കൊച്ചി: താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർക്കും ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനുള്ളിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി സീനിയര് സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
മെയ് നാലിന് പുലർച്ചെ സിബിഐ സംഘം പ്രതികളെ വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയാണ് സിബിഐ നാല് പ്രതികളെയും കസ്റ്റഡിയിൽ എടുത്തത്. എട്ട് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലിൽ വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കലിൽ വെക്കൽ, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കൽ, 330-ഭയപ്പെടുത്തി മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കൽ, 323-ദേഹോപദ്രവം ഏൽപിക്കൽ, 324-ആയുധം ഉപയോഗിച്ച് മർദിച്ച് ഗുരുതര പരിക്ക് ഏൽപിക്കൽ, 34 സംഘം ചേർന്നുള്ള അതിക്രമം എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല് വീട്ടില് താമിർ ജിഫ്രി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് പുലർച്ചെ താമിർ ജിഫ്രി മരിച്ചു. ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. താമിർ ജിഫ്രി ഉള്പ്പടെയുള്ള യുവാക്കളെ ചേളാരിയിലെ വാടകമുറിയിൽ നിന്നാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തതെന്ന വിവരം പുറത്ത് വിട്ടത് റിപ്പോർട്ടര് ടിവി ആയിരുന്നു. ഇതിനെ തുർന്ന് താമിർ ജിഫ്രിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ക്രൈം ബ്രാഞ്ച് ഉള്പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്ക്ക് നീതി കിട്ടില്ലെന്നായിരുന്നു താമിര് ജിഫ്രിയുടെ കുടുംബത്തിൻ്റെ പരാതി. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില് സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു.
സിബിഐ കേസ് താമിര് ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്ദേശിക്കുകയായിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര് കസ്റ്റഡി കൊലപാതകത്തില് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില് മുഖ്യമന്ത്രി ഒപ്പിട്ടത്. താമിര് ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും റിപ്പോർട്ടർ ടിവിയാണ് പുറത്ത് വിട്ടത്.