മുണ്ടക്കൈ ദുരന്തം; അതീവ ദുഃഖം രേഖപ്പെടുത്തി അഖിലേന്ത്യാ കിസാൻ സഭ

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പ്രാഥമികമായി 5 ലക്ഷം രൂപ സംഭവന നൽകും. ദുരിത ബാധിതരെ സഹായിക്കാനായി എഐകെഎസ് യൂണിറ്റുകൾ രാജ്യവ്യാപകമായി സംഭാവന ഡ്രൈവ് നടത്തും'

dot image

ന്യൂഡൽഹി: മുണ്ടക്കൈ ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി അഖിലേന്ത്യാ കിസാൻ സഭ ദേശീയ നേതൃത്വം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പ്രാഥമികമായി 5 ലക്ഷം രൂപ സംഭവന നൽകുമെന്നും എഐകെഎസ് ഭാരവാഹികൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കാനും വയനാടിനൊപ്പം നില്ക്കാനും എഐകെഎസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രക്ഷാപ്രവര്ത്തനങ്ങളില് സഹായിക്കാന് പ്രവര്ത്തകരോട് എഐകെഎസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. മുണ്ടക്കൈ ദുരിതബാധിതരെ സഹായിക്കാനായി രാജ്യവ്യാപകമായി എഐകെസ് യൂണിറ്റുകള് 2024 ഓഗസ്റ്റ് 10-ന് മാസ് ഫണ്ട് കളക്ഷന് ഡ്രൈവ് നടത്തണമെന്നും നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തന ശ്രമങ്ങള് പൂര്ത്തീകരിക്കുന്നതിനും ദുരിതാശ്വാസ പുനരധിവാസ പ്രക്രിയകള് ത്വരിതപ്പെടുത്തുന്നതിനും കേന്ദ്ര സര്ക്കാരില് നിന്നുള്ള അടിയന്തരവും സമഗ്രവുമായ സഹായം അനിവാര്യമാണെന്ന് എഐകെഎസ് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി കണക്കാക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തില് രക്ഷാപ്രവർത്തനം നടത്തണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു. മതിയായ നഷ്ടപരിഹാരം നല്കാനും ഇരകളുടെ കുടുംബങ്ങള്ക്ക് പിന്തുണ നല്കാനും ഫലപ്രദമായ പുനരധിവാസത്തിനും കേന്ദ്ര സര്ക്കാര് സംസ്ഥാനത്തെ സഹായിക്കണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു.

എന്ഡിആര്എഫ്, ഫയര്ഫോഴ്സ്, പോലീസ്, വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകള്, കെഎസ്ഇബി, രക്ഷാപ്രവര്ത്തകര്, സന്നദ്ധപ്രവര്ത്തകര്, മറ്റ് അത്യാഹിത സേവനങ്ങള്, സൈന്യം എന്നിവരുടെ നിസ്വാർത്ഥ സേവനത്തെയും എഐകെഎസ് ദേശീയ നേതൃത്വം അഭിവാദ്യം ചെയ്തു.

പ്രത്യേക സംഘങ്ങളുടെയും പൊതുസമൂഹത്തിൻ്റെയും പിന്തുണയോടെ കേരള സര്ക്കാര് അതിവേഗം രക്ഷാപ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിതര്ക്ക് ധനസഹായവും പുനരധിവാസവും ഉള്പ്പെടെയുള്ള സഹായങ്ങള് നല്കുന്നതിനുള്ള നടപടികള് കേരള സര്ക്കാര് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില് ദുരിതാശ്വാസ ക്യാമ്പുകള് തുറന്ന് ദുരിതബാധിതര്ക്കായി അവശ്യ സാധനങ്ങള് ശേഖരിക്കുന്നുണ്ട്. തേയില, കാപ്പി തോട്ടം തൊഴിലാളികളും പാവപ്പെട്ട കര്ഷകരുമാണ് ദുരന്തത്തിന് ഇരകളായവരിലേറെയുമെന്ന് എഐകെഎസ് അനുസ്മരിച്ചു. എഐകെഎസ് ജോയിന്റ് സെക്രട്ടറിയും കേരള കര്ഷക സംഘം ജനറല് സെക്രട്ടറിയുമായ വത്സന് പനോളിയുടെയും, എഐകെഎസ് കേന്ദ്ര കമ്മിറ്റി അംഗവും കര്ഷക സംഘം ജോയിന്റ് സെക്രട്ടറിയുമായ പ്രകാശന് മാസ്റ്ററുടെയും നേതൃത്വത്തിലുള്ള സംഘം ദുരിതാശ്വാസ സാമഗ്രികൾ ദുതിബാധിത മേഖലയിലെത്തിച്ചുവെന്നും വാർത്താക്കുറിപ്പിൽ എഐകെഎസ് ചൂണ്ടിക്കാണിച്ചു. എഐകെഎസ് അഖിലേന്ത്യാ പ്രസിഡൻ്റ് അശോക് ധാവ്ലെയും ജനറൽ സെക്രട്ടറി വിജു കൃഷ്ണനുമാണ് വാർത്താക്കുറിപ്പിൽ ഒപ്പിട്ടിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us