കാസര്കോട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് ശേഖരിക്കുന്ന ഫണ്ട് സമാഹരണത്തില് നിയന്ത്രണം ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹര്ജി ഹൈക്കോടതി തള്ളിയതില് പ്രതികരിച്ച് ഹര്ജിക്കാരന് സി ഷുക്കൂര്.
ഹര്ജിക്കാരന് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്ന് നിര്ദ്ദേശിച്ചാണ് ഹര്ജി തള്ളിയത്.
ഷൂക്കൂറിന്റെ പ്രതികരണം
'ബഹു ഹൈക്കോടതി ഇന്നലെ സമര്പ്പിച്ച പൊതു താല്പര്യ ഹര്ജി തീര്പ്പാക്കിയിട്ടുണ്ട്.
അഥവാ തള്ളിയിട്ടുണ്ട്.
രണ്ട് കാരണങ്ങള് നീരീക്ഷിച്ചു എന്നാണ് എന്റെ അഭിഭാഷകനില് നിന്നും മനസ്സിലാക്കിയത്.
ഒന്നു .
മറ്റു അധികാരികളെ സമീപിക്കാതെ നേരിട്ടു കോടതിയെ സമീപിച്ചു.
രണ്ടു :
ഫണ്ടു ദുരുപയോഗം ചെയ്തതിനു തെളിവുകള് ഹാജരാക്കുവാന് സാധിച്ചിട്ടില്ല.
ഇന്നലെ ഫയല് ചെയ്തതു മുതല് സജ്ജീവമായ ചര്ച്ച ഈ വിഷയത്തില് നടന്നു എന്നതു തന്നെ ഒരു പോസിറ്റിവ് കാര്യമായി ഞാന് കാണുന്നു.
ഇത്തരം ഫണ്ടുകള്(Crowd ഫണ്ട് പിരിക്കുന്നതില് ) മോണിറ്ററിംഗ് വേണമെന്ന എന്റെ ആവശ്യം ബന്ധപ്പെട്ട അധികാരികള്ക്ക് മുമ്പില് സമര്പ്പിക്കും.
ദുരിതാശ്വാസ നിധിയില് ഞാന് പണം നല്കിയിട്ടുണ്ട്. ഈ ഹര്ജി സമര്പ്പിച്ച നിലയില് വീണ്ടും പണം നല്കുവാന് കോടതി നിര്ദേശിച്ചിട്ടുണ്ട്.
അതു നല്കുന്നതില് എനിക്കു സന്തോഷമേ ഉളൂ.
പോരാട്ടം തുടരും
പിന്തുണ വേണം.
ബഹു കോടതിയോട് ആദരവ്.'
ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന് നമ്പ്യാര്, വി എം ശ്യാംകുമാര് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. സ്വകാര്യ വ്യക്തികളുടെയും സംഘടനകളുടെയും ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നായിരുന്നു പൊതുതാല്പര്യ ഹര്ജിയിലെ പ്രധാന ആവശ്യം. സ്വകാര്യ വ്യക്തികളും സംഘടനകളും ശേഖരിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് സര്ക്കാര് ഉറപ്പാക്കണം. ഫണ്ടിന്റെ ദുരുപയോഗം തടയണം. ഇതുവരെ പിരിച്ച ഫണ്ട് അക്കൗണ്ടില് നിന്ന് പിന്വലിക്കുന്നത് സര്ക്കാര് തടയണം. ഫണ്ടുകളില് കര്ശന മേല്നോട്ടവും ഓഡിറ്റും വേണം. ഫണ്ട് ശേഖരണം കേന്ദ്രീകൃത സംവിധാനത്തിന് കീഴിലാക്കണമെന്നുമായിരുന്നു പൊതുതാല്പര്യ ഹര്ജിയിലെ ആവശ്യം.
മുണ്ടക്കൈ, ചൂരല്മല ദുരന്തത്തിന് പിന്നാലെ നിരവധി സംഘടനകളാണ് പണം പിരിക്കുന്നത്. വീട് നിര്മിച്ച് നല്കാമെന്നും പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വീടുകളുടെ ഗുണനിലവാരം സര്ക്കാര് ഉറപ്പുവരുത്തണമെന്നും ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു. സര്ക്കാരിനെയും പൊലീസ് മേധാവിയെയും കക്ഷി ചേര്ത്തുകൊണ്ടായിരുന്നു ഹര്ജി.