സുധാകരൻ-സതീശൻ പോര്; കക്ഷിചേർന്ന് കൂടുതൽ നേതാക്കൾ

പാർട്ടിക്കുള്ളിലിരുന്ന് ചെവി കടിക്കുന്നവരുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

dot image

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം മുറുകവേ പ്രതികരണങ്ങളുമായി നേതാക്കൾ. എവിടെയും കക്ഷി ചേരാനില്ലെന്ന നിലയിലുള്ള പ്രതികരണമാണ് കോഴിക്കോട് എംപി എം കെ രാഘവൻ നടത്തിയ. പ്രതിപക്ഷ നേതാവിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന നിലയിലാണ് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം. വിഷയത്തിൽ ആർക്കൊപ്പമെന്ന് പിടികൊടുക്കാതെയായിരുന്നു കെ മുരളീധൻ്റെ പ്രതികരണം.

കെപിസിസിയിലെ ഉൾപ്പാര്‍ട്ടി തര്‍ക്കം ഏട്ടൻ അനിയന്മാർ തമ്മിൽ ഉള്ള സ്വാഭാവിക തര്‍ക്കമെന്നും ഏത് വീട്ടിലാണ് പ്രശ്നം ഇല്ലാത്തതെന്നുമായിരുന്നു എം കെ രാഘവൻ എംപിയുടെ. ഈ തർക്കങ്ങൾ പാർട്ടിയെ ബാധിക്കില്ല. വിഷയം കെട്ടടങ്ങും. പാർട്ടിക്കുള്ളിൽ തന്നെ തീരും. ഹൈക്കമാൻഡ് ഇടപെടേണ്ട സാഹചര്യമില്ല. പാർട്ടിയിൽ പുകയും തീയുമില്ല. നിങ്ങളായിട്ട് ഇനി കത്തിക്കാതിരുന്നാൽ മതിയെന്നും എം കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണിയിലോ പാർട്ടിയിലോ പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ഇരുട്ടിന്റെ സന്തതികളാണ് വാർത്തകൾ ചോർത്തി നൽകുന്നത്. മിഷൻ 25-മായി മുന്നോട്ട് പോകും. തെറ്റുകൾ കമ്മിറ്റികളിൽ ചൂണ്ടികാണിക്കും. അത് തിരുത്തി മുന്നോട്ട് പോകണം. വിമർശനങ്ങൾ സ്വാഗതാർഹമാണ്. അസൗകര്യം കൊണ്ടായിരിക്കും ഉദ്‌ഘാടകനായ പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

മിഷൻ 25ൻ്റെ ചുമതല പ്രതിപക്ഷ നേതാവിനാണെന്നും അദ്ദേഹത്തിന് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ഇപ്പോഴത്തെ വിവാദം തെറ്റിധാരണ മൂലമാണ്. പ്രതിപക്ഷ നേതാവ് വഴി വിട്ടൊന്നും ചെയ്തിട്ടില്ല. കെപിസിസി പ്രസിഡൻ്റ് പാർട്ടിയുടെ അവസാനത്തെ വാക്കാണ്. പാർട്ടിക്കുള്ളിലിരുന്ന് ചെവി കടിക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ കണ്ടെത്തിയാൽ പാർട്ടിക്ക് പുറത്താക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തില്‍ വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വി ഡി സതീശന്‍ സൂപ്പർ പ്രസിഡന്‍റ് ചമയുകയാണെന്നും സമാന്തര സംഘടനാ പ്രവർത്തനം നടത്തുന്നുമെന്നുമുള്ള ആരോപണങ്ങളാണ് ഉയർന്നത്. വി ഡി സതീശനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സ്ഥിരീകരിക്കുന്ന നിലയിലാണ് പിന്നീട് കെ സുധാകരനും പ്രതികരിച്ചത്. അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാൻ അറിയാമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പേര് പരാമർശിക്കാതെയാണ് സുധാകരന്‍ രംഗത്തെത്തിയതെങ്കിലും ഇത് വി ഡി സതീശനെതിരായ ഒളിയമ്പായിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ തര്‍ക്കം കൂടുതല്‍ പരസ്യമായി.

താന്‍ വിമര്‍ശനത്തിന് വിധേയനാണെന്നും തിരുത്തുമെന്നുമാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. കെപിസിസി യോഗത്തിലേക്ക് വിളിക്കാത്തതില്‍ വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. യോഗത്തിലെ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമെന്നാണ് ആക്ഷേപം. ഇതിനിടെ തിരുവനന്തപുരം ഡിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ നിന്നും വിഡി സതീശന്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ഇന്ന് ചേരുന്ന കോട്ടയം ജില്ലയുടെ മിഷന്‍ പരിപാടിയിലും വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മിഷന്‍ 2025 ല്‍ നിന്നും വി ഡി സതീശന്‍ പൂർണ്ണമായും വിട്ടുനിന്നേക്കും. നേരത്തെ വയനാട് ക്യാമ്പ് എക്സിക്യൂട്ടീവിൽ കെ സുധാകരനെതിരെ വി ഡി സതീശന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി ഭാരവാഹി യോഗത്തില്‍ വി ഡി സതീശനെതിരെ വിമര്‍ശനം. ഇരുവരും തമ്മിലുള്ള ഭിന്നത മൂര്‍ച്ചിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടേക്കുമെന്നാണ് സൂചന. സതീശന്‍ സംഘടനാ കാര്യങ്ങളില്‍ ഇടപെടുന്നുവന്ന പരാതി ചര്‍ച്ച ചെയ്യാന്‍ കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചതില്‍ വി ഡി സതീശന്‍ ക്യാമ്പിലും അതൃപ്തിയുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us