തിരുവനന്തപുരം: അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞത് ശരിയായ കാര്യങ്ങളെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് വി മുരളീധരൻ. 'അദ്ദേഹം ആരെയും കുറ്റപെടുത്തിയില്ല, വസ്തുതകൾ വസ്തുതകൾ ആയി കാണാൻ കേരളം തയ്യാറാകണം, കേന്ദ്രം കേരളത്തോടൊപ്പം തന്നെയാണ് നിൽക്കുന്നത് എന്നും' മുൻ കേന്ദ്രമന്ത്രിയും കൂടിയായിരുന്ന വി മുരളീധരൻ പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പ്രകൃതി ദുരന്തത്തിൽ മരിച്ചത് 350ലധികം ആളുകളാണ്. ഡൽഹി ഐഐടിയുടെ നിർദേശങ്ങൾ കേരള സർക്കാർ ചെവിക്കൊണ്ടില്ല. അനധികൃത നിർമാണങ്ങൾ പാരിസ്ഥിതിക മേഖലകളിൽ നിരവധി ഉണ്ട്. കേരള സർക്കാർ കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകിയ മുന്നറിയിപ്പുകൾ കേട്ടില്ല എന്നത് വസ്തുതാപരമായാണ് അമിത് ഷാ സൂചിപ്പിച്ചത് എന്നും വി മുരളീധരൻ പറഞ്ഞു, കൽപറ്റയിലെ എക്കോളജി സെൻ്റർ നൽകിയ മുന്നറിയിപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നും മുരളീധരൻ പറഞ്ഞു.
അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ ഇടങ്ങളിൽ ഇത്തവണ കേരളമുണ്ടായിരുന്നു, മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പക്ഷെ സംസ്ഥാന സർക്കാർ അവഗണിച്ചു. ഇതെല്ലം ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പ് ഗൗരവത്തോടെ എടുക്കണമെന്നും സംസ്ഥാനം അതിനനുസരിച്ച് നടപടി എടുക്കണമെന്നും വി മുരളീധരൻ പ്രതികരിച്ചു.
'ഒരേ സ്വരത്തിലാണ് എംപിമാർ സഹായം ആവശ്യപ്പെട്ടത്,കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷ'; ഷാഫി പറമ്പിൽ