തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പേരൂർക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ 39 പേർ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 23ന് മരിച്ച കണ്ണറവിള, അനുലാൽ ഭവനിൽ അഖിൽ(27) ഉൾപ്പെടെയാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രോഗബാധയുടെ ഉറവിടമെന്ന് സംശയിക്കുന്ന കാവിൻകുളത്തിൽ കുളിച്ച കൂടുതൽ പേർക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടൽ. ഛർദി, തലവേദന, കഴുത്തിന്റെ പിൻഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം എന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
എന്താണ് അമീബിക് മെനിഞ്ചോ എന്സെഫലൈറ്റിസ്?
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധമുള്ള ആളുകളില് വളരെ അപൂര്വമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എന്സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്ക ജ്വരം. ഈ അപൂര്വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ലോകത്ത് ഇത്തരം വെള്ളവുമായി സമ്പര്ക്കത്തില് വന്ന 10 ലക്ഷത്തോളം പേരില് 2.6 പേരില് മാത്രമാണ് ഈ രോഗം വരുന്നതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.
ഈ രോഗം മനുഷ്യരില് നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില് ജീവിക്കുന്ന അമീബ മൂക്കിലെ നേര്ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില് കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില് സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്പ്പെട്ട രോഗാണുക്കള് മൂക്കിലെ നേര്ത്ത സുഷിരങ്ങള് വഴി ബാധിക്കുന്നു. മനുഷ്യന്റെ ശരീരത്തില് കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.