തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) ഒരുങ്ങി ഏരീസ് കൊല്ലം സെയ്ലേഴ്സ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടീം ലോഗോ പ്രകാശനം ചെയ്തു. ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനുമായ സര് സോഹന്‍ റോയ് ആണ് ടീമുടമ. ടീം ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്, ഐക്കണ്‍ പ്ലയറായി മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും ഐപിഎല്‍ താരവുമായ സച്ചിന് ബേബി എന്നിവരെ പ്രഖ്യാപിച്ചു. ടീമിന്റെ ഔദ്യോഗിക പതാകയും, ടാഗ് ലൈനും പുറത്തിറക്കി. 'എടാ മോനെ , കൊല്ലം പൊളിയല്ലേ...' എന്നതാണ് ടീമിന്റെ ടാഗ് ലൈൻ ഏരീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ എന്‍ പ്രഭിരാജാണ് ടീമിന്റെ സിഇഒ. ഫിസിയോയായി ആഷിലി ടോമിയും ട്രൈനെറായി കിരണും , വീഡിയോ അനലിസ്റ്റായി ആരോണും, ബോളിങ് കോച്ചായി മോനിഷും, ബാറ്റിങ് കോച്ചായി നിജിലേഷും സംഘത്തിലുണ്ട്.
മറൈന്‍ മേഖലയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഏരീസ്, കപ്പല്‍ ആങ്കറിനെയും ക്രിക്കറ്റിനെയും കൂട്ടിക്കലര്‍ത്തിയ ലോഗോയാണ് പുറത്തിറക്കിയത്. നാളെ തിരുവനന്തപുരം ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ലേലത്തില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ സാധിക്കുമെന്ന് ഡോ എൻ പ്രഭിരാജ് പറഞ്ഞു .കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ക്രിക്കറ്റിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ ടീമിന് സാധിക്കുമെന്നും പ്രഭിരാജ് കുട്ടിച്ചേർത്തു .
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തിൽ കെസിഎല്ലിൽ നിന്നു ലാഭം ലഭിക്കുകയാണെങ്കിൽ അനാഥരായ അവിടുത്തെ കുട്ടികളുടെ പഠനം, കരിയര്‍ ഡിസൈന്‍, തുടങ്ങി ജോലി ലഭിക്കുന്നതുവരെയുള്ള മുഴുവന്‍ ചിലവുകളും, മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടമായ പത്തു കുട്ടികളുടെ പഠന ചിലവും ഏറ്റെടുക്കുന്നതിലേക്ക് വകയിരുത്തുമെന്ന് ഉടമയായ സോഹന്‍ റോയ് പറഞ്ഞു. കെസിഎല്ലിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തില്‍ വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് മികച്ച അവസരമാണ് കൊല്ലം ടീമിലൂടെ സാക്ഷാത്കരിക്കുന്നതെന്നും, എല്ലാവിധ സഹായങ്ങളും ഏരീസ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലും ഈവർഷം തന്നെ ക്രിക്കറ്റ് ക്ലബ്ബുകളും കൊല്ലം സെയിലേഴ്സിന്റെ ഫാൻസ് ക്ലബ്ബുകളും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഏരീസ് ഗ്രൂപ്പ് സിംബാബ്വെയില് നടന്ന 'സിം ആഫ്രോ ടി -ടെന്‍' ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത പ്രമുഖ ടീമായ 'ഹരാരെ ഹരി കെന്‍സിന്റെ' ഉടമകളായിരുന്നു. ഇന്ത്യന്‍ താരങ്ങളായ എസ് ശ്രീശാന്ത്, ഇര്ഫാന് പഠാന്, റോബിന് ഉത്തപ്പ, ഇയാന്‍ മോര്ഗന്, ജെപി ഡുമ്നി, മുഹമ്മദ് നബി എന്നിവർ ഈ ടീമിന്റെ ഭാഗമായിരുന്നു.
പാരിസ് ഒളിംപിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനു ഭാകറിനൊപ്പംമലയാളി താരം ശ്രീജേഷും