വയനാടിന് റെഡ് അലേർട്ട് വന്നത് എല്ലാം കഴിഞ്ഞശേഷം; കേന്ദ്രം സ്ഥാപിച്ച ഉരുൾപൊട്ടൽ മുന്നറിയിപ്പും പച്ച

ഉരുൾപൊട്ടൽ ഉണ്ടായ ദിവസം ജൂലൈ 30 ന് രാവിലെയാണ് വയനാടിന് റെഡ് അലേർട്ടും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും ഉണ്ടായത്

dot image

തിരുവനന്തപുരം: വയനാടിന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി ചർച്ചയാകുകയാണ്. വാസ്തവത്തിൽ ശക്തമായ മഴ പെയ്ത ഈ ദിവസങ്ങളിൽ ഒന്നും തന്നെ ജില്ലയ്ക്ക് റെഡ് അലേർട്ട് നൽകിയിട്ടില്ല. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വയനാട് സ്ഥാപിച്ചിട്ടുള്ള ലാൻഡ്സ്ലൈഡ് വാണിങ് സംവിധാനത്തിലും ഈ ദിവസങ്ങളിലൊന്നും ചുവപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.

കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് അമിത്ഷാ പറയുന്ന 23-ന് കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മാത്രമാണ് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നത്. 25-ന് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് നല്കിയപ്പോഴും വയനാട് ജില്ലയ്ക്ക് മഞ്ഞ മുന്നറിയിപ്പായിരുന്നു. 29-ന് ഉച്ചയ്ക്ക് നൽകിയതും മഞ്ഞ മുന്നറിയിപ്പാണ്. ഉരുൾപൊട്ടൽ ഉണ്ടായ ദിവസം ജൂലൈ 30 ന് രാവിലെയാണ് വയനാടിന് റെഡ് അലേർട്ടും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും ഉണ്ടായത്.

അതിജീവനത്തിൻ്റെ അതിവേഗം; രാത്രി വൈകിയും ബെയ്ലി പാലനിര്മ്മാണം; സമാന്തരമായി മറ്റൊരു പാലവും

കേന്ദ്രം വയനാട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് 29-ന് ഉച്ചയ്ക്ക് രണ്ടിന് പുറത്തുവന്ന അറിയിപ്പിലും ജില്ലയ്ക്ക് പൂർണമായും പച്ച മുന്നറിയിപ്പാണ് നൽകിയിരുന്നത്. ഉരുൾപൊട്ടലിന് തീരെ സാധ്യതയില്ലെന്നാണ് ഈ മുന്നറിയിപ്പുകൊണ്ട് അർഥമാക്കുന്നത്. എന്നാൽ, ചെറിയതോതിലുളള ഉരുൾപൊട്ടൽ സാധ്യതകൾ തള്ളിക്കളയുന്നുമില്ല. ജൂലായ് 30-നും റെയിൻഫാൾ ഇൻഡ്യൂസ്ഡ് ലാൻഡ്സ്ലൈഡ് ഫോർകാസ്റ്റ് ബുള്ളറ്റിനിൽ പച്ചമുന്നറിയിപ്പാണുള്ളത്.

15.6 മില്ലീ മീറ്റർ മുതൽ 64.4 മില്ലീമീറ്റർവരെയുണ്ടാകുന്ന നേരിയതോതിലുണ്ടാവുന്ന മഴയ്ക്കാണ് പച്ച മുന്നറിയിപ്പാണ് നൽകുന്നത്. ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളപ്പോഴാണ് മഞ്ഞ മുന്നറിയിപ്പ് നൽകുന്നത്. 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ളപ്പോഴാണ് ഈ അലേർട്ട്. 115.6 മില്ലീമീറ്റർമുതൽ 204.4 മില്ലീമീറ്റർവരെയുള്ള ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോൾ ഓറഞ്ച് അലെർട്ട് നൽകും. ജാഗ്രത പാലിക്കാനുള്ളതാണ് ഈ മുന്നറിയിപ്പ്. 204.4 മില്ലീ മീറ്ററിനുമുകളിൽ അതിശക്തമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് ചുവപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പുള്ളപ്പോൾ ജനങ്ങളെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുളള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us