തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിൻ്റെ സാഹചര്യത്തില്‍ ദുരന്ത മേഖലയിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേക മാനസികാരോഗ്യ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ടെലി മെഡിസിൻ്റെ സഹായത്തോടെ ആവശ്യമായ സേവനം നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 137 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയവരുടെ തുടര്‍ കൗണ്‍സിലിംഗിന് അതേ കൗണ്‍സിലറുടെ തന്നെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഭവന സന്ദര്‍ശനം നടത്തുന്ന സൈക്കോസോഷ്യല്‍ ടീമില്‍ ഫീല്‍ഡ് തല സേവനം നടത്തുന്ന ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിവിധ ജീവനക്കാര്‍ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്കി. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിളെടുക്കുന്നതിന് മുമ്പ് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.
പ്രധാന തിരച്ചില്‍ മേഖലകളില്‍ പെട്ടെന്ന് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് രണ്ട് പുതിയ ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു. മുണ്ടക്കൈയിലും ചൂരല്‍മലയിലെ ബെയ്ലി പാലത്തിനടുത്തുമാണ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. വിവിധ രോഗങ്ങളുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് ചികിത്സ ഉറപ്പാക്കി വരുന്നു. പാലിയേറ്റീവ് രോഗികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കിയിട്ടുണ്ട്. രോഗികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ള ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കും. എല്ലാ ക്യാമ്പുകളിലും സ്വകാര്യത ഉറപ്പുവരുത്തുന്ന മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വനിത ശിശുവികസന വകുപ്പ് പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 147 ആംബുലന്‍സുകള്‍ സജ്ജമാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി 115 ഫ്രീസറുകള്‍ അധികമായുണ്ട്. 219 മൃതദേഹങ്ങളും 150 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുള്‍പ്പെടെ 366 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തി. ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ ഷിഫ്റ്റടിസ്ഥാനത്തില് കൃത്യമായി സേവനമനുഷ്ഠിക്കണം. ക്യാമ്പുകളില്‍ ജീവനക്കാര്‍ മാസ്ക് ധരിക്കാനും മന്ത്രി നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെഎംഎസ്സിഎല് ജനറല്‍ മാനേജര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.