തൃശൂർ: വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ വനിത ഉദ്യോഗസ്ഥ 20 കോടി തട്ടിയത് അഞ്ചു വർഷം കൊണ്ട്. ഡിജിറ്റൽ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശൂർ റൂറൽ എസ് പി നവനീത് ശർമ പറഞ്ഞു. കൊല്ലം സ്വദേശിനി ധന്യാ മോഹനെ പിടികൂടാൻ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. ഇവർ വിദേശത്തേയ്ക്ക് കടക്കാതിരിക്കാൻ പൊലീസ് ജാഗ്രതയിലാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപികരിച്ചെന്ന് എസ് പി വ്യക്തമാക്കി. ധന്യാ മോഹന്റെ വലപ്പാട്ടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്.
ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു. യുവതി ഒളിവിൽ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വർഷത്തോളമായി തിരു പഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഈ വീട്ടിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.