കൽപറ്റ: ദുരന്തഭൂമിയുടെ വ്യാപ്തി നേരിൽ കണ്ട് അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുണ്ടക്കൈയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ. 'അന്ന് രാത്രി ഏകദേശം 1.50 ഓടെയാണ് ഞങ്ങൾ സംഭവം അറിയുന്നത്. നൈറ്റ് പെട്രോളിങ്ങിന് പോയ ഫോറസ്റ്റ് സംഘം പാലത്തിന് താഴെ വെള്ളം കലങ്ങി ഒഴുകുന്നതായി ശ്രദ്ധിച്ചു. ഉടൻ തന്നെ പരിസരത്തുള്ള ആളുകൾക്ക് നിർദേശം നൽകി. വെള്ളം കലങ്ങിയിട്ടുണ്ട്, എത്രയും പെട്ടെന്ന് സ്ഥലത്ത് നിന്ന് മാറണമെന്നും നിർദേശം നൽകി. നിർദേശം നൽകി പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ പാലവും അവിടെ നിന്ന് നാട്ടുകാരും ഒലിച്ചു പോവുന്നതാണ് ഞങ്ങൾ കണ്ടത്' ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാർ പറഞ്ഞു.
'ഉടൻ തന്നെ വണ്ടിയുമായി എത്തി ഏകദേശം 45 പേരെ രക്ഷപ്പെടുത്തി. ആദ്യത്തെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇടയിലാണ് രണ്ടാമതും ഉരുൾപൊട്ടൽ ഉണ്ടായത്. അപ്പോൾ ഞങ്ങൾ എല്ലാവരും ഓടി രക്ഷപ്പെട്ടു. പറ്റന്നവരെയെല്ലാം ഞങ്ങൾ രക്ഷപ്പെടുത്തി'അദ്ദേഹം പറഞ്ഞു. 'പച്ചക്കാട് ഭാഗത്ത് ആനയുണ്ടെന്ന് അറിഞ്ഞാണ് അന്ന് ഞങ്ങൾ നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയത്. രാത്രി 1.15വരെ ആനയെ നോക്കിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പുഞ്ചിരിമറ്റം കോളനിയിലേക്കും അട്ടമലകോളനിയിലേക്കും പരിശോധനക്കായി പോവുമ്പോഴെല്ലാം നല്ല മഴയായിരുന്നു, കൂടാതെ പുഴയിൽ വെള്ളം പൊങ്ങി തുടങ്ങിയിരുന്നു. തുടർന്ന് ചിത്രങ്ങൾ എല്ലാം പകർത്തി ആളുകൾക്ക് അയച്ചു കൊടുത്തു. എത്രയും വേഗം രക്ഷപ്പെടാൻ നിർദേശം നൽകി' മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
'പിന്നീട് വീടിനുള്ളിൽ ചെളിയും മണ്ണും കയറി തുടങ്ങി എന്ന് പറഞ്ഞ് ആളുകൾ വിളിക്കാൻ തുടങ്ങി. അന്ന് ഒരു അസ്വാഭാവിക അനന്തരീക്ഷം തന്നെയായിരുന്നു ചുറ്റുപാടും. ആനകളും മൃഗങ്ങളും മനുഷ്യരുമെല്ലാം നിലവിളിക്കുന്ന ശബ്ദം മാത്രമായിരുന്നു അന്തരീക്ഷം മുഴുവനും. ഫോറസ്റ്റ് ഓഫീസിലെ വണ്ടി ഒന്നരമണിക്കൂർ നിർത്തിയിട്ട് ആ വെളിച്ചത്തിലായിരുന്നു അന്ന് രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ളത്' ഉദ്യോഗസ്ഥൻ പറഞ്ഞു.