മേപ്പാടി: ദുരന്തബാധിത പ്രദേശത്ത് പൂർണമായി തകർന്നത് 309 വീടുകളാണെന്ന് കെഎസ്ഇബിയുടെ കണക്ക്. നൂറിനടുത്ത് വീടുകൾ ഭാഗീകമായി തകർന്നു. നിലവിൽ ജില്ല ഭരണകൂടം ആവശ്യപ്പെട്ടിടത്തെല്ലാം വെദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെഎസ്ഇബി മേപ്പാടി അസി. എൻജിനീയർ ജയൻ റിപ്പോർട്ടറിനോട് പറഞ്ഞു. കെഎസ്ഇബി മേപ്പാടി സെക്ഷൻ്റെ കീഴിലാണ് ദുരന്ത ഭൂമി ആകെ വരുന്നത്.
കെഎസ്ഇബിയുടെ കണക്കിൽ ദുരന്ത പ്രദേശത്ത് 1200 ഉപഭോക്താക്കളാണ് ഉള്ളത്. അതിൽ മീറ്റർ റീഡർമാരുടെ വാക്കിങ് ഓർഡർ പ്രകാരം 309 വീടുകളാണ് പൂർണമായി തകർന്നത്. ഭാഗീകമായി നൂറോളം വീടുകളും തകർന്നിട്ടുണ്ട്. ഇത് കൂടാതെ കടകളും മറ്റ് സ്ഥാപനങ്ങളുമായി വേറെയും നൂറ് കെട്ടിടങ്ങളും പൂർണമായും തകർന്നിട്ടുണ്ടെന്നും അസി. എൻജിനീയർ ജയൻ റിപ്പോർട്ടറിനോട് പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടായ ദിവസം വൈകുന്നേരത്തോടുകൂടി വൈദ്യുതി മന്ത്രി അടക്കമുള്ളവർ ക്യാമ്പ് ചെയ്ത് അവരുടെ നിർദേശപ്രകാരം സ്ട്രീറ്റ് ലൈറ്റുകൾ ശരിയാക്കിയിരുന്നു. കൂടാതെ ദുരന്തനിവാരണ അതോറിറ്റി പറഞ്ഞ പ്രകാരം സ്പ്ലെ എത്തിച്ചു. പത്ത് പേര് ചേർന്ന ഒരു ടീമായി പ്രദേശം നിരീക്ഷിച്ച് വെളിച്ചം എത്തിച്ചുകൊണ്ടിരിക്കുകയാണ്.
'ഉരുൾപൊട്ടിയ സമയത്ത് തന്നെ കൺട്രോൾ റൂമിൽ നിന്ന് വിവരങ്ങൾ ലഭിച്ചിരുന്നു. ആ സമയത്ത് തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ അവിടെ എത്തി. പുലർച്ചെ നാലരയോടു കൂടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ അപകടം സംഭവിക്കാതിരിക്കാൻ ആ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തുടർന്ന കെഎസ്ഇബി ജീവനക്കാരും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. ലൈൻ കമ്പികൾ വീടുന് ചുറ്റും കിടന്നതെല്ലാം മുറിച്ച് മാറ്റി. പോസ്റ്റുകൾ നീക്കം ചെയ്തു. ചില വീടുകളിൽ ജീവനുള്ളവരും ഉണ്ടായിരുന്നു. അവരെയും രക്ഷപെടുത്താനായി. വൈദ്യുതി സപ്ലെയുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ഇവിടെ വരുമ്പോൾ ഇവിടെയുള്ളയാളുകളുമായി സംസാരിച്ച് എല്ലാവരുമായും ഒരു ബന്ധമുണ്ടായിരുന്നു. പക്ഷെ ഇന്ന് ഇവിടെ വരുമ്പോൾ അവരാരുമില്ല. ഞങ്ങൾക്കത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല', ജയൻ പറഞ്ഞു.
തിരച്ചിൽ എട്ടാം നാൾ; ഇന്ന് സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊർജിത തിരച്ചിൽ