ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികള്ക്കെതിരെ കള്ളക്കേസ് നല്കിയെന്ന് പരാതി. അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന് കാണിച്ചു സ്ഥലം ഉടമയാണ് പരാതി നല്കിയത്. പരാതിയില് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് കോടതി വിധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്.
2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള് ചേര്ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്ദ്ദേശ പ്രകാരം 8ാം വാര്ഡില് തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്ത്തികള് നടത്തിയത്. എന്നാല് തൊഴിലുറപ്പ് തൊഴിലാളികള് ചേര്ന്ന് സ്വന്തം സ്ഥലത്തെ മരം വെട്ടിമാറ്റിയെന്ന് കാണിച്ച് സ്ഥലം ഉടമ യോഹന്നാന് തരകന് സിവില് കേസ് നല്കി. കേസില് മുന് പഞ്ചായത്ത് മെമ്പര് കെ പി രാജീവാണ് ഒന്നാം പ്രതി. 8 വര്ഷത്തിനിപ്പുറം കേസില് വിധി വന്നിരിക്കുന്നത്. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികള് സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്കണമെന്നതാണ് വിധി.
ദിവസ കൂലിക്ക് തൊഴിലെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെ സംബന്ധിച്ച് 10 ലക്ഷം രൂപ നല്കേണ്ടി വരുക എന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അസാധ്യമാണ്. 130 ഓളം തൊഴിലുറപ്പ് തൊഴിലാളികള് ചേര്ന്നാണ് അന്ന് പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്ത്തികള് ചെയ്തതെന്നും എന്നാല് കൂട്ടത്തില് ഉണ്ടായിരുന്ന മറ്റുള്ളവരെ ഒഴിവാക്കി 12 പേര്ക്കെതിരെ കേസ് കൊടുത്തത് വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നും ഇവര് ആരോപിക്കുന്നു.
മേല്ക്കോടതിയില് അപ്പീല് പോകാന് ആണ് തൊഴിലാളികളുടെ തീരുമാനം. എന്നാല് തന്റെ സ്ഥലത്തെ മരം മുറിച്ചതിനാണ് പരാതി നല്കിയതെന്നാണ് സ്ഥല ഉടമ യേഹന്നാന് പറയുന്നത്.