തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ശിവാനന്ദ പൈയും റിപ്പോർട്ടറിനോട് പറഞ്ഞു. കൂടുതൽ ജാഗ്രത വേണം. ഒരാഴ്ച മഴ തുടരും. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
അതിശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ മലയാറ്റൂര് വനം ഡിവിഷന് കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി അറിയിപ്പ് വന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള് ബുധന്, വ്യാഴം, വെള്ളി (ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കോട്ടയത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനം നിരോധിച്ചു. ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയ്ക്കും നിരോധനം ഏർപ്പെടുത്തി. ജില്ലയിലെ ഖനനപ്രവർത്തനങ്ങൾക്കും വിലക്കുണ്ട്.
ചാലക്കുടിയിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചു. ചാലക്കുടി പുഴയിൽ ഒന്നര മീറ്റർ കൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് വാൽവ് കൂടി തുറന്നു. ചാലക്കുടി പുഴ അപകടകരമായ ജലനിരപ്പിൽ എത്തി. ചാലക്കുടി പുഴയുടെ നിലവിലെ ജലനിരപ്പ് 8.10 മീറ്റർ ആണ്. അതിരപ്പിള്ളി, പരിയാരം, മേലൂർ , കാടുക്കുറ്റി, അന്നമനട , കൂടൂർ , എറിയാട് പ്രദേശങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചാണ് ജില്ലാ കലക്ടർ ഉത്തരവിറക്കിയത്.