'മുണ്ടക്കൈ ഉരുൾപൊട്ടല് അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം';അമിത് ഷായ്ക്ക് കത്തുനൽകി തരൂർ

അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എംപിമാർക്കും കൂടുതല് സഹായങ്ങൾ ചെയ്യാൻ സാധിക്കുമെന്നും ശശി തരൂർ പറഞ്ഞു

dot image

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടല് അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തുനൽകി ശശി തരൂർ എംപി. അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എംപിമാർക്കും കൂടുതല് സഹായങ്ങൾ ചെയ്യാൻ സാധിക്കുമെന്നും എംപി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം 1 കോടി രൂപയുടെ വരെ സഹായങ്ങൾ ദുരിതബാധിത മേഖലയ്ക്ക് നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്ത് പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാം. ദുരന്തബാധിത പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന നടപടിയായിരിക്കുമിതെന്നും ശശി തരൂർ പറഞ്ഞു.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസം എന്താണെന്ന് തടസം ഉന്നയിച്ചവർ പറയട്ടെയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. വയനാട് നടന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

ദുരന്തത്തിലെ പ്രവർത്തനം ഒരേ മനസോടെയാണെന്ന് സർവ്വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ഇപ്പോൾ കൂടുതൽ ശ്രദ്ധിച്ചത് രക്ഷാപ്രവർത്തനത്തിലാണ്. ഏറ്റവും മികവാർന്ന പ്രവർത്തനം പട്ടാളത്തിൻ്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണിനിടയിലുള്ള ആളുകളെ കണ്ടെത്താൻ മെഷിനറി ഉണ്ടായിരുന്നില്ല. പാലം വന്നതോടെ ആ പ്രതിസന്ധി മാറി. മെഷിനറികൾ ഇനി പാലത്തിലൂടെ കൊണ്ടുപോകാം. കിട്ടിയിട്ടുള്ളതിൽ ഒരു ഭാഗം ചിതറിയ ശരീരങ്ങളാണ്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. നിലമ്പൂർ ഭാഗത്തേക്ക് ഒഴുകി പോയ ശരീര ഭാഗങ്ങൾ കണ്ടത്താൻ ശ്രമം തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://www.youtube.com/watch?v=QJkOiH4TeXM&t=87s
dot image
To advertise here,contact us
dot image