തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില് നാളെ യെല്ലോ അലര്ട്ടായിരിക്കും. അടുത്ത 3 മണിക്കൂറില് കൊല്ലം, ആലപ്പുഴ ജില്ലകളില് ഇടത്തരം മഴയ്ക്കും മണിക്കൂറില് 50 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറ്റ് ജില്ലകളില് നേരിയ മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള് നിലവില് ഇല്ലെങ്കിലും ജാഗ്രതയില് വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്ദേശം. ഒറ്റപ്പെട്ടയിടങ്ങളില്, പ്രത്യേകിച്ച് വടക്കന് ജില്ലകളില് ശക്തമായ മഴ തുടരാന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില് കനത്ത മഴ പെയ്ത പ്രദേശങ്ങളില് അതീവ ജാഗ്രത വേണം. ഉരുള്പൊട്ടല്, മണ്ണിടിച്ചില്, മലവെള്ളപ്പാച്ചില് സാധ്യതാ പ്രദേശങ്ങളില് നിന്ന് ആളുകള് മാറി താമസിക്കണം. കേരളാ തീരത്ത് നാളെ ഉയര്ന്ന തിരമാലകള്ക്ക് സാധ്യത ഉണ്ട്.
കള്ളകടല് മുന്നറിയിപ്പുമുണ്ട്. കേരളാ തീരം മുതല് തെക്കന് ഗുജറാത്ത് തീരം വരെ ന്യൂനമര്ദപാത്തി നിലനില്ക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.