മാതൃക ഏറ്റെടുക്കപ്പെടട്ടെ, സര്ക്കാരിനും സാധാരണക്കാര്ക്കും വേണ്ടി റിപ്പോർട്ടറിന് നന്ദി:ആര് ബിന്ദു

കുഞ്ഞു മക്കളുടെ കുടുക്കയില് നിന്ന് പോലും സംഭാവന ലഭിക്കുന്നുവെന്നത് അഭിമാനകരം

dot image

കല്പ്പറ്റ: മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തത്തിലെ അതിജീവിതര്ക്ക് ടൗണ്ഷിപ്പ് നിര്മ്മിച്ചു നല്കാനുള്ള റിപ്പോര്ട്ടര് ടി വി സന്നദ്ധതയെ പ്രശംസിച്ച് മന്ത്രി ആര് ബിന്ദു. മികച്ച ആശയമാണ് റിപ്പോര്ട്ടര് മാനേജ്മെൻ്റ് മുന്നോട്ടുവെച്ചത്. അഭിനന്ദനീയമാണ്. ഇക്കാര്യത്തില് സര്ക്കാരിന് വേണ്ടിയും എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യര്ക്ക് വേണ്ടിയും താന് നന്ദി അറിയിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പ്രതികരിച്ചു.

റിപ്പോര്ട്ടര് മാതൃക ഏറ്റെടുക്കപ്പെടട്ടെ. കുഞ്ഞു മക്കളുടെ കുടുക്കയില് നിന്ന് പോലും സംഭാവന ലഭിക്കുന്നുവെന്നത് അഭിമാനകരമാണ്. ഈ നാടിനെയോര്ത്ത് അഭിമാനം തോന്നുന്ന നിമിഷം. ഒരു നാടിനെ പുനഃസൃഷ്ടിക്കാന് നമുക്ക് കൈക്കോര്ക്കാമെന്നും മന്ത്രി ബിന്ദു റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു.

റിപ്പോര്ട്ടര് ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് റിപ്പോര്ട്ടര് ടിവിയിലൂടെയാണ് അതിജീവിതര്ക്ക് ടൗണ്ഷിപ്പ് നിര്മ്മാണത്തിന് സന്നദ്ധത അറിയിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പ്രൊപ്പോസല് നല്കുമെന്നും മുണ്ടക്കൈയെ പുനസൃഷ്ടിക്കേണ്ടതുണ്ടെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.

'ടൗണ്ഷിപ്പിന് 150 ഏക്കര് സ്ഥലം വിട്ടു നല്കും. നൂറോളം വീടുകള് വെച്ചുനല്കും. 15 സെന്റില് മൂന്ന് ബെഡ്റൂം ഉള്ള വീടുകള് വെച്ചു നല്കാനാണ് ആഗ്രഹിക്കുന്നത്. ടൗണ്ഷിപ്പ് റിപ്പോര്ട്ടര് ടിവിയുടെ നേതൃത്വത്തില് ഉണ്ടാക്കാന് തയ്യാറാണെന്ന് അറിയിക്കുകയാണ്. ഇക്കാര്യം പ്രൊപ്പോസല് ആയി മുഖ്യമന്ത്രിയെ അറിയിക്കും', എന്നായിരുന്നു ആന്റോ അഗസ്റ്റിന് അറിയിച്ചത്.

മുണ്ടക്കൈയില് മതില്ക്കെട്ടുകളുണ്ടായിരുന്നില്ലായെന്നതാണ് പ്രത്യേകത. പുത്തുമലയില് സംഭവിച്ചതുപോലെ കോളനി സംവിധാനം ഉണ്ടാക്കികൊടുക്കരുത്. പല വഴികളുള്ള ടൗണ്ഷിപ്പ് ആയിരിക്കണം അത്. ആ പ്രൊജക്ടിന്റെ അകത്ത് എല്ലാവര്ക്കും സംഭാവന ചെയ്യാം. എന്റെ പേര് ഉള്പ്പെടെ അവിടെ ആര്ക്കും അവകാശവാദങ്ങള് ഉണ്ടാവേണ്ടതില്ല. 600 വീടുകള് ഉണ്ടാക്കുകയെന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തില് നമുക്ക് ബുദ്ധിമുട്ടില്ലെന്നും ആന്റോ അഗസ്റ്റിന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us