കോഴിക്കോട്: വിലങ്ങാട് ഉരുള്പൊട്ടലില് വീട് നഷ്ടപ്പെട്ടവര്ക്ക് 20 വീടുകള് വെച്ചുനല്കുമെന്ന് വടകര എംപി ഷാഫി പറമ്പില്. പൂര്ണ്ണമായും വാസയോഗ്യമല്ലാതെ വീടും പുരയിടവും കൃഷിയിടവും അടക്കം നഷ്ടപ്പെട്ട 20 പേര്ക്ക് വീടുവെച്ചു നല്കുമെന്നാണ് ഷാഫി പറമ്പില് അറിയിച്ചു.
'മനുഷ്യായുസ് കൊണ്ടു നേടിയതെല്ലാം നഷ്ടപ്പെട്ടവരാണ് വിലങ്ങാടുള്ളത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ജീവന് കിട്ടിയത്. എല്ലാം നഷ്ടപ്പെട്ടവരുണ്ട്. പൂര്ണ്ണമായും വാസയോഗ്യമല്ലാതെ വീടും പുരയിടവും നഷ്ടപ്പെട്ട 20 കുടുംബങ്ങള്ക്ക് വീട് വെച്ചുനല്കും', എം പി അറിയിച്ചു.
വിലങ്ങാട് ഉരുള്പൊട്ടലില് 20 ഓളം വീടുകള്ക്കാണ് നാശനഷ്ടം സംഭവിച്ചത്. വിവിധ ഇടങ്ങളിലായി പത്ത് തവണ ഈ പ്രദേശത്ത് ഉരുള്പൊട്ടിയിരുന്നു. മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, പാനേം, വലിയ പാനോം, പന്നിയേരി, മുച്ചങ്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്പൊട്ടിയത്.
അടിച്ചിപ്പാറയിലുണ്ടായ ഉരുള് പൊട്ടലില് കുമ്പളച്ചോല എല്.പി സ്കൂള് റിട്ട. അധ്യാപകന് മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കല് മാത്യു മരണപ്പെട്ടിരുന്നു. തന്റെ പ്രദേശത്ത് ദുരന്തമുണ്ടായെന്ന് അറിഞ്ഞപ്പോള് നാട്ടുകാരെ സഹായിക്കാനിറങ്ങിയാണ് മലവെള്ളപ്പാച്ചിലില്പ്പെട്ടത്. കുമ്പളച്ചോല ഗവ. എല് പി സ്കൂള് അധ്യാപകനാണ് മാത്യൂ മാഷ്. തൊട്ടടുത്ത പഞ്ചായത്തുകാരനായ മാത്യു 19 വര്ഷം മുമ്പാണ് ഇവിടുത്തെ ഗവ. എല്.പി. സ്കൂളില് അധ്യാപകനായി എത്തുന്നത്.