തിരുവനന്തപുരം: 12 സീറ്റുകളിൽ ഒമ്പതെണ്ണം നേടി കേരള സർവകലാശാല സിൻഡിക്കേറ്റ് നിലനിർത്തി എൽഡിഎഫ്. രണ്ട് സീറ്റ് ബിജെപിക്കും ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. കഴിഞ്ഞ തവണ 12 സീറ്റുകളും നേടിയത് എൽഡിഎഫായിരുന്നെങ്കിൽ ഇത് ഇത്തവണ ഒമ്പതെണ്ണത്തിലേക്ക് ഒതുങ്ങി. ഹൈക്കോടതിയുടെ വിലക്കുള്ള 15 സെനറ്റംഗങ്ങളുടെ വോട്ട് മാറ്റി നിർത്തിയാണ് ഇപ്പോൾ വോട്ടെണ്ണൽ നടന്നത്. ഹൈക്കോടതി വിധിക്ക് ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക.
ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സെനറ്റ് അംഗങ്ങളുടേത് ഉള്‍പ്പടെയുള്ള വോട്ട് എണ്ണുന്നതിനാണ് സിംഗിള്‍ ബെഞ്ചിന്റെ വിലക്ക് നിലനിൽക്കുന്നത്. ഇതില്‍ 14 പേര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും ഒരാള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധിയുമാണ്. തർക്കമില്ലാത്ത വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് കോടതി ഉത്തരവിട്ടതോടെയാണ് വോട്ടെണ്ണാൻ തീരുമാനമായത്.
സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനത്തിന് 60 ദിവസം മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നതാണ് ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത 5 സെനറ്റംഗങ്ങളുടെ വിലക്കിന് കാരണം. സിന്‍ഡിക്കറ്റിലേക്ക് ഇടതുപക്ഷത്തിന്റെ മൂന്ന് അധ്യാപക പ്രതിനിധികള്‍ കഴിഞ്ഞദിവസം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോ. എസ് നസീബ്, പ്രൊഫ. വി മനോജ്, ഡോ. എം ലെനിൻ ലാൽ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ഇതിനിടെ വോട്ടെണ്ണലിൽ തർക്കം നേരിട്ടു. കോൺഗ്രസ് വോട്ട് ബിജെപിക്ക് ലഭിച്ചതായി എൽഡിഎഫ് ആരോപിച്ചതോടെയാണ് തർക്കമുണ്ടായി. ഡോ. എബ്രഹാമിൻ്റെ പ്രിഫറൻസ് വോട്ട് ബിജെപി സ്ഥാനാർത്ഥി പി എസ് ഗോപകുമാറിന് ലഭിച്ചെന്നായിരുന്നു ആരോപണം. എന്നാൽ സിപിഐഎം വോട്ടും ബിജെപിക്ക് ലഭിച്ചുവെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഇതോടെ തർക്കം മൂർച്ചിക്കുകയായിരുന്നു.