പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും എഐസിസി ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടില് എത്തില്ല. കാലാവസ്ഥ പ്രതികൂലമായതിനാല് പ്രദേശത്തേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതര് അറിയിച്ചതോടെയാണ് സന്ദര്ശനം റദ്ദാക്കിയത്. രാഹുല് ഗാന്ധി ഫേസ്ബുക്ക് പേജിലൂടെയാണ് സന്ദര്ശനം റദ്ദാക്കിയ വിവരം അറിയിച്ചത്.
അട്ടമലയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി നാളെ രാവിലെ തന്നെ രക്ഷാദൗത്യം തുടരും. പ്രദേശത്ത് നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു.
വയനാട്ടിൽ രാത്രി മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
നിലമ്പൂർ പോത്തുകല്ലിലെ തിരച്ചിൽ നാളെ രാവിലെ ആരംഭിക്കും. ചാലിയാർ തീരത്ത് 7 മണിയോടെ തിരച്ചിൽ ആരംഭിക്കും. പുഴയുടെ മുകൾ ഭാഗങ്ങളിലും മൃതദേഹങ്ങൾ ഒഴുകി വന്നതായി പ്രദേശവാസികൾ പറഞ്ഞു.
മുണ്ടക്കൈയിലെ ഉരുൾപൊട്ടലിൽ പെട്ട് ചാലിയാറിലൂടെ പോത്തുങ്കലിൽ ഒഴുകിയെത്തിയ മൃതദേഹം മേപ്പാടിയിൽ എത്തിക്കണമെന്ന് ബന്ധുക്കൾ. നിലവിൽ നിലമ്പൂർ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. 35 മൃതദേഹങ്ങളാണ് പോത്തുകല്ലിൽ നിന്ന് കിട്ടിയത്. ഇവർ മുണ്ടകൈ ഭാഗത്ത് നിന്ന് ഒലിച്ചു പോയവരെന്നാണ് സംശയം. . അപകടത്തിൽ കാണാതായവരെ തിരഞ്ഞ് ബന്ധുക്കൾ മേപ്പാടി ആശുപത്രിയിലാണുള്ളത്. നിലമ്പൂരിൽ പോയി തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്നാണ് ബന്ധുക്കൾ പറയുന്നത് നിലവിൽ അപകട സ്ഥലത്ത് നിന്നും കിട്ടുന്ന മൃതദേഹം എത്തിക്കുന്നത് മേപ്പാടിയിലാണ്.
മുണ്ടക്കൈയിൽ കുടുങ്ങിയവരെയും മൃതദേഹം പുഴ കടത്തുന്ന പ്രവർത്തനം അവസാനിപ്പിച്ചു.മുണ്ടക്കൈ ഭാഗത്തെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം അവസാനിച്ചു.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലെ ദുരന്ത മേഖലയിൽ എത്തിയത് ആദ്യം എത്തിയത് കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്. ഓപ്പറേഷൻ എസ് പി തപോഷ് ബസുമതരിയുടെ നേതൃത്വത്തിലായിരുന്നു എസ് ഒ ജി കമാൻഡോ സംഘത്തിൻ്റെ രക്ഷാ പ്രവർത്തനം. ഒറ്റപ്പെട്ട സ്ഥലത്തേക്ക് താൽക്കാലിക പാലം നിർമ്മിക്കാൻ മുൻകൈയെടുത്തതും എസ് ഒ ജി ആയിരുന്നു. പിന്നീട് ആർമി സംഘം എത്തിയപ്പോൾ ആവശ്യമായ സഹായം ചെയ്തതതും എസ് ഒ ജി കമാൻഡോകളായിരുന്നു. മാവോയിസ്റ്റുകൾ തുരത്താൻ ചുമതലയുള്ള സംഘമാണ് എസ് ഒ ജി.
ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ ഭാഗത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി. കുടുങ്ങിക്കിടന്ന നൂറിലേറെ ആളുകളെയാണ് രക്ഷാപ്രവർത്തകർ രക്ഷിച്ചത്. മുണ്ടക്കൈ ഭാഗത്ത് ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. റിസോർട്ടിൽ സുരക്ഷിതമായി നിലയുറപ്പിച്ചവർ മാത്രമാണ് ഇപ്പോൾ മുണ്ടക്കൈയിൽ ഉള്ളത്.
ദുരിതത്തിലായ കുട്ടികൾക്ക് മാനസിക പിന്തുണയ്ക്കായി ഹെൽപ് ലൈനിൽ വിളിക്കാം. വനിതാ-ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത മേഖയിലെ കുട്ടികൾക്ക് അടിയന്തര സംരക്ഷണവും മാനസിക പിന്തുണയും നൽകും. ആവശ്യമാണെങ്കിൽ 1098 ചൈൽഡ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ മരണം 125 ആയി. ദുരന്തത്തിൽ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇതുവരെ മരണം 120 ആയി. ദുരന്തത്തിൽ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുകയാണ്. 100 ഓളം അളുകളെക്കുറിച്ച് വിവരമില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സൈനികർ എത്തുന്നു.
വയനാട് മുണ്ടക്കൈ ദുരന്ത ബാധിതർക്ക് ഗോവ സഹായം പ്രഖ്യാപിച്ചു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള വയനാട്ടിലേക്ക് തിരിച്ചു.
ഗോവ രാജ്ഭവൻ്റെ വാർത്താക്കുറിപ്പ്
രാജ്യം കണ്ട മഹാദുരന്തങ്ങളിലൊന്നായ ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുകയാണ്. ജീവൻ ഉൾപ്പെടെ സർവ്വസ്വവും നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെ ദുഃഖത്തിൽ ഗോവയും പങ്കുചേരുകയാണ്. ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും സർവ്വാത്മനാ പങ്കാളികളാകാനുള്ള സന്നദ്ധത ഗോവ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്. സംഭവം അറിഞ്ഞതിനെ തുടർന്ന് ഗവർണർ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ദൽഹിയിൽ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രിമാരുമായി നിശ്ചയിച്ച കൂടിക്കാഴ്ച റദ്ദാക്കിതായി രാജ്ഭവൻ അറിയിച്ചു.
ടി എച്ച് വൽസരാജ് പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി രാജ്ഭവൻ, പനാജി ഗോവ 30/4/ 2024
വയനാടിലെ ദുരിത ബാധിതര്ക്ക് ദുരിതാശ്വാസ സഹായം നല്കുവാന് ആഗ്രഹിക്കുന്നവര് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക.
ദുരിത ബാധിതര്ക്ക് എല്ലാ സഹായവും സര്ക്കാര് നല്കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും.
ഔദ്യോഗിക ദുരിതാശ്വാസ പ്രവര്ത്തകര് അല്ലാത്തവര് ആരും വയനാട്ടിലേക്ക് പോകരുത്. മറ്റുള്ളവര് പോയാല് പ്രാദേശിക സാഹചര്യം കാരണം വഴിയില് തടയുവാന് സാധ്യത ഉണ്ട്.
എന്തെങ്കിലും സാഹചര്യത്തില് ദുരിതാശ്വാസ സഹായമായി വസ്തുക്കള് വാങ്ങിയവര് അതാത് ജില്ലയിലെ കളക്ടറേറ്റില് 1077 എന്ന നംബറില് ബന്ധപ്പെട്ടു അറിയിക്കുക. ജില്ലാ കളക്ടറേറ്റില് ഇവ ശേഖരിക്കുവാന് സംവിധാനം ഒരുക്കും.
പഴയ വസ്തുകള് എത്തിക്കരുത്. അവ സ്വീകരിക്കില്ല.
പുതുതായി ആരും ഒന്നും ഇപ്പോൾ വാങ്ങേണ്ടതില്ല. ആവശ്യം ഉണ്ടെങ്കില് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും.
വയനാട് മുണ്ടക്കൈ ദുരന്തം നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു റിപ്പോർട്ടറോട് പറഞ്ഞു.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവർക്കായി 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3000ത്തിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. 100 ഓളം പേരെ കണ്ടെത്താനുണ്ടെന്നും മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു.
മുണ്ടക്കൈയിലെ രക്ഷാദൗത്യം രാത്രിയിലും തുടരുന്നു. അടഞ്ഞു കിടക്കുന്ന വീടുകളിൽ സൈന്യം പരിശോധന നടത്തുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. കൂടുതൽ സൈനികർ ദുരന്തഭൂമിയിലേക്ക്.
മുണ്ടക്കൈ ദുരന്തത്തിൽ ട്രീവാലി റിസോർട്ടിൽ കുടുങ്ങിക്കിടന്ന 70 ശതമാനത്തിലധികം ആളുകളെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
വയനാട്ടിലെ ദുരിത ബാധിതർക്കുള്ള ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ കളക്ഷൻ സെന്ററുകളിൽ തന്നെ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, രക്ഷാപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചുരം റോഡിലൂടെ ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക് തിരിച്ചു. 6 30ന് ഉള്ള പ്രത്യേക വിമാനത്തിലാണ് ഗവർണർ കോഴിക്കോട്ടേക്ക് തിരിച്ചത്. അവിടെനിന്നും റോഡ് മാർഗ്ഗം വയനാട്ടിലെത്തും.
വയനാട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരേ
വയനാട് ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്. ഏവരും ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിനു കീഴിൽ അണിനിരന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് ദുരന്തമേഖലയിലേക്ക് (മുണ്ടക്കൈ, ചൂരൽമല) അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത് ഒഴിവാക്കണം. ഇത് ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശ്ശന മേഖലയോ അല്ല. അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വാഹനവും ഓരോ വ്യക്തിയും രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തും. ഏവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറുക. അനാവശ്യമായി ദുരന്തമേഖലയിലേക്ക് വരാതിരിക്കുക. നമ്മൾ ഒരുമിച്ച് ഈ ദുരന്തത്തെ അതിജീവിക്കും.
Collector Wayanadവയനാട് മുണ്ടക്കൈ ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് ദില്ലിയിൽ നിന്ന് കൂടുതൽ സേന എത്തും. കൂടുതൽ സാങ്കേതിക ഉപകരണങ്ങളും എത്തിക്കും.
വയനാട് മുണ്ടക്കൈ ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് നാളെ എത്തും.
അബ്ദുൾ സമദ്
ഉബൈദ്
മുനീർ
നൗഷിദ
സുകൃതി
അനീഷ്
ഫാത്തിമ നൂറിൻ
സുലൈമാൻ
അപ്പു
മെഹ്ന മെഹ്വിൻ
പ്രജിത
ശാരദ
അയാൻ
അബൂബക്കർ
താഹിറ
നൗബിഷ
പാർവതി
മനോജ്
സന്തോഷ്
ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണ്മാനില്ല. ഷഫീന എന്ന ഷബ്നയെയും. ഭർത്താവ് ഉനൈസ്, ഭർത്താവിൻ്റെ ഉമ്മ, പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ നജ ഫാത്തിമ, ആറാം ക്ലാസ് വിദ്യാർത്ഥി നായകൻ അമീൻ എന്നിവരെ വെള്ളാർ മലയിൽ നിന്ന് കാണാതായി. പുഴയോട് ചേർന്നുള്ള ഇവരുടെ വീട്ടിൽ തെരയാൻ കഴിഞ്ഞിട്ടില്ല. ഇവർ ആശുപത്രിയിൽ എത്തിയിട്ടില്ല.
മുണ്ടക്കൈ ദുരന്തത്തിന് ഇരയായ 30 പേരുടെ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. എല്ലാ മൃതദേഹങ്ങളും ചാലിയാറിലൂടെ ഒഴുകി വന്നതാണ്. ഇതിൽ18 പുരുഷൻമാർ 10 സ്ത്രീകളും 2 കുട്ടികളുമുണ്ട്.
മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 119 ആയി. 51 പേരുടെ പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തീകരിച്ചു. താത്ക്കാലിക ആശുപത്രി പ്രവര്ത്തനമാരംഭിച്ചു. പോസ്റ്റ്മോര്ട്ടം വേഗത്തിലാക്കാന് കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചു. കോഴിക്കോട് നിന്നുള്ള ഫോറന്സിക് ഡോക്ടര്മാരുടെ പ്രത്യേക സംഘവും വയനാട്ടിലെത്തും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള് കണ്ടെത്താൻ ഡിഎൻഎ പരിശോധനക്ക് ക്രമീകരണം ഏർപ്പെടുത്തി. അധിക മോര്ച്ചറി സൗകര്യങ്ങളും മൊബൈല് മോര്ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ചാലിയാറിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായി മലപ്പുറം എസ് പി എസ് ശശിധരൻ അറിയിച്ചു. നാളെ രാവിലെ 7 ന് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. 10 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്ട്ടം പൂർത്തിയായി. ചാലിയാറിൻ്റെ തീരങ്ങൾ നിരീക്ഷിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാറിൽ നിന്ന് ഇനിയും മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും ലഭിച്ചേക്കാമെന്നും എസ്പി റിപ്പോർട്ടറിനോട്
മുണ്ടക്കൈയിൽ സൈന്യം താത്കാലിക പാലം സ്ഥാപിച്ചു. പാലത്തിലൂടെ ആളുകളെ രക്ഷപ്പെടുത്തുന്നു. നൂറിലധികം പേരെ മുണ്ടക്കൈ മലയില് നിന്ന് താഴെയെത്തിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റര് താഴെയിറക്കി. പരിക്കേറ്റവരെ വ്യോമസേനയുടെ ഹെലികോപ്റ്ററിലൂടെ രക്ഷപ്പെടുത്തുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. മുണ്ടക്കൈ പള്ളിക്ക് സമീപം 16 മൃതദേഹം കണ്ടെത്തിയെന്ന് പ്രദേശവാസി പറഞ്ഞു.
റിസോട്ടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു. വിവിധ റിസോർട്ടിൽ അകപ്പെട്ട 50 പേരെ രക്ഷപ്പെടുത്തി. 250 ലധികം ആളുകൾ കുടുങ്ങികിടക്കുന്നു.
തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് പോകും. മറാത്ത, മദ്രാസ് റെജിമന്റിലെ 130 സൈനികരാണ് പോവുക. ക്യാപ്റ്റന്മാരായ സൗരഭ്, തുഷാർ എന്നിവർ സംഘത്തിന് നേതൃത്വം നൽകും. ഒരു സംഘം റോഡ് മാർഗ്ഗവും മറ്റൊരു സംഘം വിമാനത്തിലും പോകും. ക്രെയിൻ, ആംബുലൻസ്, ട്രക്കുകൾ, കുടിവെള്ള ടാങ്കർ തുടങ്ങിയവ വിമാനത്തിൽ കൊണ്ടുപോകും.
ചാലിയാറിനും ചൂരൽമലയ്ക്കും മുകളിലൂടെ ഹെലികോപ്റ്ററിലൂടെ താഴ്ന്ന് പറന്നാണ് നിരീക്ഷണം നടത്തി സൈന്യം
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ പച്ചക്കറി എത്തിക്കുന്നതിന് ഹോർട്ടിക്കോർപ്പിന് നിർദേശം നൽകിയതായി കൃഷിമന്ത്രി പി പ്രസാദ്. ദുരന്ത സ്ഥലങ്ങളിൽ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് നാളെ (വ്യാഴാഴ്ച്ച) വയനാട്ടിൽ നേരിട്ട് എത്തുമെന്നും മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് കേരളം നേരിടുന്നതെന്നും ഒരു മനസോടെ ഏവരും ദുരന്ത മേഖലയിലേക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ കൈകോർക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ദുരന്തമേഖലയിൽ കൃഷി നാശം കണക്കാക്കുന്നതിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവരുന്ന മരണസംഖ്യാ കണക്കുകളിൽ ഇനിയും മാറ്റം വരാം. സാധ്യമാകുന്ന എല്ലാ രീതിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. പരിക്കേറ്റവർക്ക് ചികിത്സ ഒരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
45 ക്യാമ്പുകളിലായി 5531 പേർ കഴിയുന്നുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. വിവിധ ജില്ലകളിൽ നിന്ന് പൊലീസിന്റെ ഡ്രോൺ സംഘങ്ങളെ നിയോഗിച്ചു. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്താൻ രണ്ട് പൊലീസ് ഡോഗുകൾ വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ക്യാമ്പുകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നിടത്തും ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കും. 20000 ലിറ്റർ കുടിവെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ട് വാഹനങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു.
ചുരൽമലയിൽ മദ്രസയിലും പോളിടെക്നിക്കിലൂം താൽക്കാലിക ആശുപത്രികൾ തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ മോർച്ചറികൾ എത്തിക്കും. അധികമായി ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചു. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരികെ എത്താൻ നിർദ്ദേശം നൽകി. അപകടസ്ഥലം ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലമല്ല. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും.
ദുരന്തസ്ഥലം സന്ദർശിക്കാൻ ശ്രമിക്കരുത്. പ്രാധാന്യം രക്ഷാപ്രവർത്തനത്തിന്. അതിൽ പങ്കാളികളാകുന്നവർ മാത്രമേ അങ്ങോട്ട് പോകാവൂ. കാഴ്ചക്കാരായി അങ്ങോട്ട് പോകരുത്. ദുരന്ത മേഖലയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകർ സുരക്ഷ ഉറപ്പാക്കണം. ഭീതി പടർത്താതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അഭിനന്ദനാർഹമാണ്. പ്രദേശങ്ങളിൽ ഉടൻ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
നാം ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണ്. ദുരിതത്തിൽ സർവ്വതും നഷ്ടപെട്ടവരെ കൈപിടിച്ചുയർത്തണം. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ഒരുമിച്ചിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയും 98 പേരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് ജില്ലാ ഭരണകൂടം. 124 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരം.
മുണ്ടക്കൈ പ്രദേശത്തുള്ളവരെ ദൗത്യ സംഘമെത്തി രക്ഷപ്പെടുത്തി ചൂരൽമലയിലേക്ക് മാറ്റുന്നു. ട്രീ വാലി റിസോർട്ട്, മദ്രസ, പള്ളി, ക്ഷേത്രം എന്നിവിടങ്ങളിലെ ആളുകളെ സുരക്ഷിതമായി മാറ്റി.
മുണ്ടക്കൈ ഗ്രാമത്തിൽ നിന്ന് 100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയൻ. ഇവരുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
വയനാട്ടിലേക്ക് ആവശ്യമായ മൊബൈൽ ഫ്രീസറുകളെത്തിക്കാൻ മുസ്ലിം ലീഗ് നേതൃത്വം. വയനാട് ഉരുള്പ്പൊട്ടലില് മരണപ്പെട്ടവരുടെ എണ്ണം ഉയര്ന്നുകൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങള് സൂക്ഷിക്കുന്നതിനുള്ള മൊബൈല് ഫ്രീസറുകളുടെ കുറവുണ്ട്. മുസ്ലീം ലീഗിന് കീഴിലുള്ള സി എച്ച് സെന്ററുകള്, ശിഹാബ് തങ്ങൾ സെന്ററുകൾ, പിടിഎച്ച് യൂണിറ്റുകൾ എന്നിവിടിങ്ങളില് ലഭ്യമായ മൊബൈല് ഫ്രീസറുകള് വയനാട്, മലപ്പുറം ജില്ലാ കലക്ടര്മാരുമായി ബന്ധപ്പെട്ട് വയനാട്ടിലേക്ക് എത്തിക്കുന്നതിന് ഭാരവാഹികള് ശ്രദ്ധിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു.
മേപ്പാടി ഹെൽത്ത് സെൻ്ററിൽ 49 ഉം വിംസിൽ ഒമ്പതും വൈത്തിരി താലൂക്ക് ആശുപുത്രിയിലും ബത്തേരി താലൂക്ക് ആശുപുത്രിയിലും ഓരോ മൃതദേഹം വീതവും സൂക്ഷിച്ചിരിക്കുന്നു. നിലമ്പൂരിൽ 16 മൃതദേഹങ്ങൾളും എട്ട് ശരീരഭാഗങ്ങളുമാണ് സൂക്ഷിച്ചിരിക്കുന്നത്.
റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) മുഹമ്മദ് ഇഷാൻ (10) , മുഹമ്മദ് നിയാസ്, കല്യാൺ കുമാർ (56), സൈഫുദ്ദീൻ, ഗീത (44), ഷരൺ (20), പ്രജീഷ് (35), ജുബൈരിയ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില് നിന്ന് 130 സൈനികര് കൂടി വയനാട്ടിലേക്ക് പുറപ്പെട്ടു. വിമാനമാര്ഗം സംഘം അല്പസമയത്തിനകം കോഴിക്കോടെത്തും.
150 ലേറെ ആളുകൾ മുണ്ടക്കൈ പുഞ്ചിരിമട്ടത്തു കുടുങ്ങി കിടക്കുകയാണ്. മുണ്ടക്കൈ മദ്രസയിൽ പരിക്കേറ്റവർക്ക് മരുന്നും ഭക്ഷണവുമില്ല. മരുന്നും ഭക്ഷണവും ഉടൻ എത്തിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ട്രീ വാലി റിസോർട്ടിലുള്ളവരെ മദ്രസയിലേക്ക് മാറ്റുന്നു.
മൃതദേഹങ്ങൾ കൊണ്ടുപോകാൻ ആംബുലൻസില്ലെന്ന് പരാതി. പോത്തുകല്ലിൽ മൃതദേഹങ്ങൾ ട്രാക്ടറിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആമ്പുലൻസ് എത്തി. എന്നാൽ മൃതദേഹങ്ങൾ ജീപ്പിലും കൊണ്ടുപോകുന്നുണ്ട്.
തൊഴിലാളികളുടെ പാടികളിൽ 24 ആളുകൾ മണ്ണിനടിയിൽ ഉണ്ടെന്ന് നാട്ടുകാർ. പാടികൾക്ക് മുകളിൽ വീണ മരങ്ങൾ രക്ഷാപ്രവർത്തകർ മുറിച്ചു നീക്കുന്നു. ട്രീ വാലി റിസോർട്ടിൽ നിന്ന് പരിക്കേറ്റ ഒരു സ്ത്രീയെ പുറത്തേക്ക് എത്തിച്ചു.
സൈന്യത്തിന്റെ 200 അംഗങ്ങള് ദുരന്തമുഖത്തെത്തി. കൂടുതല് സംവിധാനങ്ങള് എത്തിക്കും. 330 അടി ഉയരമുളള താല്ക്കാലിക പാലം എത്തിക്കും. രക്ഷാപ്രവര്ത്തനം ഏകോപിപ്പിക്കാന് കോഴിക്കോട് സൈനിക ക്യാമ്പില് കണ്ട്രോള് റൂം തുറക്കും. തിരുവനന്തപുരത്ത് നിന്നും കൂടുതല് കരസേന എത്തും. സൈന്യത്തിന്റെ ഡോഗ് സ്ക്വാഡും വയനാട്ടിൽ എത്തും
രക്ഷാപ്രവർത്തകർ മുണ്ടക്കൈ പുഞ്ചിരിമറ്റത്തെത്തി. 20ൽ അധികം വീടുകൾ ഒലിച്ചു പോയതായി പ്രദേശ വാസികൾ പറഞ്ഞു. 50ലധികം ആളുകൾ ഗുരുതര പരിക്കേറ്റ് അവശ നിലയിലാണ്. പ്രാഥമിക ചികിത്സ നൽകാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളിയാവുകയാണ്.
മുണ്ടക്കൈ ഏലാര് റിസോര്ട്ടില് 12 പേര് കുടുങ്ങി കിടക്കുന്നു. 116 പേര് വിവിധ ആശുപത്രിയില് ചികിത്സയിലാണ്.
ദുരന്തത്തിൽ മരിച്ച 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49), ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65), വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്, അച്ചു, നഫീസ (60), ജമീല(65), ഭാസ്കരൻ(62), അഫ്സിയ സക്കീർ, ആഷിന(10), അശ്വിൻ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 15 മൃതദേഹങ്ങളും 8 ശരീര ഭാഗങ്ങളും സൂക്ഷിച്ചിരിക്കുന്നു. എല്ലാ മൃതദേഹങ്ങളും ചാലിയാർ പുഴയിലൂടെ ഒഴുകി വന്നതാണ്. 8 പുരുഷൻമാരുടേതും 6 സ്ത്രീകളുടേതും ഒരു ആൺകുട്ടിയുടേതുമാണ് മൃതദേഹം. പേവാർഡ് ഒഴിവാക്കി മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ്.
ഇന്ന് വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്പെഷ്യൽ ഓഫിസറായി നിയമിച്ചു.
രക്ഷാപ്രവര്ത്തനത്തിന് 5 കോടി സഹായം പ്രഖ്യാപിച്ച് തമിഴ്നാട്. ഒരുമിച്ച് നേരിടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.
മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തത്തില് മരിച്ചവരുടെ എണ്ണം 70 ആയി.
വീണ്ടും ഉരുൾപൊട്ടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെന്ന് മന്ത്രി കെ രാജൻ. അനാവശ്യമായി ആരും പ്രദേശത്തേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു.
വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ. വി.സി യിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും.
രക്ഷാപ്രവർത്തനത്തിനായി നേവിയുടെ 50 അംഗ സംഘം ഉടന് വയനാട്ടിൽ എത്തും. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തുന്നത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. മന്ത്രിമാരും രക്ഷാപ്രവർത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു.
സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു.
മുണ്ടകൈയിൽ 150 ഓളം വീടുകൾ തകർന്നതായും മുണ്ടക്കൈയിലും ചൂരല്മലയിലുമായി 175ലധികം പേരെ കാണാതായതായും വാർഡ് മെമ്പർ നൂറുദ്ദീൻ. മുണ്ടക്കൈയില് മാത്രം 75ലധികം പേരെ കാണാതായി. ചൂരല്മല സ്കൂള് മേഖലയില് നിന്നും 100ലധികം പേരും കാണാതായതായും നൂറുദ്ദീൻ അറിയിച്ചു. 250ലധികം പേര് മുണ്ടക്കൈ പുഞ്ചിരിമറ്റത്ത് കുടുങ്ങിക്കിടക്കുന്നുവെന്നും വാര്ഡ് മെമ്പര് നൂറുദ്ദീന് പറഞ്ഞു.
മുണ്ടക്കൈ, ചൂരൽ മലയിൽ മരിച്ചവരുടെ എണ്ണം 66 ആയി. മുണ്ടക്കൈയിൽ ഏഴ് മൃതദേഹം കൂടി കണ്ടെത്തി. കൂടുതൽ പേർ മരിച്ചതായി സംശയം.
കേരള പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു. ട്രീ വാലി റിസോർട്ട്, മദ്രസ, പള്ളി മേഖലയിലേക്കാണ് രക്ഷാപ്രവർത്തനത്തിനായി പോകുന്നത്. മുണ്ടക്കൈ മല ചുറ്റി ട്രീ വാലിയിലെത്താനാണ് ശ്രമം നടത്തുന്നത്.
വയനാട്ടിലും മലപ്പുറം അതിര്ത്തിയിലും 30 മില്ലീമീറ്റര് വരെ മഴ ലഭിച്ചു.
12 മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിയെന്ന് ഡിഎംഒ. മൃതദേഹങ്ങൾ ലഭിക്കുന്നത് വിവിധ ശരീര ഭാഗങ്ങളായാണ്. ചാലിയാറിൻ്റെ തീരങ്ങളിൽ തിരച്ചിൽ തുടരുന്നുവെന്നും അറിയിച്ചു.
മൂന്ന് കുട്ടികള് ഉൾപ്പെടെ മരിച്ച 24 പേരെ തിരിച്ചറിഞ്ഞു. സഹന(7), ആഷിന (10), അശ്വിന്(14), റംലത്ത് (53), അഷറഫ് (49), ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65), വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ്, വാസു, അഫ്സിയ, സക്കീര്, അച്ചു എന്നിവരാണ് മരിച്ചത്.
ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ,സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നു.
ചാലിയാർ പുഴയൽ തിരച്ചിൽ നടത്തുന്നുവെന്ന് പി വി അൻവർ എംഎൽഎ. മൃതദേഹങ്ങൾ ഒഴുകിപ്പോയിരിക്കാം എന്ന കണക്കിൽ നടത്തിയ പരിശോധനയിൽ ചുങ്കത്തറ ഭാഗത്തുനിന്ന് രണ്ട് മൃതദേഹങ്ങൾ കിട്ടി. മാവൂർ, അരീക്കോട്, കീഴുപറമ്പ്, എടവണ്ണ, മുണ്ടേങ്ങര, മമ്പാട് സ്ഥലങ്ങളിലെല്ലാം നീന്താനറിയാവുന്ന സഖാക്കൾ മുഴുവനായും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. കുത്തൊഴുക്ക് കാരണം മുകളിലേക്ക് ബോട്ടിറക്കാനാകില്ലെന്നും എംഎൽഎ പറഞ്ഞു.
പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ മറുകരയിലേക്ക് കൊണ്ടുവരുന്നത് ശ്രമകരമെന്ന് രക്ഷാ പ്രവർത്തകർ പറയുന്നു. കനത്ത മഴയും കുത്തൊഴുക്കും പ്രതിസന്ധിയാണ്. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാതെ മറ്റു വഴിയില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
മരിച്ച 18 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ, അയിഷ, ആമിന, ജഗദീഷ്, അനസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരണസംഖ്യ ഉയരുന്നു. ഇതുവരെ 58 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിരവധി പേരുണ്ടെന്ന് മുണ്ടക്കൈ നിവാസി ഷഫീക്ക് പറഞ്ഞു. 20 മൃതദേഹങ്ങളാണ് ചാലിയാറിലൂടെ ഒഴുകിവന്നത്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഒറ്റക്കെട്ടായി വാദിക്കുകയായിരുന്നു. പ്രളയസഹായം എത്തിക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തണമെന്നും രാജ്യസഭയിൽ ആവശ്യപ്പെട്ടു.
മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ ഭൂരിഭാഗം വീടുകളും ഒലിച്ചുപോയി. 70 വീടുകളെങ്കിലും തകർന്നിട്ടുണ്ടാകാമെന്ന് പ്രദേശവാസിപറഞ്ഞു.
കനത്ത മഴ രക്ഷാ പ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. നദിയിൽ കുത്തൊഴുക്ക് വർധിച്ചിരിക്കുകയാണ്.
ക്യാമ്പുകളിൽ കുടിവെള്ളം, ഭക്ഷണം, ആൾ സഹായം എന്നിവ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ രംഗത്തുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. മുകളിൽനിന്നുള്ള നിർദ്ദേശങ്ങൾ കാത്തിരിക്കാതെ സാഹചര്യമനുസരിച്ച് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ക്യാമ്പ് നിൽക്കുന്ന തദേശശസ്ഥാപനങ്ങൾ മാത്രമല്ല സമീപമുള്ള തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹായങ്ങൾ ലഭ്യമാക്കണം. തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ സജീവമായി ദുരന്തമുഖത്ത് ഉണ്ടാകും. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കും. അഞ്ച് മന്ത്രിമാർ വയനാട്ടിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയിട്ടുണ്ട്. 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യമായ ക്യാമ്പുകൾ ഇനിയും തുറക്കുമെന്നും എം ബി രാജേഷ്.
രക്ഷാപ്രവർത്തനത്തിനായി ആർമിയുടെ പ്ലാറ്റൂൺ ചൂരൽമലയിൽ എത്തിയതായി ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
മേപ്പാടിആശുപത്രിയിൽ 38 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ ഏഴ് മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നു. പോത്തുകല്ലിൽ മൂന്ന് മൃതദേഹം ഒഴുകിവന്നതായി പ്രദേശവാസി മുജീബ്യ കണ്ടെത്തിയത്,രണ്ട് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹഹമാണ്.
70 ലേറെ പേർക്ക് പരിക്ക്. പരിക്കേറ്റ പലരുടെയും നില ഗുരുതരം.
മുണ്ടക്കൈയിൽ ഒമ്പത് ലയങ്ങള് ഒലിച്ച് പോയി. 65 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാനില്ല. ഒഡീഷ സ്വദേശികളായ രണ്ട് ഡോക്ടര്മാരെയും കാണാനില്ല.
നേരത്തെ പെയ്ത മഴയിൽ മണ്ണ് ദുർബലമായതാകും ഉരുൾപൊട്ടലിന് കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈ. നേരിയ ഭൂചലനം ഉണ്ടായോ എന്നതും പരിശോധിക്കണം. കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിൻ്റെ 200 പേർ ഉൾപ്പെടുന്ന രണ്ട് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന്. കണ്ണൂർ മിലിട്ടറി ആശുപത്രിയിലെ മെഡിക്കൽ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയൽ ആർമി സംഘവും വയനാട്ടിൽ.
മുണ്ടകൈയ്ക്കും ചൂരൽമലക്ക് ഇടയിൽ 100 ഓളം പേർ കുടുങ്ങി കിടക്കുന്നു. എസ്റ്റേറ്റ് ബംഗ്ളാവിലാണ് ആളുകൾ കുടുങ്ങി കിടക്കുന്നത്. കൂട്ടത്തിൽ പ്രായമായവർ ഉൾപ്പെടെയുളളവരും ഉള്ളതായാണ് വിവരം.
ഉരുള്പൊട്ടലുണ്ടായ വയനാട് ചൂരല്മലയില് രക്ഷാപ്രവര്ത്തങ്ങള്ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന് സെന്ററുകള് പ്രവര്ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. രക്ഷാപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്ക്ക് താഴെ പറയുന്ന നമ്പറുകളില് ബന്ധപ്പെടാവുന്നതാണ്.
വയനാട്
94479 79075 (ഡിവിഷണല് ഫോറസ്റ്റ് ഓഫീസര്, സൗത്ത് വയനാട്)
91884 07545 (എമര്ജന്സി ഓപ്പറേറ്റിംഗ് സെന്റര്, സൗത്ത് വയനാട്)
91884 07544 (എമര്ജന്സി ഓപ്പറേറ്റിംഗ് സെന്റര്, നോര്ത്ത് വയനാട്)
9447979070 (ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് നോര്ത്തേണ് സര്ക്കിള്)
നിലമ്പൂര്
91884 07537 (എമര്ജന്സി ഓപ്പറേറ്റിംഗ് സെന്റര്, നിലമ്പൂര് സൗത്ത്)
94479 79065 (ഡിവിഷണല് ഫോറസ്റ്റ് ഓഫീസര്, സൗത്ത് നിലമ്പൂര്)
94479 79060 (ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റര് ഈസ്റ്റേണ് സര്ക്കിള്)
മരിച്ചവരിൽ 14 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജിന, ദാമോദരൻ (65) , വിനീത് കുമാർ, സഹന (7), കൗസല്യ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ട്രീ വാലി റിസോർട്ടിനും മദ്രസക്കും ഇടയിലെ വീടുകളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധിപേരും സംഘത്തിലുണ്ട്.
ചികിത്സയിലുളളവര്ക്ക് രക്തം ആവശ്യമുണ്ട്. സന്നദ്ധരായവര് മേപ്പാടി വിംസ് മെഡിക്കല് കോളേജ്, ബത്തേരി താലൂക്ക് ആശുപത്രി, കല്പറ്റ ജനറല് ആശുപത്രി എന്നിവിടങ്ങളിലെത്തണം എന്ന് നിർദ്ദേശം. എബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് അടക്കമാണ് ആവശ്യമുള്ളത്.
ട്രീ വാലി റിസോർട്ടിലെ ആളുകളെ രക്ഷാപ്രവർത്തകർ കണ്ടു.ട്രീ വാലിക്ക് മുകളിലെ കുന്നിൻ മുകളിൽ ആളുകളുടെ സാന്നിധ്യം ഫയർ ഫോഴ്സ് തിരിച്ചറിഞ്ഞു.
വയനാട് രക്ഷാപ്രവര്ത്തനം ഏകോപിപ്പിക്കാന് കേന്ദ്രമന്ത്രി ജോര്ജ് കുര്യനെ അയച്ച് കേന്ദ്ര സർക്കാർ.
മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 38 മൃതദേഹങ്ങൾ 14 എണ്ണം തിരിച്ചറിഞ്ഞു. പരിക്കേറ്റ പലരുടെയും നില ഗുരുതരം.
മലപ്പുറം പോത്തുകല്ല് കുമ്പളപ്പാറയിൽ കണ്ടെത്തിയ ഒരു മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങളിലേറെയും ശരീര ഭാഗങ്ങൾ വേർപ്പെട്ട് ഗുരുതരമായി പരുക്കേറ്റ നിലയിൽ. കുത്തിയൊഴുകുന്ന ചാലിയാറിന് കുറുകെ കയർ കെട്ടി അക്കരെയെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നത്.
കേരളത്തിന് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ. പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംസ്ഥാന സർക്കാറുമായി സഹകരിച്ചു രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. എല്ലാവരും വയനാട്ടുകാർക്കൊപ്പമാണെന്നും ജെ പി നദ്ദ.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു.
കോഴിക്കോട് നിന്നുള്ള എൻഡിആർഎഫ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. 27 അംഗ സംഘമാണ് വയനാട്ടിലേക്ക് തിരിക്കുന്നത്.
വേദനാജനകമായ സാഹചര്യം എന്ന് എ എ റഹിം എംപി. എല്ലാ സഹായവും ഉറപ്പാക്കണമെന്നും എ എ റഹീം.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ രാവിലെ വയനാട് എത്തും.
മരിച്ചവരിൽ 13 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷറഫ് (49) , ലെനിൻ, കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രമലീല, റെജീന, ദാമോദരൻ (67) , വിനീത് കുമാർ, സഹന (7) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
കോഴിക്കോട് നിന്നുളള സൈന്യം മേപ്പാടിയിൽ എത്തി. 40 ഓളം സൈനികർ സംഘത്തിലുണ്ട്. അൽപ്പസമയത്തിനകം മുണ്ടക്കൈയിൽ എത്തും.
ചെളിയിൽ കുടുങ്ങിയയാളെ ദൗത്യ സംഘം രക്ഷപ്പെടുത്തി. മണിക്കൂറുകളോളം ചെളിയിൽ കുടുങ്ങിക്കിടന്നയാളെയാണ് രക്ഷപ്പെടുത്തിയത്.
കിണറ്റിലേക്ക് വീണ പന്ത് എടുക്കാന് ശ്രമിക്കുന്നതിനിടെ പത്തു വയസ്സുകാരന് ചെളിയില് പുതഞ്ഞ് മരിച്ചുരക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം ദുരന്തമുഖത്തെത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.
വയനാട് ഉരുള്പ്പൊട്ടലിന്റെ സാഹചര്യത്തില് വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന് ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കി. ആശുപത്രികളില് അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവര്ത്തകരെ നിയോഗിക്കണം. കോഴിക്കോട് മെഡിക്കല് കോളേജില് നിന്നുള്ള ടീം പുറപ്പെട്ടിട്ടുണ്ട്. കണ്ണൂരില് നിന്നുള്ള ടീമും പുറപ്പെട്ടു. തൃശൂര് മെഡിക്കല് കോളേജില് നിന്നും സര്ജറി, ഓര്ത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്മാരെയും അയയ്ക്കുന്നതാണ്. നഴ്സുമാരേയും അധികമായി നിയോഗിക്കണം. എന്.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര് ജീവന് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവര്ത്തനങ്ങള് പ്രാദേശികമായി ഏകോപിപ്പിക്കും. ഉരുള്പൊട്ടലിന്റെ സാഹചര്യത്തില് മന്ത്രിയുടെ നേതൃത്വത്തില് നടന്ന ഉന്നതതല യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്ത്തകര് അടിയന്തരമായി തിരികെ ജോലിയില് പ്രവേശിക്കാന് നിര്ദേശം നല്കി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാന് കെ.എം.എസ്.സി.എല്ലിന് നിര്ദേശം നല്കി. പോസ്റ്റുമോര്ട്ടം നടപടികള് ആരംഭിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്സുകള് ഉള്പ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയില് ഓടാന് കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന് മെഡിക്കല് യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാന് നിര്ദേശം നല്കി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാന് തയ്യാറാക്കി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കണം. ആവശ്യമെങ്കില് താത്ക്കാലിക ആശുപത്രികള് സജ്ജമാക്കും. അധിക മോര്ച്ചറി സൗകര്യങ്ങളുമൊരുക്കും. ക്യാമ്പുകളിലെ പ്രവര്ത്തനങ്ങളും ശ്രദ്ധിക്കണമെന്നും മന്ത്രിയുടെ നിർദ്ദേശം.
വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് കൂടുതൽ ഫയർ ആൻഡ് റെസ്ക്യൂ സംഘം എത്തും. 250 ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെയാണ് വയനാട്ടിലേക്ക് വ്യന്യസിച്ചിരിക്കുന്നത്.
വയനാട് മുണ്ടക്കൈയിൽ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ചൂരൽമലയിൽ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നുമന്ത്രി. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ചൂരൽമലയിൽ അടക്കം കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ദുരന്ത സ്ഥലത്ത് എൻഡിആർഎഫ്, പൊലീസ്, ഫയർ, റവന്യൂ, സന്നദ്ധ സംഘടനകൾ, വളണ്ടിയർമാർ, പ്രദേശവാസികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ ഏകോപനത്തിൽ ശ്രമകരമായ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൂടുതൽ മന്ത്രിമാർ ജില്ലയിൽ എത്തുമെന്നും മന്ത്രി അറിയിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പിആർഡി ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണു മീഡിയ കൺട്രോൾ റൂം പ്രവർത്തിക്കുക.
വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ പിആർഡിയുടെ കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖരൻ എന്നിവരുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി റഷീദ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പി ആർ ഡിയുടെ അസിസ്റ്റന്റ് എഡിറ്റർമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർമാർ തുടങ്ങിയവരടങ്ങുന്ന സംഘം 24 മണിക്കൂറും കൺട്രോൾ റൂമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിർവഹിക്കും.
വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ - 0483-2734387
സെക്രട്ടേറിയറ്റിലെ പിആർഡി പ്രസ് റിലീസ് വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനതല മീഡിയ കൺട്രോൾ റൂമിൽനിന്ന് സംസ്ഥാനതലത്തിലുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അറിയിപ്പുകളുടേയും ഏകോപനം നിർവഹിക്കും.
സംസ്ഥാനതല മീഡിയ കൺട്രോൾ റൂം നമ്പർ - 0471 2327628, 2518637
ഉരുൾപൊട്ടലിൽ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകിയെന്ന് പ്രധാനമന്ത്രി
വയനാടിൻ്റെ ചില ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എൻ്റെ ചിന്തകൾ. പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നു.
— Narendra Modi (@narendramodi) July 30, 2024
ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരള മുഖ്യമന്ത്രി ശ്രീ…
മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് തല ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.
കൺട്രോൾ റൂം നമ്പറുകൾ
ഡെപ്യൂട്ടി കളക്ടർ - 8547616025
തഹസിൽദാർ, വൈത്തിരി - 8547616601
കൽപ്പറ്റ ജോയിൻ്റ് ബിഡിഒ ഓഫീസ് - 9961289892
അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093
അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ - 9497920271
വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688
മുണ്ടകൈ ഗ്രാമം പൂർണമായും ഒലിച്ച് പോയെന്ന് പ്രദേശവാസി അബ്ദുൾ റസാഖ് പറഞ്ഞു. മരുഭൂമി പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. നിരവധി പേർക്ക് പരിക്കുപറ്റി. ബന്ധുക്കളും സുഹൃത്തുകളും അടക്കം നിരവധി പേരെ കാണാനില്ലെന്നും അബ്ദുൾ റസാഖ്. തകർന്ന വീട്ടിൽ പ്ലസ് ടു വിദ്യാർഥി കുടുങ്ങി കിടക്കുന്നുവെന്നും റസാഖ് പറഞ്ഞു.
ചെളിയിൽ പൂണ്ട് കിടക്കുന്ന ആളിന്റെ സമീപത്ത് പാറയിൽ രണ്ട് കുട്ടികൾ കൂടി കുടുങ്ങി കിടക്കുന്നു.
ബത്തേരി സെന്റ് മേരീസ്, എസ്കെഎംജെ സ്കൂൾ കൽപ്പറ്റ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇരു ക്യാമ്പുകളിലേക്കും മെഡിക്കൽ ടീം, ആംബുലൻസ്, ഭക്ഷണം, വസ്ത്രം എന്നിവ ക്യാമ്പുകളിലേക്ക് എത്തിക്കുന്നു
മുണ്ടകൈയിൽ റിസോർട്ടിലും കുന്നിന്റെ മുകളിലുമായി 250ലേറെ ആളുകൾ ഒറ്റപ്പെട്ടു. 150ലെറെ ആളുകൾ ഉള്ളത് കുന്നിന്റെ മുകളിലാണ്.
ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി ടി മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
പൊലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.
ചാലിയാർ പുഴയുടെ ഉത്ഭവ കേന്ദ്രത്തിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. പോത്തുകൽ ഭാഗത്ത് നിന്ന് 12 കിലോമീറ്റർ അകലെയാണ് ഇത്.
എംപിമാർ ദുരന്ത മുഖത്തേക്ക് പോകുമെന്ന് ഷാഫി പറമ്പിൽ എംപി. ആരൊക്കെ പോകണമെന്ന് ഉടൻ തീരുമാനിക്കും. പാർലമെന്റിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ ചാലിയാർ പുഴയിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെത്തി.
വയനാട് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായി 16 മത് ഐഡിഎസ്എഫ്എഫ്കെയുടെ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാർ, മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, ഇൻ കോൺവർസേഷൻ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂൾ പ്രകാരമുള്ള പ്രദർശനങ്ങൾ മാത്രം നടക്കും. മത്സര വിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ ഔപചാരിക ചടങ്ങില്ലാതെ ജേതാക്കൾക്ക് കൈമാറും.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
കേന്ദ്രത്തോട് കൂടുതൽ സഹായം ആവശ്യപ്പെട്ടതായി കെ രാധാകൃഷ്ണൻ എംപി. വിഷയം ഇന്ന് പാർലമെന്റിൽ ഉന്നയിക്കും. എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എംപി.
അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൌപതി മുർമു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു എന്നും ദ്രൌപതി മുർമു പറഞ്ഞു.
എല്ലാവരേയും എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
മലപ്പുറം പോത്തുകല്ല് മുണ്ടേരിയിൽ എൻഡിആർഎഫ് സംഘമെത്തി. രക്ഷാപ്രവർത്തകർക്ക് ചാലിയാർ മുറിച്ച് കടക്കാനായിട്ടില്ല. ചാലിയാറിന് അക്കരെ കുമ്പളപ്പാറ കോളനിയിൽ 6 മൃതദേഹങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചാലിയാറിൽ കണ്ടെത്തിയ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ ഉള്ള മൃതദേഹങ്ങളുടെ എണ്ണം 24 ആയി. മേപ്പാടിയിൽ 18 മൃതദേഹങ്ങളും മിംസ് ആശുപത്രിയിൽ അഞ്ച് മൃതദേഹങ്ങളും വൈത്തിരി ആശുപത്രിയിൽ ഒരു മൃതദേഹവുമാണ് ഉള്ളത്.
മന്ത്രി എ.കെ ശശീന്ദ്രൻ ചൂരൽമലയിൽ എത്തി, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി നാരായണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർക്കൊപ്പം സ്ഥിതിഗതികൾ വിലയിരുത്തുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീമിനെയും കണ്ണൂരിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെയും ദുരന്ത സ്ഥലത്ത് എത്തിക്കും.
അതീവ ദുഃഖം രേഖപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിന് എൻഡിആർഎഫ് രണ്ടാം സംഘം കേരളത്തിലേക്ക്.
ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 23 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മേപ്പാടിയിൽ മാത്രം 18 പേർ മരിച്ചു. സ്വകാര്യ ആശുപത്രികളിൽ അഞ്ച് മൃതദേഹങ്ങളാണുള്ളത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നുണ്ട്. 70 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഇരു മേഖലകളിലുമായി 400 ഓളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നൂറിലധികം പേർ കുടുങ്ങികിടക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം 100 ഓളം പേരെ ദുരന്തം ബാധിച്ചു.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.
സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ഫോൺ : 9497900402, 0471 2721566
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് അൽപ്പസമയത്തിനകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എത്തും. വലിയ മഴക്കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. മുഴുവൻ പാർട്ടി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദൻ ആഹ്വാനം ചെയ്തു
മുണ്ടക്കൈയിൽ എൻഡിആർഫിന് എത്താൻ കഴിയാത്ത സാഹചര്യമെന്ന് റവന്യു മന്ത്രി കെ. രാജൻ. രക്ഷാപ്രവർത്തകർക്ക് എത്താൻ താൽക്കാലിക യാത്ര സൌകര്യമൊരുക്കും. കൂളൂരിൽ നിന്ന് മൂന്ന് ഹെലികോപ്റ്ററുകൾ പുറപ്പെട്ടു. ബംഗളൂരിൽ നിന്ന് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി വയനാട്ടിലേക്ക് തിരിച്ചു. അഞ്ച് എൻഡിആർഎഫ് സംഘങ്ങൾ രക്ഷാ പ്രവർത്തനം നടത്തുമെന്ന് മന്ത്രി രാജൻ അറിയിച്ചു.
പ്രധാനമന്ത്രി രാവിലെ മുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ. എല്ലാ കേന്ദ്രസേനകളോടും ഇടപെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായവും കേന്ദ്രം ചെയ്യും. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേന്ദ്ര പ്രതിനിധി വയനാട്ടിലേക്ക് പോകും. ആരാണ് പോകുക എന്ന സംബന്ധിച്ച് ഉടൻ അറിയിപ്പ് വരുമെന്നും കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ വ്യക്തമാക്കി.
മുണ്ടക്കൈ സ്കൂളിന് സമീപം 300 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി. വലിയ പാറകൾ ഇടിഞ്ഞുകിടക്കുന്നുവെന്ന് രക്ഷാപ്രവർത്തകർ.
നെടുംപൊയിൽ - മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ഹാരിസൺ മലയാളം ഫാക്ടറിയിലെ 10 ജീവനക്കാരെ കാണാതായി എന്ന് സിഇഒ
അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി. എയർഫോഴ്സ് ഉൾപ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങൾ നീക്കാൻ പറ്റുമെന്നാണ് കരുതുന്നത്. ഇപ്പോൾ കാര്യങ്ങൾ കൃത്യമായി പറയാൻ പറ്റാത്ത അവസ്ഥയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാലാണ് കാര്യങ്ങളെല്ലാം വ്യക്തമാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനങ്ങളും പാർലമെന്റ് മറ്റ് നടപടി ക്രമങ്ങൾ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം മുൻ നിർത്തി പി സന്തോഷ് കുമാർ എംപി റൂൾ 267 പ്രകാരം രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി
കണ്ണൂരിൽ നിന്ന് 138 അംഗ സംഘവും കോഴിക്കോട് നിന്ന് 43 അംഗ സംഘവും എത്തും. വ്യോമ സേനയുടെ ഹോലികോപ്ടർ സുളൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും എത്തും.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. സംഭവസ്ഥലത്ത് എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ട്. എല്ലാ സന്നാഹങ്ങളും തയ്യാറാണെന്നും മുഖ്യമന്ത്രി.
വയനാട് ഉരുള്പൊട്ടലില് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ ബന്ധുക്കള്ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്ക്ക് 50000 രൂപയുമാണ് പ്രഖ്യാപിച്ചത്. പിഎംഎന്ആര്എഫില് നിന്നാണ് സഹായം പ്രഖ്യാപിച്ചത്.
രണ്ട് ഹെലികോപ്ടറുകളുടെ സേവനം ദുരന്തമുഖത്തുണ്ടെന്ന് മന്ത്രി കെ രാജന്
മുണ്ടക്കൈ പ്രദേശത്ത് നിരവധി ആളുകൾ ഒറ്റപ്പെട്ടെന്ന് വാർഡ് മെമ്പർ രാഘവൻ. നിസഹായരായി നോക്കി നിൽക്കുകയാണെന്നും വാർഡ് മെമ്പർ പറയുന്നു. മുണ്ടക്കൈ സ്കൂളിന് സമീപം ഗുരുതര സാഹചര്യമാണ്. നിരവധി പേർ ചെളിയിൽ കുടുങ്ങിക്കിടക്കുന്നത് കാണുന്നുണ്ട്. തല മാത്രമാണ് പുറത്തുകാണുന്നതെന്നും പഞ്ചായത്ത് മെമ്പർ രാഘവൻ. വീടിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മെമ്പർ അറിയിച്ചു.
ദുരന്തം നടന്ന സ്ഥലത്തേക്ക് രണ്ട് ഹെലികോപ്റ്ററുകളുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി രാജൻ.
ട്രീ വാലി എസ്റ്റേറ്റിറ്റിൽ 100 പേർ കുടുങ്ങിക്കിടക്കുന്നു. കുടുങ്ങിയവരെ ഒഴുപ്പിക്കാനാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
മുണ്ടക്കൈയിൽ ഉരുൾ പൊട്ടിയ ഭാഗത്തേക്ക് കടക്കാൻ പ്രയാസമെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കൈ റിസോർട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം നടക്കുന്നു. എൻഡിആർഎഫ് സംഘം റിസോർട്ടിലേക്ക് എത്താൻ ശ്രമിക്കുകയാണ്.
രക്ഷാപ്രവർത്തനം ഊർജ്ജിതം. എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തകരും ട്രീ വാലി റിസോർട്ടിലേക്ക് പുറപ്പെട്ടു.
വയനാട് ഉരുൾപൊട്ടലിൽ ചൂരൽമല, വെള്ളാർമല ഭാഗത്തുനിന്ന് 12 മൃതദേഹങ്ങൾ കണ്ടെത്തി. അട്ടമലയിൽ നിന്ന് അഞ്ചും പോത്തുകല്ലിൽ നിന്ന് 10 ഉം മൃതദേഹങ്ങൾ കണ്ടെത്തിയതായി നിലമ്പൂർ എംഎൽഎ പി വി അൻവർ.
രക്ഷാപ്രവർത്തനത്തിന് കണ്ണൂർ ട്രയിനിങ് സെന്ററിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി കോപ്സ് വയനാട്ടിലേക്ക് തിരിച്ചു
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അൽപസമയത്തിനകം എത്തിച്ചേരും. റവന്യു, പൊതുമരാമത്ത്, പട്ടിക ജാതി- പട്ടികവർഗം വകുപ്പ് മന്ത്രിമാർ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാർഗ്ഗം വയനാട്ടിൽ എത്തും.
പോത്തുകലിൽ ലഭിച്ച മൃതദേഹം വയനാട്ടിൽ നിന്ന് ഒഴുകി വന്നതെന്ന് സംശയമെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഉരുൾപൊട്ടലുണ്ടായി മൂന്ന് മണിക്കൂറിനകമാണ് മൃതദേഹം ഒഴുകിയെത്തിയത്.
മുൻ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കി പ്രതിപക്ഷ നേതാവ് വയനാട്ടിലേക്ക് തിരിച്ചു.
വടം കെട്ടി ആളുകളെ രക്ഷപ്പെടുത്താൻ ശ്രമം. വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയർന്നേക്കും
ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്
ടോൾ ഫ്രീ നമ്പർ- 1077
ജില്ലാ തലം - DEOC - 04936 204151
9562804151, 8078409770
സുൽത്താൻബത്തേരി
താലൂക്ക്
TEOC - 04936 223355, 220296
6238461385
മാനന്തവാടി താലൂക്ക് - 04935 241111, 240231
TEOC - 9446637748
വൈത്തിരി താലൂക്ക് - 04936 256100
TEOC - 8590842965
9447097705
മുണ്ടക്കൈയിൽ ഇനിയും എത്തിച്ചേരാനായിട്ടില്ല, ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ല,പുത്തുമലയേക്കാൾ വലിയ ദുരന്തമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ. പുഴയോരത്ത് പാടികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി.
ഉരുൾപൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കൊല്ലത്ത് നിന്നും 30 അംഗസംഘം വയനാട്ടിലേക്ക് തിരിച്ചു. ചെന്നൈയിൽ നിന്നും 30 അംഗസംഘം ഉടൻ വയനാട്ടിലേക്ക് തിരിക്കും
കെ രാജൻ, ഒ ആർ കേളു , മുഹമ്മദ് റിയാസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എ.കെ ശശീന്ദ്രൻ , കടന്നപ്പള്ളി എന്നീ മന്ത്രിമാർ അവിടേക്ക് തിരിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ 2 സംഘം സംഭവ സ്ഥലത്ത് എത്തിച്ചേരും
എട്ട് മണിയോടുകൂടി ഹെലികോപ്റ്ററുകൾ എത്തിക്കുമെന്ന് മന്ത്രി. കോഴിക്കോട്ടും കൊല്ലത്തും നിന്നുള്ള എൻഡിആർഎഫ് സംഘമെത്തും.
വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടലിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. 20 പേരെ കാണാനില്ലെന്ന് വാർഡ് മെമ്പർ നൂറുദ്ദീൻ. ഉരുൾപൊട്ടിയപ്പോൾ പലരും ഉറക്കത്തിലായിരുന്നു.
മന്ത്രി എ കെ ശശീന്ദ്രൻ വയനാട്ടിലേക്ക്. എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി. ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രി. ഗുരുതരമായ സാഹചര്യമെന്ന് എംഎൽഎ ടി സിദ്ദിഖ്.
ചൂരൽമല അങ്ങാടിയുടെ ഒരു ഭാഗം ഒലിച്ചുപോയി. വില്ലേജ് റോഡ് ഭാഗത്ത് വെള്ളം കയറി.
ഒരു വയസുള്ള കുട്ടിയുൾപ്പടെ രണ്ട് പേർ മരിച്ചു. ചൂരൽമല പാലം ഒലിച്ചുപോയി. പല സ്ഥലങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായതായി നാട്ടുകാർ.
സ്ഥലത്ത് റവന്യു മന്ത്രിയെത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഉരുൾപൊട്ടലിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
വയനാട്: മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഉരുൾ പൊട്ടിയത്. രണ്ട് മരണം സ്ഥിരീകരിച്ചു. നിരവധി പേർ മണ്ണിനടിയിൽ. സ്ഥലത്ത് എൻഡിആർഎഫ് സംഘം എത്തി.
അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്കും തുടരുകയാണ്.
കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ മണിക്കൂറുകളായി അതിശക്തമായ മഴ. ഉളിക്കൽ വട്ട്യാംതോട്, ചപ്പാത്ത് പാലങ്ങൾ വെള്ളത്തിനടിയിലായി. വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നു. ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങളിലും വെള്ളം കയറുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുള്ളതിനാൽ ചാലക്കുടി പുഴയുടെ പറവൂർ മേഖലയിലെ കൈവഴികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ ആളിയാർ ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 11 സ്പീൽവേ ഷട്ടറുകൾ 15 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ചിറ്റൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
മംഗലം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഉരുൾപൊട്ടിയതിനാൽ ഡാമിലേക്ക് നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ മംഗലം ഡാമിൻറെ ഷട്ടറുകൾ ഉയർത്തി. ചെറുകുന്നം പുഴയുടെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ പാലക്കാട് മീങ്കര ഡാമിൻ്റെ ഷട്ടറുകൾ നാളെ തുറക്കും. ഡാമിലെ പരമാവധി ജലനിരപ്പ് 156.36 മീറ്ററാണ്. നിലവിൽ ജലനിരപ്പ് 156.02 മീറ്ററാണ്. നാളെ രാവിലെ 7 മണിക്കാണ് ഡാമിൻറെ സ്പിൽവേ ഷട്ടറുകൾ ഉയർത്തുക.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. അവധി പരീക്ഷകളെ ബാധിക്കില്ല.
കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി. അങ്കണവാടികൾക്കും അവധി ബാധകമാണ്. കോളേജുകൾക്ക് അവധി ബാധകമല്ല.
വയനാട് പടിഞ്ഞാറത്തറ ബാണാസുര ഡാം നാളെ തുറക്കുമെന്ന് വയനാട് ജില്ലാ കളക്ടർ.
മഴ കനത്ത സാഹചര്യത്തിൽ ആളിയാർ ഡാമിൻറെ ഷട്ടറുകൾ വീണ്ടും തുറന്നു. ഡാമിൻറെ 9 ഷട്ടറുകൾ ഒൻപത് സെൻീമീറ്റർ വീതമാണ് തുറന്നത്.
കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30, 2024) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അധ്യാപകർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹാജരാകേണ്ടതാണ്. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെ (30.07.24 ചൊവ്വ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകളെ ബാധിക്കില്ല.
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്.
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
തൃശ്ശൂർ, വയനാട്, പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രൊഫണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കനത്ത മഴയെ തുടർന്ന് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പാലക്കാട് ജില്ലയിൽ റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, കോഴിക്കോട്, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിച്ചു.