍ കനോലി കനാലുമുണ്ട്. ഇത് കൂടാതെ തീരത്ത് നിന്നും 200 മീറ്റര്‍ അകലെയായി മലപ്പുറം ജില്ലയുടെ എല്ലാ തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന ടിപ്പു സുല്‍ത്താന്‍ റോഡുമുണ്ട്. ടിപ്പു സുല്‍ത്താന്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റര്‍ അകലത്തില്‍ ഏറ്റവും ജനനിബിഡമായ തീരദേശത്തു കൂടിയാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും കടന്നുപോകുന്നത്

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 12 നഗരങ്ങള്‍ മൂന്നടി വരെ വെള്ളത്തിനടിയിലാകുമെന്നാണ് ഐ.പി.സി.സി റിപ്പോര്‍ട്ട് വിശകലനം ചെയ്തുകൊണ്ട് നാസ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതില്‍ കൊച്ചിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അതിലോല തീരപ്രദേശത്ത് കൂടിയുളള നിര്‍ദ്ദിഷ്ട ഹൈവേ പാരിസ്ഥിതികമായി ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയെ കുറിച്ച് വിശദ പഠനം ആവശ്യമാണ്.

ഭാരമേറിയ വാഹനങ്ങള്‍ സഞ്ചരിക്കണമെങ്കില്‍ ആഴത്തിലുള്ള സബ് സ്ട്രക്ച്ചര്‍ നിര്‍മ്മിക്കേണ്ടി വരും. ഇത് മഴവെള്ളം സ്വാഭാവികമായി കടലിലേക്ക് എത്തുന്നതിനെ തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ഇത് തീരദേശ ഹൈവേയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രളയ സാധ്യത വര്‍ധിപ്പിക്കും.

ടൂറിസം മാത്രം ലക്ഷ്യമിട്ട് മത്സ്യതൊഴിലാളികളുടെ ആവാസ വ്യവസ്ഥയും ഉപജീവനവും ഇല്ലാതാക്കുന്ന പദ്ധതി സൃഷ്ടിക്കുന്ന സാമൂഹിക ആഘാതവും വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. സാമൂഹിക ആഘാത പഠനം നടത്താതെ ഭൂമി ഏറ്റെടുക്കലിലേക്ക് നീങ്ങിയത് നിയമ വിരുദ്ധമാണെന്നതും ശ്രദ്ധയില്‍പ്പെടുത്തുന്നു.

Right to Fair Compansation Act 2013 പ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഭൂമിയുടെയും വീടിന്റെയും വില നിര്‍ണയം അതിന് ബാധകമല്ലെന്നും ഉത്തരവിലുണ്ട്. ഈ ഉത്തരവ് മത്സ്യതൊഴിലാളികളുടെ നഷ്ടപരിഹാരം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ അട്ടിമറിക്കുന്നതാണ്. കുടിയിറക്കപ്പെടുന്നവര്‍ക്ക് 600 ചതുരശ്ര അടിയുളള ഫ്ളാറ്റോ 13 ലക്ഷം രൂപയോ നല്‍കും എന്നാണ് ഉത്തരവില്‍ പറയുന്നത്. മികച്ച പാക്കേജ് ലഭ്യമാകുന്ന കേന്ദ്ര നിയമത്തിന്റെ വ്യവസ്ഥകള്‍ വളച്ചൊടിച്ച് മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നത് നിയമവിരുദ്ധവും ഉപജീവനമാര്‍ഗം നിഷേധിക്കുന്നത് തൊഴിലാളി വിരുദ്ധവുമാണ്.

തീരദേശ വാസികളെ ഒന്നാകെ കുടിയൊഴിപ്പിച്ച് സമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പരിശോധിക്കാതെ നിയമവിരുദ്ധമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് വിനയപൂര്‍വം അറിയിക്കട്ടെ. തീരദേശ ഹൈവെ പദ്ധതിക്ക് പകരമുള്ള യു.ഡി.എഫിന്റെ നിര്‍ദ്ദേശങ്ങളും ഇതിനൊപ്പം സമര്‍പ്പിക്കുന്നു;

  • 1. മത്സ്യതൊഴിലാളികള്‍ അധിവസിക്കുന്ന പ്രദേശങ്ങളുടെ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുക. നിലവിലെ തീരദേശ ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കണമെങ്കില്‍ കുടിയൊഴിപ്പിക്കല്‍ പരിമിതപ്പെടുത്തിയും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് 2013-ലെ നിയമപ്രകാരമുള്ള എല്ലാ നഷ്ടപരിഹാര അവകാശങ്ങളും ഉറപ്പാക്കിയും കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അതത് പ്രദേശങ്ങളില്‍ സുരക്ഷിതമായ പുനരധിവാസം ഉറപ്പു വരുത്തിയുമായിരിക്കണം.
  • 2. ഇപ്രകാരം വികസിപ്പിക്കുന്ന തീരദേശ റോഡുകളെ നിലവിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ കൂടി ദേശീയപാത നിലവാരത്തില്‍ വികസിപ്പിക്കുക. (മത്സ്യവിഭവങ്ങള്‍ ഏറ്റവും വേഗം കമ്പോളത്തില്‍ എത്തിക്കാന്‍ സഹായകരമാകുന്ന വിധം)
  • 3. മൂന്ന് പതിറ്റാണ്ടുകളായി കോടികള്‍ ചെലവഴിച്ചിട്ടും ദേശീയ ജലപാത വികസനം ഇന്നും സ്വപ്നമായി നിലനില്‍ക്കുകയാണ്. ഈ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ചരക്കു ഗതാഗതം ചുരുങ്ങിയ ചെലവില്‍ സാധ്യമാകും. ടൂറിസം മേഖലയ്ക്കും വലിയ കുതിച്ചു ചാട്ടമുണ്ടാകും. എന്നാല്‍ പദ്ധതി ആവശ്യപ്പെടുന്ന പ്രകാരമുള്ള ടെര്‍മിനലുകളുടെ നിര്‍മ്മാണങ്ങളോ, ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനമോ എങ്ങുമെത്തിയിട്ടില്ല. അടിയന്തിരമായി ഇതൊക്കെ പൂര്‍ത്തികരിച്ചാല്‍ മത്സ്യതൊഴിലാളികളെ കുടിയൊഴിപ്പിക്കുന്ന തീരദേശ ഹൈവേ ഉപേക്ഷിക്കാവുന്നതാണ്.
  • 4. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സൈക്കിള്‍ ട്രാക്കുകള്‍ മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കാതെ തന്നെ കടല്‍ ഭിത്തിയോട് ചേര്‍ന്ന് നിര്‍മ്മിക്കാവുന്നതാണ്. മത്സ്യതൊഴിലാളികള്‍ നേരിടുന്ന കടലാക്രമണം തടയുന്നതിന് വേണ്ടിയുള്ള ശാസ്ത്രീയമായ തീര സംരക്ഷണ പദ്ധതികളില്‍ സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ ചെലുത്തേണ്ടത്. ഇതിനായി സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയുള്ള സ്പെഷല്‍ പാക്കേജ് നടപ്പാക്കുന്നതിന് പകരം തീരദേശ ഹൈവേയുമായാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതിവിദൂരമല്ലാതെ കേരളത്തിലെ മത്സ്യ തൊഴിലാളി സമൂഹം തന്നെ ഓര്‍മ്മയായി മാറും. അതുകൊണ്ട് തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അഭ്യര്‍ഥിക്കുന്നു.
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us