കൽപറ്റ: നാല് ദിവസമായി വൈറ്റ് ഗാർഡ് ഉൾപ്പടെ പല സന്നദ്ധ സംഘടങ്ങൾ നൽകി വന്നിരുന്ന ഭക്ഷണ വിതരണം നിർത്തണമെന്ന് പറഞ്ഞതിൽ പ്രതിഷേധമല്ല വേദനയാണ് ഉള്ളതെന്ന് അറിയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസ്. ഒരു ദുരന്തമുഖത്ത് പ്രതിഷേധിക്കുകയല്ല ചെയ്യേണ്ടത് അത് ഞങ്ങളുടെ രീതിയുമല്ല. എന്നാൽ കഴിഞ്ഞ ദിവസം ഡിഐജി അടക്കം വൈറ്റ് ഗാര്ഡിനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ട് വന്നത്. അതുകൊണ്ടാണ് വൈറ്റ് ഗാര്ഡ് പ്രവർത്തകർ ഭക്ഷണ വിതരണം നിർത്തിവെയ്ക്കാൻ തീരുമാനിച്ചതെന്നും പി കെ ഫിറോസ് പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവനയോടും പി കെ ഫിറോസ് പ്രതികരിച്ചു. ഭക്ഷണ വിതരണം തുടരുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ ഔദ്യോഗികമായി സർക്കാർ ആവശ്യപ്പെട്ടാൽ നാളെ മുതൽ തന്നെ ഭക്ഷണ വിതരണം പുനരാരംഭിക്കുമെന്നും പി കെ ഫിറോസ് അറിയിച്ചു. പാസ് ഉൾപ്പെടെ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അതിനുള്ള അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണം നിർത്താൻ കാരണം പൊലീസിൻ്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന ഇതിൽ ഇടപെടലുകൾ ഉണ്ടോ എന്ന് സംശയിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസമായി ഭക്ഷണം കഴിച്ച ആരും പരാതി പറഞ്ഞില്ലെന്നും കൃത്യമായ പാസ് ലഭിച്ച ശേഷമാണ് ഭക്ഷണ വിതരണം തുടങ്ങിയതെന്നും കൃത്യമായി പരിശോധിച്ച ശേഷമാണ് ഭക്ഷണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കൈ ചൂരല്മലയില് ഉരുള്പൊട്ടലില് ദുരിതമനുഭവിക്കുന്നവര്ക്കും രക്ഷാപ്രവര്ത്തകര്ക്കും ഭക്ഷണം നല്കുന്നതില് നിന്ന് സന്നദ്ധപ്രവര്ത്തകരെ തടയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. ഭക്ഷണപൊതികള് തടയില്ലെന്നും ഭക്ഷണം നല്കുന്നത് തുടരാമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തിയ മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്ഡിനെ പൊലീസ് തടഞ്ഞ സാഹചര്യത്തില് പരാതികള് ഉയര്ന്നിരുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്ഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. എന്നാല് ഇവരുടെ ഭക്ഷണ വിതരണം നിര്ത്തണമെന്ന നിര്ദ്ദേശം പൊലീസ് നല്കിയതിന് പിന്നാലെ മടങ്ങുകയാണെന്ന് വൈറ്റ് ഗാര്ഡിൻ്റെ ചെറുപ്പക്കാര് പറഞ്ഞിരുന്നു.
നിങ്ങളുടെ സേവനം ഇനി ആവശ്യമില്ലെന്ന് പ്രവര്ത്തകരോട് ഡിഐജി തോംസണ് പറഞ്ഞതായും പരാതി ഉയര്ന്നിരുന്നു. സംഭവം റിപ്പോര്ട്ടര് വാര്ത്തയാക്കിയ സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടത്. ഭക്ഷണം ഉണ്ടാക്കുന്നത് പരിശോധിച്ച് നല്ലതാണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും റിയാസ് പറഞ്ഞു.