പത്തനംതിട്ട: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടര്ന്ന് ഫ്യൂസ് ഊരാന് വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച ഒരു കുറിപ്പ് ശ്രദ്ധേയമായിരുന്നു. കുറിപ്പ് എഴുതിയ സഹോദരിമാര്ക്ക് ആശ്വാസമായി യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിന്റെ ഇടപെടല്. കുടുംബത്തിന്റെ രണ്ടു വര്ഷത്തെ വൈദ്യുതി ബില് അഡ്വാന്സ് ആയി അടച്ചതായി രാഹുല് മാങ്കൂട്ടത്തില് ഫേസ്ബുക്കിലൂടെ അറിയിച്ചു.
സഹോദരിമാരുടെ വിദ്യാഭ്യാസത്തിന് സഹായവും വീടിന്റെ അറ്റകുറ്റപ്പണികളും ചെയ്തുകൊടുക്കുമെന്നും രാഹുല് അറിയിച്ചു. 'സര്, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങള് സ്കൂളില് പോവുകയാണ്' , എന്നായിരുന്നു കുറിപ്പില് പ്ലസ് വണ്ണിലും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാര് എഴുതിയിരുന്നത്. ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന് പങ്കുവെച്ച ഈ വൈകാരിക കുറിപ്പിനോട് പ്രതികരിച്ച് രാഹുല് മാങ്കൂട്ടത്തില് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കുറിപ്പ് വല്ലാതെ വേദനയുണ്ടാക്കിയെന്നും കുടുംബത്തിന്റെ രണ്ട് വര്ഷത്തെ വൈദ്യുതി ബില് താന് അടക്കുമെന്നും അറിയിച്ചിരുന്നു. റിപ്പോര്ട്ടര് വാര്ത്ത ശ്രദ്ധയില്പ്പെട്ടതോടെയാണ് രാഹുല് മാങ്കൂട്ടത്തിലിന്റെ ഇടപെടല്. ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെണ്കുട്ടികളാണ് സ്കൂളില് പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമായിരുന്നുവെന്നും അതിനാല് മിക്കവാറും മാസങ്ങളില് വൈദ്യുതി വിച്ഛേദിക്കുന്ന വീടാണിതെന്നും കോഴഞ്ചേരി സെക്ഷനിലെ ലൈന്മാന് ബിനീഷ് പറഞ്ഞു. രാവിലെ സ്കൂളില് പോകുന്നതിന് മുന്പേ ഇരുവരും എഴുതിയതായിരുന്നു കുറിപ്പ്. കുറിപ്പില് കണ്ട നമ്പറില് ലൈന്മാന് വിളിച്ചപ്പോള് വീട്ടിലെ ഗൃഹനാഥനെയാണ് കിട്ടിയത്. അദ്ദേഹമാണ് കുറിപ്പ് മക്കള് എഴുതിയതാണെന്ന് പറഞ്ഞത്.
461 രൂപയായിരുന്നു കുടിശ്ശിക ബില്. തികച്ചും ദരിദ്രമായ സാഹചര്യത്തില് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അച്ഛനും മക്കളും കഴിയുന്നത്. വീട്ടില് കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്. തയ്യല്ക്കട ജീവനക്കാരനാണ് ഗൃഹനാഥന്. അച്ഛനും മക്കളുമാണ് ആ വീട്ടിലുള്ളത്. അമ്മയെ മൂന്ന് വര്ഷം മുന്പ് കാണാതായതാണ്. തയ്യല് കടയില് നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇതില് നിന്നാണ് മക്കളുടെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്. ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്.