Jan 22, 2025
12:42 AM
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ഒളിംപിക്സിലും മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് കേരള ഒളിംപിക് അസോസിയേഷൻ. ഇതുമായി ബന്ധപ്പെട്ട ശുപാർശ കേരള ഒളിംപിക് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. 'മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്' ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്, കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആയിരിക്കണമെന്നും ഒളിംപിക് അസോസിയേഷൻ കുറിപ്പിൽ പറഞ്ഞു. നിലവിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് പി ആർ ശ്രീജേഷ്.
അതേ സമയം പാരിസ് ഒളിംപിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനുഭാകറിനൊപ്പം പി ആർ ശ്രീജേഷിനെയും പരിഗണിച്ചു. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ‘രണ്ട് പതിറ്റാണ്ടിലേറെയായി ശ്രീജേഷ് ഇന്ത്യൻ ഹോക്കിക്കും കായിക മേഖലക്കാകെയും പ്രശംസനീയമായ സേവനം നൽകിയിട്ടുണ്ട്. നീരജ് ചോപ്രയുമായും അസോസിയേഷൻ സംസാരിച്ചു, സമാപന ചടങ്ങിൽ ശ്രീജേഷ് പതാകയേന്തുന്നതിൽ നീരജിനും സമ്മതമായിരുന്നു'. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.
ഹോക്കി ടീമിന്റെ സെമിയിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കുവഹിച്ചയാളായിരുന്നു ശ്രീജേഷ്. പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ഇന്ത്യക്ക് 2020 ടോക്യോ ഒളിമ്പിക്സിൽ വെങ്കലം ലഭിച്ചപ്പോഴും ഗോൾവലയിൽ ശ്രീജേഷ് മികച്ച പ്രകടനം നടത്തിയിരുന്നു. പാരിസിൽ ക്വാർട്ടറിൽ ബ്രിട്ടനെതിരായ ഷൂട്ടൗട്ടിൽ രക്ഷകനായതും ശ്രീജേഷായിരുന്നു. സെമിയിൽ ജർമനിയോട് തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തിൽ സ്പെയിനിനെ വീഴ്ത്തിയതോടെ താരം മെഡൽ തിളക്കവുമായി അന്താരാഷ്ട്ര കരിയറിന് വിരാമമിടുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചതിന് പിന്നാലെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക വേഷത്തിലാകും ശ്രീജേഷ് എത്തുക.
പാരിസ് ഒളിംപിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനു ഭാകറിനൊപ്പംമലയാളി താരം ശ്രീജേഷും