കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് നവജാത ശിശുവിനെ കൊന്ന കേസ്; അമ്മ രേഷ്മയ്ക്ക് 10 വർഷം കഠിന തടവ്

ജനുവരി നാലിന് രാത്രി കുളിമുറിയിൽ പ്രസവിച്ച രേഷ്മ കുഞ്ഞിനെ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചു. ശേഷം ഒന്നും സംഭവിക്കാത്ത വിധം ഭർത്താവിനൊപ്പം മുറിയിൽ വന്ന് കിടന്നുറങ്ങി.

dot image

കൊല്ലം: നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച് കൊന്ന കേസിൽ പ്രതിയായ അമ്മ രേഷ്മയ്ക്ക് 10 വർഷം തടവ് ശിക്ഷ. കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ ഒരു വർഷം കഠിന തടവും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 2021 ജനുവരി അഞ്ചിനാണ് പ്രസവിച്ചയുടൻ ആൺ കുഞ്ഞിനെ വീടിന് പിന്നിലെ റബ്ബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. കസ്റ്റഡിയിൽ കഴിഞ്ഞ കാലം കുറച്ച് തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് കുഞ്ഞിനെ ജീവനോടെ കണ്ടെത്തുന്നത്. പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ഗർഭിണിയായതും പ്രസവിച്ചതും രേഷ്മ ഭർത്താവ് വിഷ്ണുവിൽ നിന്നും കാമുകനിൽ നിന്നും മറച്ചുവെക്കുകയായിരുന്നു. വിഷ്ണുവിനും രേഷ്മയ്ക്കും ഒരു കുഞ്ഞുണ്ട്. രണ്ടാമതൊരു കുഞ്ഞുകൂടിയായാൽ സ്വീകരിക്കില്ലെന്ന് കാമുകൻ പറഞ്ഞിരുന്നു.

ജനുവരി നാലിന് രാത്രി കുളിമുറിയിൽ പ്രസവിച്ച രേഷ്മ കുഞ്ഞിനെ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചു. ശേഷം ഒന്നും സംഭവിക്കാത്ത വിധം ഭർത്താവിനൊപ്പം മുറിയിൽ വന്ന് കിടന്നുറങ്ങി. വിഷ്ണുവാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പുലർച്ചെ കരച്ചിൽ കേട്ട് വിഷ്ണു റബ്ബർ തോട്ടത്തിൽ പോയപ്പോഴായിരുന്നു കരിയില മൂടിയ നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുഞ്ഞിനെ ആദ്യം കൊല്ലം മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എസ്എടിയിലേക്കും മാറ്റി. വെന്റിലേറ്ററിലാക്കിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

കുഞ്ഞ് മരിച്ച മൂന്നാഴ്ചയ്ക്ക് ശേഷം സമീപത്തെ സ്ത്രീകളെ പൊലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ പ്രസവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ പ്രസവം നടന്നോ എന്ന് കണ്ടെത്താനാകൂ എന്നത് രേഷ്മയ്ക്ക് സഹായകമായി. എന്നാൽ പിന്നീട് പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ രേഷ്മ കുടുങ്ങി. മരിച്ച കുഞ്ഞ് രേഷ്മയുടേതാണെന്ന് പരിശോധനയിൽ കണ്ടെത്തി. പിന്നാലെ പൊലീസ് രേഷ്മയെ അറസ്റ്റ് ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഉപേക്ഷിച്ചെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയും സഹോദരിയുടെ മകളുമാണ് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ രേഷ്മയോട് ചാറ്റ് ചെയ്തതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ സംഭവം പുറത്തുവന്നതോടെ ഇരുവരും പുഴയിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us