വയനാടിനെ ചേർത്ത് പിടിക്കാൻ എൻഎസ്എസ് യൂണിറ്റുകൾ;150 വീടുകൾ നിർമിച്ച് നൽകും

ആരോഗ്യ സർവകലാശാല എൻഎസ്എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കും

dot image

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ സ്കൂളുകളിലെയും കോളേജുകളിലെയും നാഷണൽ സർവീസ് സ്കീം അംഗങ്ങൾ. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങി ഇടങ്ങളിലെ വീട് നഷ്ടമായ 150 കുടുംബങ്ങൾക്ക് നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ വീടുകൾ പണിതു നൽകും. സ്വന്തമായി വീടില്ലാത്ത നിർധന സഹപാഠികൾക്ക് 'സ്നേഹവീടുകൾ' ഒരുക്കി സേവനമേഖലയിൽ പുതുമാതൃക സൃഷ്ടിച്ചവരാണ് നാഷണൽ സർവീസ് സ്കീം. എൻഎസ്എസ് ഇതുവരെ ഏറ്റെടുത്തതിൽ വെച്ച് ഏറ്റവും വലിയ സന്നദ്ധ പ്രവർത്തനങ്ങളിൽ ഒന്നാകും ഇത്.

സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക. കാലിക്കറ്റ് സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ ടിഐ തുടങ്ങിയവയിലെ എൻഎസ്എസ് സെല്ലുകളുടെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകളും എൻഎസ്എസ് മുൻ പ്രോഗ്രാം കോർഡിനേറ്റർമാരും സംസ്ഥാന ഓഫിസർമാരും ഈ സ്നേഹ ദൗത്യത്തിൽ പങ്കാളികളാകും.

അതോടൊപ്പം ദുരന്തബാധിതർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് മെൻ്റൽ ട്രോമ മറികടക്കാൻ വേണ്ട വിദഗ്ധ കൗൺസലിങ് നൽകാനും എൻഎസ്എസ് തീരുമാനിച്ചിട്ടുണ്ട്. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാർഥികളിൽ പ്രത്യേക ശ്രദ്ധ കൊടുക്കാനായി 'ബാക്ക് ടു സ്കൂൾ, ബാക്ക് ടു കോളജ്' ക്യാമ്പയിനും എൻഎസ്എസ് രൂപകല്പന ചെയ്തിട്ടുണ്ട്. 'ബാക്ക് ടു സ്കൂളി'ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ എൻഎസ്എസ് നൽകും. ആരോഗ്യ സർവകലാശാല എൻഎസ്എസ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കും.

LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ
dot image
To advertise here,contact us
dot image