ക്യാമ്പുകളിൽ കമ്മ്യൂണിറ്റി കിച്ചനൊരുക്കി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ

അവസാനത്തെ മനുഷ്യന് വേണ്ടിയുള്ള തിരച്ചിൽ അവസാനിക്കുന്നത് വരെയും കിച്ചൻ ഇവിടെ പ്രവർത്തിക്കുമെന്നാണ് കമ്മ്യൂണിറ്റി കിച്ചനിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുടമകൾ പറയുന്നത്

dot image

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ദുരിതമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർക്കും ഭക്ഷണം ഒരുക്കി നൽകുകയാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. കഴിഞ്ഞ ദിവസങ്ങളിൽ വരെ സന്നദ്ധ സംഘടനകളാണ് ഇവിടെ ഭക്ഷണം വിതരണം ചെയ്തിരുന്നത്. വിതരണത്തിൽ ഏകീകരണം കൊണ്ട് വരാനും ക്വാളിറ്റി ഉറപ്പ് വരുത്താനും ക്യാമ്പുകളിൽ തന്നെ ഭക്ഷണമുണ്ടാക്കാൻ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ശേഷം സന്നദ്ധ സംഘടനകളിൽ നിന്നുളള ഭക്ഷണ വിതരണം തത്കാലത്തേക്ക് നിർത്തി വെക്കുകയും ചെയ്തു. ഇതാണ് പിന്നീട് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഏറ്റെടുത്തത്.

മേപ്പാടി പോളി ടെക്നിക് കോളേജിലാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി കിച്ചൻ ഒരുക്കിയിട്ടുള്ളത്. അയ്യായിരത്തോളം പേർക്കാണ് ഇവിടെ ഒരു നേരം ഭക്ഷണം ഒരുക്കുന്നത്. രാവിലെ നാല് മണിക്ക് തുടങ്ങുന്ന കിച്ചനിൽ നിന്നുള്ള ആദ്യ ഭക്ഷണം തിരച്ചിൽ നടത്തുന്നവർക്കായി മല മുകളിലേക്കെത്തിക്കും. നിലവിൽ വെജിറ്റേറിയൻ ഭക്ഷണമാണ് ഒരുക്കിയിട്ടുള്ളത്. വെജിറ്റേറിയൻ മാത്രം കഴിക്കുന്ന സൈനികരടക്കമുള്ള ചിലരെ കൂടി പരിഗണിച്ചാണ് സർക്കാരിന്റെ ഈ നിർദേശമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പറഞ്ഞു. പൊലീസ് സ്ക്വാഡിനൊപ്പമുള്ള നായകൾക്കും ഇവിടെ പ്രത്യേകമായി തന്നെ ഭക്ഷണം തയ്യാറാക്കുന്നുണ്ട്. ഹോട്ടൽ ഉടമകളാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റിന്റെ മുഴുവൻ സമയ നിരീക്ഷണവും കിച്ചനിലുണ്ട്. അവസാനത്തെ മനുഷ്യന് വേണ്ടിയുള്ള തിരച്ചിൽ അവസാനിക്കുന്നത് വരെയും കിച്ചൻ ഇവിടെ പ്രവർത്തിക്കുമെന്നാണ് കമ്മ്യൂണിറ്റി കിച്ചനിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുടമകൾ പറയുന്നത്.

തിരച്ചിലിനെത്തിയ മാല്പെയെ അധികൃതര് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു; അര്ജുന്റെ സഹോദരി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us