കൊച്ചി: വയനാട് ഉരുള്പൊട്ടല് ദുരിതബാധിതരുടെ പുനരധിവാസത്തിന് മാതൃകാ പദ്ധതി തയാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. എല്ലാവരുടെയും പിന്തുണയോടെ സുരക്ഷിതമായ ടൗണ്ഷിപ്പ് രൂപത്തിലുള്ള പദ്ധതിയാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന് എല്ലാ മേഖലകളിലുമുള്ളവര് കൈ കോര്ക്കണമെന്ന് അദ്ദേഹം അഭ്യര്ത്ഥിച്ചു.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് വയനാട് കളക്ടറേറ്റില് തോട്ടം ഉടമകളുടെയും പ്രതിനിധികളുടെയും യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി. സര്ക്കാരിന്റെ ദുരിതാശ്വാസ പ്രതികരണ നിധി വഴിയാണ് പുനരധിവാസം നടപ്പാക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നിക്ഷിപ്ത താല്പര്യക്കാര് നടത്തുന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണ്. ധനകാര്യ വകുപ്പ് സെക്രട്ടറിക്കാണ് നിധിയുടെ ചുമതല. ഓരോ രൂപയ്ക്കും കണക്കുണ്ട്. വിവരാവകാശ നിയമത്തിന്റെ പരിധിയില് വരുന്നതിനാല് ആര്ക്കും ഇതിന്റെ വിവരങ്ങള് തേടാം. സിഎജിയുടെ ഓഡിറ്റിനും ഈ തുക വിധേയമാണെന്ന് മന്ത്രി പറഞ്ഞു.
കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രമല്ല, ജീവിതമാര്ഗവും സമ്പാദ്യവും നഷ്ടപ്പെട്ടവരാണ് ഇപ്പോള് ക്യാമ്പുകളില് കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ലാന്ഡ് റവന്യു ജോയിന്റ് കമ്മീഷണറും വയനാടിന്റെ മുന് ജില്ലാ കളക്ടറുമായ എ ഗീതയെ സര്ക്കാര് ചുമതലപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസ പ്രക്രിയയില് പങ്കാളികളാകാന് സന്നദ്ധത അറിയിച്ച തോട്ടം ഉടമകളെയും സംഘടകനളെയും മന്ത്രി അഭിനന്ദിച്ചു.