തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം വർധിച്ചിട്ടും രോഗ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. രോഗ ബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്ന നെയ്യാറ്റിൻകര നെല്ലിമൂട് പൊതുകുളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. പരിശോധന ഫലത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
നിലവിൽ നാലുപേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. പേരൂർക്കട സ്വദേശിക്കാണ് ഒടുവിലായി രോഗം കണ്ടെത്തിയത്. ആദ്യം രോഗം സ്ഥിരീകരിച്ചവർ ഒരേ കുളത്തിൽ കുളിച്ചതാണെങ്കിലും കുളത്തിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ വകുപ്പിനെ കുഴപ്പിക്കുകയാണ്. വീണ്ടും കുളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നു വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കാനാണ് വകുപ്പിന്റെ തീരുമാനം.
അതിനിടെ രോഗലക്ഷണങ്ങളുമായി എത്തിയ രണ്ടുപേരെ കൂടി നിരീക്ഷണത്തിലാക്കി. നെല്ലിമൂട് സ്വദേശികളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള യുവാക്കൾക്കൊപ്പം കുളത്തിൽ കുളിച്ചവരാണ് ഇവരും. പനി ബാധിക്കായുള്ള ഫിവർ ഐ.സിയുവിലാണ് ഇവരെ പ്രവേശിച്ചിരുന്നത്. ഇതോടെ ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായി. രോഗികളുടെ എണ്ണം കൂടിയാൽ ഐസിയുവിന് പുറമേ പ്രത്യേക വാർഡും തുറക്കും.