തിരുവനന്തപുരം: എസ്എന്‍ഡിപിയെ തകര്‍ക്കാൻ ഇടതുപക്ഷം ശ്രമിച്ചാല്‍ അതിന് കനത്ത വില കൊടുക്കേണ്ടിവരുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ വര്‍ഗീയ വാദിയാക്കുകയാണ്. താൻ മുസ്‍ലിം വിരോധിയല്ല. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ വോട്ടുകൊണ്ടാണ്. താൻ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ല. പാർട്ടിയെ മഞ്ഞ പുതപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കവിയോ പച്ചയോ ചുവപ്പോ പുതപ്പിക്കാനല്ല ശ്രമിക്കുന്നത്'. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പിണറായി വിജയൻ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യത. ത്രികോണ മത്സരത്തില്‍ രാഷ്ട്രീയമായ ഒരുപാട് ഗുണം ഇടതുമുന്നണിക്ക് കിട്ടുന്നുണ്ടെന്നും നടേശൻ കൂട്ടിച്ചേർത്തു. ശാഖാ അംഗങ്ങളുടെ യോഗം വിളിക്കുന്ന മണ്ടത്തരം സിപിഐഎം ചെയ്യില്ലെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.സമുദായാംഗങ്ങളുടെ യോഗം വിളിച്ചാൽ സഹകരിക്കുമെന്നും വെളളാപ്പളളി കൊച്ചിയിൽ പ്രതികരിച്ചു.