തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ പേരിൽ നിയമന തട്ടിപ്പെന്ന റിപ്പോർട്ടർ വാർത്ത ശരിവെച്ച് പൊലീസിന്റെ കുറ്റപത്രം. കേസിൽ രാഷ്ട്രീയ ഗൂഢാലാേചനയില്ലെന്നും സാമ്പത്തിക ലാഭം മാത്രമാണ് പ്രതികൾ ലക്ഷ്യമിട്ടതെന്നും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. എഐഎസ്എഫ് മുൻ നേതാവ് കെ പി ബാസിത് ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. മകന്‍റെ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി റിപ്പോർട്ടറാണ് പുറത്ത് കൊണ്ടുവന്നത്
മകന്റെ ഭാര്യക്ക് ആരോഗ്യ വകുപ്പിൽ ജോലി വാഗ്‌ദാനം ചെയ്താണ് മലപ്പുറം സ്വദേശി ഹരിദാസനിൽ നിന്ന് പണം വാങ്ങി പ്രതികൾ തട്ടിപ്പ് നടത്തിയത്. ഹരിദാസന്റെ പരാതി റിപ്പോർട്ടർ ടിവി പുറത്ത് കൊണ്ടുവന്നതിന് പിന്നാലെ സംഭവത്തിൽ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി മന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. വാർത്ത നൽകിയവരെയടക്കം പ്രതികൂട്ടിലാക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. എന്നാൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന മന്ത്രിയുടെ ആരോപണം തളളിയാണ് കന്റോൺമെന്റ് പൊലീസ് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തട്ടിപ്പ് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടായിരുന്നുവെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും കുറ്റപത്രത്തിലുണ്ട്.
മന്ത്രി വീണാജോര്‍ജിനും പി എ അഖില്‍ മാത്യുവിനും പങ്കില്ല. മുൻ എ ഐ എസ് എഫ് മലപ്പുറം ജില്ല പ്രസിഡന്റ് കെ പി ബാസിതും പത്തനംതിട്ടയിലെ സി ഐ ടി യു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും സിപിഎം പ്രവർത്തകനായ ലെനിൻ രാജ്, സുഹൃത്ത് റയീസ് എന്നിവരുമാണ് കേസിലെ പ്രതികൾ. ആരോഗ്യമന്ത്രിയുടെ പിഎയ്ക്ക് കൊടുക്കാനെന്ന പേരില്‍ ബാസിത് ഒരു ലക്ഷവും ലെനിന്‍ 50000 രൂപയും അഖില്‍ സജീവ് 25000 രൂപയും തട്ടിയെടുത്തുവെന്നും കുറ്റപത്രത്തിലുണ്ട്.
നിയമന തട്ടിപ്പ് നാൾവഴികൾ
- 2023 ആഗസ്റ്റ് 17 ന് നിയമന തട്ടിപ്പ് പരാതി ആരോഗ്യ വകുപ്പ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിനെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ സജീവനേയും ഹരിദാസന്റെ സുഹൃത്തും മുൻ എഐഎസ്എഫ് നേതാവും കേസിലെ നാലാം പ്രതിയുമായ ബാസിത്ത് സെക്രട്ടറിയേറ്റിൽ നേരിട്ട് എത്തി അറിയിക്കുന്നു.
- മുഖ്യമന്ത്രിയും ഈ കാര്യം സ്ഥിരീകരിച്ചിരുന്നു, പക്ഷെ തട്ടിപ്പിന്റെ നിജസ്ഥിതി അന്വേഷിക്കാനോ പരാതിക്കാരനെ ബന്ധപ്പെടാനോ അഖിൽ മാത്യൂവോ ആരോഗ്യ വകുപ്പോ തയ്യാറായില്ല
- 2023 സെപ്റ്റംബർ 4 ന് മെയിൽ വഴിയും പരാതി ആരോഗ്യ വകുപ്പിന് നൽകുന്നു. അപ്പോഴും പരാതിക്കാരനെ ബന്ധപ്പെടുകയോ പൊലീസിനെ അറിയിക്കാനോ ആരോഗ്യ വകുപ്പ് തയ്യാറായില്ല
- 2023 സെപ്റ്റംബർ 13 ന് പോസ്റ്റൽ വഴി റിട്ടൻ പരാതിയും ആരോഗ്യ വകുപ്പിന് ലഭിച്ചു, മന്ത്രിയും ഈ കാര്യം സ്ഥിരീകരിച്ചതാണ്. പക്ഷെ ആരോഗ്യ വകുപ്പ് അപ്പോഴും അനങ്ങിയില്ല, പരാതിക്കാരനോട് പോലും വിവരങ്ങൾ ആരായാൻ പോലും തയ്യാറായില്ല.
- ആരോഗ്യ വകുപ്പിന് ലഭിച്ചെന്ന് ഉറപ്പുള്ള പരാതിയെ അടിസ്‌ഥാനമാക്കി
- 2023 സെപ്റ്റംബർ 27 ന് രാവിലെ പത്ത് മണിക്ക് ആണ് റിപ്പോർട്ടർ വാർത്ത പുറത്ത് വിടുന്നത്,
- 2023 സെപ്റ്റംബർ 27 ന് തന്നെ വാർത്തക്ക് പിന്നാലെ മധ്യമങ്ങളെ കണ്ടആരോഗ്യ മന്ത്രി പറഞ്ഞത് 23 ന് തന്നെ പൊലീസിന് തന്റെ പ്രൈവറ്റ് സെക്രട്ടറി പരാതി കൈമാറി എന്നാണ് ,
- എന്നാൽ അങ്ങനെ ഒരു പരാതി പൊലീസിന് ആരോഗ്യ വകുപ്പ് സെക്രട്ടറി കൈമാറിയില്ല, ഹരിദാസന്റെ പരാതിയും കൈമാറിയില്ല, അഖിൽ മാത്യു നൽകിയ പുതിയ പരാതിയെ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് എഫ്ഐആർ. സിറ്റി പൊലീസ് കമ്മീഷ്ണറും ഇത് സ്ഥിരീകരിച്ചതാണ്,
- മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ കെ സജീവനെ വാർത്ത കൊടുക്കും മുൻപ് റിപ്പോർട്ടർ ബന്ധപ്പെടുകയും തട്ടിപ്പ് നടന്ന പരാതി ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. അതിന് ശേഷമാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. പക്ഷെ വാർത്ത കൊടുക്കും മുൻപ് ചോദിച്ചില്ലന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം
- 2023 ഒക്ടോബർ 12കേസിലെ ഒന്നാം പ്രതി അഖിൽ സജീവിനെ പൊലീസ് തമിഴ്‌നാട് തേനിയിൽ വെച്ച് അറസ്റ്റ് ചെയ്തു. പത്തോളം കേസിലെ പ്രതിയായിരുന്നു അപ്പോൾ അഖിൽ സജീവ്.
- പിന്നീട് തുടരെ അറസ്റ്റുകൾ ഉണ്ടായി
- മൂന്നാം പ്രതി റയീസ്, നാലാം പ്രതി കെ പി ബാസിത് എന്നിവർ അറസ്റ്റിലായി
- രണ്ടാം പ്രതി ലെനിൻ രാജ് ഏറെക്കാലം ഒളിവിലായിരുന്നു.
- 2024 മാർച്ച് ഒന്നിന് ലെനിൻ രാജ് അറസ്റ്റിൽ