കൊച്ചി: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് നിലനില്ക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ (01-08-2024) യെല്ലോ അലേര്‍ട്ട് നിലനില്ക്കും.കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ വെള്ളിയാഴ്ച്ച (02-08-2024) യെല്ലോ അലേര്‍ട്ട് നിലനില്ക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മഴ സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ നാളെ സ്കൂളുകള്‍ക്ക് അവധിയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
കാസർകോട് ജില്ലയില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ,അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.
കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
വയനാട് ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
തൃശൂർ ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അവധിയെന്ന് കളക്ടർ അറിയിച്ചു
പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.
ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ മുതൽ അങ്കണവാടി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. എല്ലാ ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കളക്ടർ അറിയിച്ചു.