കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കരാറിലെ വിജിലന്‍സ് അന്വേഷണത്തെ സർക്കാർ ഹൈക്കോടതിയിൽ എതിര്‍ത്തു. യുഡിഎഫ് സർക്കാരുകൾക്കെതിരെ നിലപാട് സ്വീകരിച്ചാണ് സർക്കാർ കോടതിയിൽ വാദമുഖങ്ങളുയർത്തിയത്. കരിമണല്‍ കരാര്‍ നല്‍കാന്‍ സുപ്രധാന തീരുമാനങ്ങളെടുത്തത് യുഡിഎഫ് സര്‍ക്കാരുകള്‍ എന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻ.
സര്‍ക്കാര്‍ കമ്പനികള്‍ സിഎംആര്‍എല്ലുമായി കരാര്‍ ഉണ്ടാക്കിയത് യുഡിഎഫ് കാലത്തെന്നും ഡിജിപി കോടതിയെ അറിയിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് ഖനനാനുമതി നല്‍കിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. സ്വകാര്യ മേഖലയില്‍ ഖനനം അനുവദിക്കില്ലെന്ന് ഇടതു സര്‍ക്കാര്‍ പരസ്യ നിലപാടെടുത്തു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞു. സ്വകാര്യ കമ്പനിയുടെ ഖനനാനുമതി ആവശ്യം ഇടത് സര്‍ക്കാര്‍ തള്ളിയെന്നുമുള്ള വാദങ്ങളാണ് വിജിലൻസ് അന്വേഷണത്തെ എതിർക്കുന്നതിനായി കോടതിയിൽ അവതരിപ്പിച്ചത്.
സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയിട്ടില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് മാത്യൂ കുഴല്‍നാടന്‍ വാദിച്ചു. സിഎംആര്‍എല്‍ അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചില്ല. മാത്യൂ കുഴല്‍നാടനും ജി ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.