തിരുവനന്തപുരം: വയനാട് ജില്ലയില് ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില് ഓഗസ്റ്റ് 1ന് തിരുവനന്തപുരം അയ്യന്കാളി ഹാളില് വച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി നടത്താന് നിശ്ചയിച്ചിരുന്ന സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയായ ആംനസ്റ്റി പദ്ധതി 2024 ന്റെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചതായി ധനകാര്യവകുപ്പ്. എന്നാല് ആംനസ്റ്റി പദ്ധതി 2024 ഓഗസ്റ്റ് 1 ന് തന്നെ പ്രാബല്യത്തില് വരും.
ജി.എസ്.ടി നിലവില് വരുന്നതിന് മുന്പുണ്ടായിരുന്ന നികുതി നിയമങ്ങള് പ്രകാരമുള്ള കുടിശ്ശികകള് തീര്പ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റില് പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024. സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയ ആംനസ്റ്റി പദ്ധതികളില് ഏറ്റവും ബൃഹത്തായതും വ്യാപാര മേഖലയ്ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതുമായ ഒരു പദ്ധതിയാണ് കേരള സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന ഈ സമഗ്ര കുടിശ്ശിക തീര്പ്പാക്കല് പദ്ധതി.
കേരള മൂല്യ വര്ധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സര്ചാര്ജ് നിയമം,കേരള കാര്ഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുന്കാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകള് തീര്പ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമാകുന്നത്.എന്നാല് പൊതു വില്പന നികുതി നിയമത്തിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട നികുതി, വിറ്റുവരവ് നികുതി , കോംപൗണ്ടിങ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതിയുടെ ആനുകൂല്യമുണ്ടാകില്ല.
ആംനസ്റ്റി 2024 കുടിശ്ശികകളെ തുകയുടെ അടിസ്ഥാനത്തില് വിവിധ സ്ലാബുകളായി തരംതിരിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്ലാബില് നികുതിയിനത്തില് അന്പതിനായിരം രൂപവരെയുള്ള കുടിശ്ശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂര്ണ്ണമായും ഒഴിവാക്കുന്നതാണ് . രണ്ടാമത്തെ സ്ലാബായ അന്പതിനായിരം രൂപ മുതല് പത്തു ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകള്ക്ക് നികുതി തുകയുടെ 30% നല്കിയാല് മതി. മൂന്നാമത്തെ സ്ലാബായ പത്തുലക്ഷം രൂപ മുതല് ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകള്ക്ക് രണ്ടു തരം പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ലാബില്, അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകള്ക്ക് നികുതി തുകയുടെ 40% അടച്ചാല് മതിയാകും. ഈ സ്ലാബില് ഉള്ള അപ്പീലില് ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകള് തീര്പ്പാക്കുന്നതിന് നികുതി തുകയുടെ 50% ഒടുക്കിയാല് മതിയാകും. നാലാമത്തെ സ്ലാബായ ഒരു കോടി രൂപയില് അധികം നികുതി തുകയുള്ള കുടിശ്ശികകള്ക്കു് രണ്ട് തരം പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ലാബില്, അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശ്ശികകള്ക്ക് നികുതി തുകയുടെ 70% ഒടുക്കിയാല് മതിയാകും. ഈ സ്ലാബില് ഉള്ള അപ്പീലില് ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശ്ശികകള് തീര്പ്പാക്കുന്നതിന് നികുതി തുകയുടെ 80% ഒടുക്കിയാല് മതിയാകും.
പദ്ധതിയില് ചേരുന്നതിനുള്ള അവസാന തീയതി 2024 ഡിസംബര് 31 ആയിരിക്കും. പക്ഷെ പദ്ധതി ആരംഭിച്ച് 60 ദിവസങ്ങള്ക്കകം സമര്പ്പിക്കുന്ന അപേക്ഷകള്ക്ക് മാത്രമേ മേല്പറഞ്ഞ ഇളവുകള് ലഭ്യമാകുകയുള്ളൂ. 60 ദിവസങ്ങള്ക്ക് ശേഷം, എന്നാല് 2024 ഡിസംബര് 31 മുന്പ് അപേക്ഷിക്കുന്നവര്ക്ക് സര്ക്കാര് പിന്നീട് വിജ്ഞാപനം ചെയ്യുന്ന പ്രകാരമുള്ള കുറഞ്ഞ ആനുകൂല്യമേ അനുവദിക്കപ്പെടുകയുള്ളൂ.
ആംനസ്റ്റി പദ്ധതി പ്രകാരം കുടിശ്ശിക തീര്പ്പാക്കുന്നതിന് ഒടുക്കേണ്ട തുക മുന്കൂറായി ഒടുക്കിയ ശേഷമാണ് അപേക്ഷ സമര്പ്പിക്കേണ്ടത്. കുടിശ്ശികകള് തീര്പ്പാക്കുന്നതിനു ഓരോ നികുതി നിര്ണ്ണയ ഉത്തരവുകള്ക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നല്കേണ്ടതാണ്. ഈ പദ്ധതിയില് ഭാഗമാകുന്നവര്ക്കു കുടിശ്ശികയിലുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും , പിഴയിലും പലിശയിലും പൂര്ണ്ണ ഒഴിവും ലഭ്യമാകുന്നതാണ് . നിയമ വ്യവഹാരങ്ങളിലുള്ള കുടിശ്ശികകളും നികുതിയുടെ നിശ്ചിത ശതമാനം ഒടുക്കി തീര്പ്പുകല്പിക്കാവുന്നതാണ് .അന്പതിനായിരം രൂപ വരെ നികുതി കുടിശ്ശിക ഉള്ളവരെ ഈ പദ്ധതി പ്രകാരം പ്രത്യേകം അപേക്ഷ സമര്പ്പിക്കാതെ തന്നെ കുടിശ്ശികകള് തീര്പ്പാക്കിയതായി കണക്കാക്കുന്നതാണ്.
ഏതെങ്കിലും ഒരു നികുതി നിര്ണ്ണയ ഉത്തരവുമായി ബന്ധപ്പെട്ട് ടി സ്കീം പ്രകാരം ഒടുക്കേണ്ടതായ നികുതി തുക, പ്രസ്തുത നികുതിദായകന് ഇതിനോടകം റവന്യൂ റിക്കവറി നടപടിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഒടുക്കിയിട്ടുണ്ടെങ്കില് അത്തരത്തിലുള്ള നികുതി കുടിശ്ശികകളും നികുതിദായകര് പ്രത്യേകം അപേക്ഷ സമര്പ്പിക്കാതെ തന്നെ തീര്പ്പാക്കിയതായി കണക്കാക്കുന്നതാണ്. ഏതെങ്കിലും ഒരു ഓര്ഡറുമായി ബന്ധപ്പെട്ട് അപ്പലേറ്റ് അതോറിറ്റി / റിവിഷണല് അതോറിറ്റി, ട്രിബ്യുണല് , മറ്റു കോടതികള് എന്നിവ പുറപ്പെടുവിക്കുന്ന ഓര്ഡറുകള്ക്കനുസൃതമായ മോഡിഫൈഡ് ഓര്ഡര് ലഭ്യമാകാത്ത പക്ഷം അത്തരം നികുതിദായകര്ക്കും പെയ്മെന്റ് ഇല്ലാതെ അപേക്ഷ സമര്പ്പിക്കാവുന്നതാണ്. പ്രസ്തുത നികുതി നിര്ണ്ണയ ഉത്തരവുകള് മോഡിഫൈ ചെയ്തു ലഭ്യമായി അറുപതു ദിവസത്തിനകം ഈ പദ്ധതി പ്രകാരമുള്ള തുക ഒടുക്കി കുടിശ്ശിക തീര്പ്പാക്കാവുന്നതാണ്. പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള തുക ഇ-ട്രഷറി പോര്ട്ടലായ www.etreasury.kerala.gov.in എന്ന വെബ്സൈറ്റ് വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങള് ഉള്പ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ വകുപ്പിന്റെ വെബ്സൈറ്റായ www.keralataxes.gov.in വഴി സമര്പ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല് വിവരങ്ങള്ക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദര്ശിക്കാവുന്നതാണ്.