സംതൃപ്തിയോടെ രക്ഷാപ്രവർത്തനം; ചാരിതാർത്ഥ്യത്തോടെ മേജര് ജനറല് വി ടി മാത്യുവിൻ്റെ മടക്കം

'1999ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിനു ശേഷം ഇത്രയും വലിയ രക്ഷാപ്രവര്ത്തനത്തില് ഏര്പ്പെട്ടിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള് വയനാട് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.

dot image

കൽപ്പറ്റ: വയനാട് ചൂരല്മലയിലും മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തില് രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയ സേന ഉദ്യോഗസ്ഥനാണ് മേജര് ജനറല് വി ടി മാത്യു. കഴിഞ്ഞ ആറ് ദിവസത്തെ രക്ഷാപ്രവർത്തനത്തിൽ നൂറ് കണക്കിനാളുകൾക്ക് രക്ഷനേടാൻ വഴി തുറന്നതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് മേജര് ജനറല് വി ടി മാത്യു. അദ്ദേഹം മടങ്ങുമ്പോൾ ഒരു നാടിന്റെ സ്നേഹവും ആദരവും അറിയിച്ചുകൊണ്ട് യാത്രയയപ്പ് നല്കുകയാണ് ജില്ലാ കളക്ടര് ഡി ആര് മേഘശ്രീ അടങ്ങുന്ന സംഘം. ബംഗളൂരുവിലുള്ള കേരള-കര്ണാടക ഹെഡ് ക്വാര്ട്ടേഴ്സ് കേന്ദ്രീകരിച്ചാവും ജില്ലയിലെ രക്ഷാപ്രവര്ത്തനങ്ങളും തിരച്ചിലും ഇനി അദ്ദേഹം നിരീക്ഷിക്കുക.

ചൂരല്മല, മുണ്ടക്കൈ ഭാഗങ്ങളില് ഉരുള്പൊട്ടല് നടന്ന ഉടന് തന്നെ പൊലീസ്, ഫയര്ഫോഴ്സ്, എന്ഡിആര്എഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള് രക്ഷാ പ്രവര്ത്തനം ആരംഭിച്ചിരുന്നു. ജൂലൈ 30ന് ഉച്ചയ്ക്ക് 12.30നാണ് ഇന്ത്യന് സേനാ വിഭാഗം എത്തുന്നത്. ആദ്യ ഘട്ടത്തില് തന്നെ നിരവധി ആളുകളെ രക്ഷിച്ചു. ജൂലൈ 31നാണ് കേരള-കര്ണാടക ജിഒസി (ജനറല് ഓഫീസര് കമാന്ഡിങ്) മേജര് ജനറല് വി ടി മാത്യു വരുന്നതും രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും.

അഞ്ഞൂറിൽ പരം സേനാംഗങ്ങളില് മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ബെയ്ലി പാലം നിര്മ്മിക്കുന്നതില് അതിവിദഗ്ധരായ സൈനികരും ഉള്പ്പെട്ടിരുന്നു. ആദ്യ ദിനം 300 പേരെയാണ് ദുരന്തമുഖത്ത് നിന്ന് എല്ലാവരും ചേര്ന്ന് രക്ഷപ്പെടുത്തിയത്. ഉടന് തന്നെ ബെയ്ലി പാല നിര്മ്മാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവര്ത്തനത്തിന് നടപ്പാലവും നിര്മ്മിച്ചു. അന്ന് മുതല് രക്ഷാപ്രവര്ത്തനത്തിന് മുമ്പില് ഉണ്ടായിരുന്നത് മലയാളിയായ മേജര് ജനറല് വി ടി മാത്യു ആയിരുന്നു.

രാപ്പകലില്ലാതെ മുഴുവന് സേനാംഗങ്ങൾക്കൊപ്പം നടത്തിയ കഠിനപ്രയത്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഗവര്ണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഒന്നടങ്കം രക്ഷാപ്രവര്ത്തനത്തെ അഭിനന്ദിച്ചു. ഏകദേശം 500 പേരെയാണ് രണ്ട് ദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്. 500 സൈനികർ ഇപ്പോഴും രക്ഷാപ്രവര്ത്തനം തുടരുകയാണ്.

പ്രതികൂല കാലവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ട് കൂടി കൂടുതല് പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാന് സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്നാണ് വി ടി മാത്യു പറഞ്ഞത്. ദേശീയ ദുരന്തനിവാരണ സേന (എന്ഡിആര്എഫ്), സിവില് ഡിഫന്സ് ഉള്പ്പെടെ ഫയര്ഫോഴ്സ്, പൊലീസ് സ്പെഷ്യല് ഓപ്പറേഷന് ഗ്രൂപ്പ്, ഇന്ത്യന് സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്ഡ് മെക്കാനിക്കല് എന്ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല് ആര്മി, ഡിഫന്സ് സെക്യൂരിറ്റി കോര്പ്സ്, നേവി, കോസ്റ്റ് ഗാര്ഡ്, തമിഴ്നാട് ഫയര്ഫോഴ്സ്, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്റ്റ സ്ക്വാഡ്, കേരള പൊലീസിന്റെ ഇന്ത്യന് റിസര്വ്ബറ്റാലിയന്, വനം വകുപ്പ്, നാട്ടുകാര്, സന്നദ്ധ പ്രവര്ത്തകര് ഉൾപ്പെടെയുള്ളവർ നല്കിയ സേവനം രക്ഷാപ്രവര്ത്തനത്തിന് വലിയ തോതിൽ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്ക്കാരിൻ്റെ, പ്രത്യേകിച്ച് കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടേയും കേരള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേരിട്ടുള്ള നിരീക്ഷണവും മാര്ഗ്ഗനിര്ദ്ദേശങ്ങളും രക്ഷാപ്രവര്ത്തനത്തിന് കരുത്തേകി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമമായ പ്രവര്ത്തനവും ഏകോപനവും ഏറെ പ്രയോജനം ചെയ്തു. ആദ്യഘട്ടത്തില് ജീവന് പോലും പണയപ്പെടുത്തിയാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. ആവശ്യമുണ്ടെങ്കില് വീണ്ടും ജില്ലയില് എത്തുമെന്നും മേജര് ജനറല് പറഞ്ഞു.

'1999ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിനു ശേഷം ഇത്രയും വലിയ രക്ഷാപ്രവര്ത്തനത്തില് ഏര്പ്പെട്ടിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള് വയനാട് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. 'കുട്ടികളും പ്രായമായവരും സ്ത്രീകളും യുവാക്കളും ഉള്പ്പെടെ നൂറുകണക്കിനാളുകള് മരിച്ചതില് ഏറെ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ എല്ലാ സേനാംഗങ്ങളും പങ്കുചേരുന്നു', അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴുമുട്ടത്താണ് വി ടി മാത്യുവിന്റെ ജനനം. മാതാപിതാക്കള് പരേതനായ മാത്യു മാളിയേക്കല്, റോസക്കുട്ടി മാത്യു മാളിയേക്കല്. ഭാര്യ മിനി, മകള് പിഫാനി സോഫ്റ്റ് വെയർ എന്ജിനീയറായി ജോലി ചെയ്യുകയാണ്. മകന് മെവിന് ഡല്ഹിയില് ബി ടെക് മൂന്നാം വര്ഷ വിദ്യാര്ത്ഥിയാണ്. പതിനൊന്നാം ക്ലാസ് വരെ(1985) തിരുവനന്തപുരം സൈനിക സ്കൂളിലായിരുന്നു അദ്ദേഹം പഠനം പൂർത്തിയാക്കിയത്. പിന്നീട് നാഷണല് ഡിഫന്സ് അക്കാദമി പൂനെയില് പഠനവും പരിശീലനവും. തുടര്ന്ന് ഇന്ത്യന് മിലിറ്ററി അക്കാദമിയില് പരിശീലനം നേടി.

മദ്രാസ് റെജിമെന്റിലാണ് ആദ്യമായി ജോലിയില് പ്രവേശിക്കുന്നത്. പാകിസ്താൻ അതിര്ത്തിയിലും (കാശ്മീരില്) ചൈന അതിര്ത്തിയിലും കമാന്ഡിങ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. 2021ല് രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023 ല് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും അദ്ദേഹത്തിന് ലഭിച്ചുട്ടുണ്ട്. ആഫ്രിക്കന് രാജ്യങ്ങളായ സുഡാനിലും കോംഗോയിലും യു എന് സമാധാന സേനയുടെ ഭാഗമായി രണ്ട് വര്ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുത്തൊഴുക്കിൽ ചീന്തിയെറിയപ്പെട്ടത് മുണ്ടക്കൈയുടെ ഛായാചിത്രം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us