ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഇന്ന് ഒരു വർഷം. 109 ദിവസം കൊണ്ട് പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വാങ്ങി കൊടുക്കാൻ പൊലീസിന് കഴിഞ്ഞു. എന്നാൽ അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് വീട് നൽകാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ ആലുവ മാർക്കറ്റിനോട് ചേർന്നുള്ള സ്ഥലം ഇപ്പോഴും കാട് മൂടി കിടക്കുകയുമാണ്.
കഴിഞ്ഞ വർഷം ജൂലൈ 28 നാണ് വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരിയെ അസ്ഫാഖ് ആലം എന്ന അതിഥി തൊഴിലാളി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സമാനതകളില്ലാത്ത ക്രൂര കൊലപാതകത്തിൽ കേരള പൊലീസ് ദിവസങ്ങൾക്കകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. 35-ാം ദിവസം കുറ്റപത്രവും 109 -ാം ദിവസം ശിശുദിനത്തിൽ അസ്ഫാഖ് ആലത്തിന് വധശിക്ഷയും വിധിച്ചു.
എന്നാൽ മകളുടെ ഓർമ്മകളുമായി ആ അതിഥി തൊഴിലാളി കുടുംബം ഇപ്പോഴും ആലുവയിലെ ഒരു വാടക വീട്ടിൽ കഴിയുകയാണ്. മകൾ ഉറങ്ങുന്ന മണ്ണിൽ നിന്ന് സ്വദേശമായ ബീഹാറിലേക്ക് പോകാൻ മനസ് വരുന്നില്ലെന്ന് കുടുംബം പറയുന്നു. ഇവരുടെ മറ്റ് കുട്ടികൾ പഠിക്കുന്നതും കേരളത്തിലെ സ്കൂളുകളിൽ തന്നെയാണ്. കുടുംബത്തിന് സ്വന്തമായൊരു വീട് എന്ന സ്വപനം ഒരു വർഷത്തിനിപ്പുറവും യാഥാർഥ്യമായിട്ടില്ല. ആലുവ മാർക്കറ്റിനോട് ചേർന്നുള്ള കാട് പിടിച്ച ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് പട്ടാപ്പകൽ അസ്ഫാഖ് ആലം കുഞ്ഞിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇത്തരം ഡാർക്ക് സ്പോട്ടുകൾ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും കാട് പിടിച്ചു കിടക്കുകയാണ്,