കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ അനാഥരായ കുഞ്ഞുങ്ങളുണ്ടെങ്കിൽ താനും ഭാര്യയും ഏറ്റെടുത്തു വളർത്തുമെന്ന കോഴിക്കോട് സ്വദേശി സുധീഷിന്റെ ആവശ്യത്തിന് മറുപടി നൽകി മന്ത്രി വീണാ ജോർജ്. സുധീഷിന്റെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ്. വേദന പൂർണമായും മനസ്സിലാക്കുന്നുവെന്നും സുധിയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിയുടെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് സുധീഷ് കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ തയാറാണെന്ന കുറിപ്പിട്ടത്. ''അനാധാരായെന്നു തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മാഡം, എനിക്ക് കുട്ടികളില്ല. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം'', എന്നായിരുന്നു സുധീഷിന്റെ ആവശ്യം. എന്നാൽ കുട്ടികളെ ദത്തെടുക്കാനുള്ള നടപടിക്രമങ്ങൾ മന്ത്രി വ്യക്തമാക്കി. നിയമപരമായ നടപടികളിലൂടെ കുട്ടികളെ ദത്തെടുക്കാമെന്നും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി(CARA)യിൽ രജിസ്റ്റർ ചെയ്താൽ സുധീഷിനെപോലെ ആവശ്യമുന്നയിക്കുന്നവർക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പ്
എൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമൻ്റ് ശ്രദ്ധയിൽപ്പെട്ടു. വയനാട്ടിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിനിടെ ഇത് ശ്രദ്ധയിലേക്ക് വന്നിരുന്നില്ല. പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ് . അങ്ങേക്കും വൈഫിനും സ്നേഹാദരവുകൾ. മാതാപിതാക്കൾ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത്. 6 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുൻനിർത്തിയാണ് ചെയ്യേണ്ടത്. CARAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷണയിൽ നിലവിലുള്ള ഏതൊരു കുഞ്ഞിൻ്റെയും ദത്തെടുക്കൽ നടപടിക്രമങ്ങളിൽ സുധിയ്ക്കും പങ്കുചേരാൻ കഴിയും. സുധിയെ പോലെ പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തിൽ അവർക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നത്.