
തിരുവനന്തപുരം: തുടർച്ചയായി വൻ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയരുമ്പോഴും വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നും ഇവരിൽ നിന്ന് തട്ടിപ്പ് നടത്തിയ തുക തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ലഭിച്ചത് 'മറുപടി നൽകേണ്ടതില്ല' എന്ന വിചിത്രമായ ഉത്തരവാണ്. പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാർ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വാർത്തകൾ തുടർച്ചയായി പുറത്തുവരുന്ന സാഹചര്യത്തിലാണ് ജീവനക്കാർ നടത്തിയ തട്ടിപ്പ് സംബന്ധിച്ചുള്ള മറുപടി പഞ്ചാബ് നാഷണൽ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിൽ നിന്ന് തേടിയത്.
2014 മുതൽ നാളിതുവരെ ബാങ്കിൻ്റെ ഏതൊക്കെ ശാഖകളിലെ ജീവനക്കാർ എത്ര രൂപയുടെ സാമ്പത്തിക തിരിമറികൾ നടത്തി, അവർ നിലവിൽ ബാങ്കിൽ ജോലി ചെയ്യുന്നുണ്ടോ, തട്ടിപ്പ് നടത്തിയ തുക പ്രസ്തുത ജീവനക്കാരിൽ നിന്ന് തിരിച്ച് ഈടാക്കാൻ കഴിഞ്ഞോ , ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രോപ്പർ ചാനൽ പ്രസിഡൻ്റ് എം കെ ഹരിദാസ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ചത്. ലഭിച്ചതാകട്ടെ ഉത്തരം നൽകേണ്ടതില്ല എന്ന വിചിത്രമായ മറുപടിയും.
വിവരാവകാശ നിയമം 2 എഫ് പ്രകാരവും 8(1) പ്രകാരവും മറുപടി നൽകേണ്ടതില്ല എന്ന ബാങ്കിൻ്റെ വാദം നിലനിൽക്കുന്നതല്ല. ആർടിഐ ആക്ട് 2 F ൽ ഏതൊക്കെ വിവരങ്ങൾക്കായി അപേക്ഷ നൽകാം എന്നാണ് സൂചിപ്പിക്കുന്നത്. ഇതിൽ എവിടെയും ബാങ്ക് മോഷണ തട്ടിപ്പ് സംബന്ധിച്ച് മറുപടി നൽകേണ്ടതില്ല എന്ന് പറയുന്നില്ല. RTI ആക്ട് 8(1) ൽ പറയുന്നത് ദേശ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ നൽകരുത് എന്നാണ്. ഇതിൽ എവിടെയാണ് സുരക്ഷാ പ്രശ്നം നിലനിൽക്കുന്നത്. മാത്രമല്ല മൂന്നാം കക്ഷിക്ക് ദോഷമാകുന്ന വിധത്തിൽ തട്ടിപ്പു കാരുടെ പേര് വിവരങ്ങൾ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുമില്ല.
പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മാനേജർ 2022 ഡിസംബറിൽ കോഴിക്കോട് കോർപറേഷൻ്റെ 1.26 കോടി രൂപ തട്ടിയെടുത്തിരുന്നു. പിന്നീട് ബാങ്ക് തിരിച്ചടക്കുകയായിരുന്നു. ഗുരുവായൂർ ബ്രാഞ്ചിൽ ഒരു ജീവനക്കാരൻ ദേവസ്വത്തിൻ്റെ ദിവസ കലക്ഷനിൽ നിന്നും തിരിമറി നടത്തിയത് 25 ലക്ഷം രൂപയാണ്. ഇതും ബാങ്ക് തിരിച്ചടക്കുകയായിരുന്നു.