വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതാര്? കെപിസിസിയോട് റിപ്പോർട്ട് തേടി ഹൈക്കമാന്റ്, അന്വേഷണം പ്രഖ്യാപിച്ചു

യോഗത്തിൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ആരാണെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് ഹൈക്കമാൻ്റ് നിർദ്ദേശിച്ചിരിക്കുന്നത്.

dot image

ഡൽഹി: കെപിസിസി യോഗത്തിലെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കമാൻഡ്. അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. യോഗത്തിൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ആരാണെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് ഹൈക്കമാൻ്റ് നിർദ്ദേശിച്ചിരിക്കുന്നത്.

വയനാട് നേതൃക്യാമ്പിലെയും ഭാരവാഹി യോഗത്തിലെയും ചർച്ചകളുടെ വിവരങ്ങൾ ചോർന്നതിലാണ് ഹൈക്കമാൻഡ് അന്വേഷണം പ്രഖ്യാപിച്ചത്. പാർട്ടി യോഗത്തിലെ വിവരങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് ചിലർ മാധ്യമങ്ങൾക്ക് നൽകുന്നതായാണ് ഹൈക്കമാൻഡ് ആരോപണം. യോഗങ്ങളിലെ വിമർശനങ്ങളും ചർച്ചകളും മാധ്യമങ്ങൾ പുറത്തുവിട്ടതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈക്കമാൻ്റിനെ അതൃപ്തി അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പരാതി കൂടി പരിഗണിച്ചാണ് അന്വേഷണത്തിന് ഹൈക്കമാൻഡ് തീരുമാനിച്ചത്. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് ഹൈക്കമാന്റിന്റെ നിർണായക ഇടപെടൽ.

എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയത് ഗുരുതര അച്ചടക്ക ലംഘനമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതുവഴി പാർട്ടിയിലെ ഭിന്നത പരിഹരിക്കാൻ കഴിയുമെന്നാണ് ഹൈക്കമാൻ്റിൻ്റെ പ്രതീക്ഷ.

സംസ്ഥാനത്തെ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നതാണെന്നും ചെറിയ കാര്യങ്ങൾ പർവതീകരിക്കുന്നവർക്ക് എതിരെ മുഖംനോക്കാതെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാട് കാര്യങ്ങൾ ഒരേസമയം ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും. അത് പർവതീകരിക്കണ്ട അവശ്യമില്ല. ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us