ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തുറവൂർ–അരൂർ എലിവേറ്റഡ് ഹൈവേ നിർമാണം നടക്കുന്നിടത്ത് ദേശീയപാത താണ്ടണമെങ്കിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കേണ്ടി വരുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. എറണാകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. നേരത്തെ ഹൈവേയിൽ മാത്രമുണ്ടായിരുന്ന ഗതാഗതക്കുരുക്ക് വാഹനങ്ങൾ അരൂക്കുറ്റി വഴിതിരിച്ചു വിടാൻ തുടങ്ങിയതോടെ ദേശീയ പാതയിയോട് ചേർന്നുള്ള റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. അരൂക്കുറ്റി റോഡിനു വീതിക്കുറവുള്ളതിനാൽ ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ കടന്നുവരുന്നതാണ് പ്രധാനമായും ഗതാഗത തടസ്സമുണ്ടാക്കുന്നത്. അരൂർ ബൈപ്പാസ് കവല മുതൽ അരൂർ ക്ഷേത്രം വരെ രാപ്പകൽ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ നീണ്ടനിര തന്നെ രൂപപ്പെടുന്ന സാഹചര്യമാണുള്ളത്.
വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് ജോലിക്ക് പോകുന്നവരെയും വിദ്യാർത്ഥികളെയും ദുരിതത്തിലാക്കിയിട്ടുണ്ട്. സാധാരണ നിലയിൽ 20 മിനിട്ട് എടുത്ത് എത്തേണ്ട അരൂർ-തുറവൂർ യാത്രയ്ക്ക് ഇപ്പോൾ രണ്ടും മൂന്നും മണിക്കൂറുകളിലേറെയാണ് എടുക്കേണ്ടി വരുന്നത്. മഴ കനത്തതോടെ അരൂർ-തുറവൂർ ദേശീയപാതയിൽ കുഴികളും വ്യാപകമായിട്ടുണ്ട്. ഇതോടെ യാത്ര തീർത്തും ദുഷ്കരമായിരിക്കുകയാണെന്നാണ് പരാതി ഉയരുന്നത്. ഇരുചക്ര വാഹനങ്ങൾ അടക്കം കുഴികളിൽ വീഴുന്ന സാഹചര്യമുണ്ട്. ബസ്സുകൾ അടക്കം കുഴികളിൽ അകപ്പെടുന്ന ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. കാൽനടയാത്രക്കാർക്ക് നടന്നു നീങ്ങാനുള്ള സാഹചര്യം പോലും നിലവിൽ ഈ റോഡിലില്ലെന്നും പരാതിയുണ്ട്. അരൂർ ഭാഗത്ത് നിന്ന് അരൂക്കുറ്റിയിലേക്ക് പോകാൻ യാത്രക്കാർ കാത്ത് നിൽക്കുന്ന ബസ് സ്റ്റോപ്പിൽ മഴ പെയ്ത കഴിഞ്ഞാൽ കേറി നിൽക്കാൻ പോലും കഴിയാത്ത തരത്തിൽ വെള്ളം കെട്ടി കിടക്കുന്നതായും പരാതിയുണ്ട്.
എലവേറ്റഡ് ഹൈവേ നിർമ്മാണത്തിന് പിന്നാലെ യാത്ര ദുരിതപൂർണമായ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. വിഷയം പഠിക്കാൻ അമിക്കസ് ക്യൂറിയെ അയക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ടർ നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഉയരപാത നിർമാണത്തിൽ സ്കൂൾ കുട്ടികളടക്കമുള്ള കാൽനട യാത്രക്കാരുടെ യാത്ര കഠിനമെന്നാണ് അമിക്കസ്ക്യൂറി റിപ്പോർട്ട് നൽകിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. ചെളി റോഡിലേക്ക് വരാതിരിക്കാനുള്ള പരിഹാര മാർഗങ്ങളൊന്നും കരാറെടുത്തിരിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാത്രാ ദുരിതം പരിഹരിക്കാൻ മൂന്ന് നിർദേശങ്ങളും അമിക്കസ്ക്യൂറി മുന്നോട്ട് വെച്ചിരുന്നു. നാല് വരിപ്പാതയുടെ മൂന്നര മീറ്റർ ഭാഗം റോഡിലുള്ള കുഴികളടച്ചുകൊണ്ട് സഞ്ചാരയോഗ്യമാക്കുക, ഒന്നരമീറ്റർ വീതിയിൽ രണ്ട് വശത്തും കാൽനട യാത്രക്കാർക്ക് യാത്രചെയ്യുന്നതിനുള്ള പ്രത്യേക വഴിയൊരുക്കുക, പൈലിങ് ചെയ്തതിന് ശേഷമുള്ള മാലിന്യം ഒഴിവാക്കുന്നതിന് പ്രത്യേക പമ്പിങ് സംവിധാനം ഏർപ്പെടുത്തുക, കൃത്യമായി ഓടകൾ വൃത്തിയാക്കി വെള്ളം ഒഴുക്കി വിടുന്നതിനുള്ള സംവിധാനം ശക്തമാക്കുക എന്നിവയാണ് അമിക്കസ്ക്യൂറി മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിർദേശങ്ങൾ
ഈ നിർദ്ദേശങ്ങൾ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നതാണ് ഇപ്പോൾ ചോദ്യമാകുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ അരൂക്കുറ്റി വഴി വരുന്ന പല ബസ്സുകളും പകുതിയിൽ സർവീസ് നിർത്തുന്നതും പതിവാണ്. മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കിടക്കേണ്ട സാഹചര്യത്തിലാണ് പല ബസുകളും പാതിയിൽ സർവീസ് അവസാനിപ്പിക്കുന്നത്. ദിവസം നാലും അഞ്ചും വട്ടം സർവീസ് നടത്തിയിരുന്ന പല ബസ്സുകളും ഇപ്പോൾ രാവിലെയും വൈകുന്നേരം മാത്രമായി സർവീസുകൾ വെട്ടിക്കുറിച്ചിരിക്കുകയാണ്. ഇത് ബസ് യാത്രക്കാരെയും വലച്ചിട്ടുണ്ട്. അഞ്ച് ദിവസം തുടർച്ചയായി ഇരു ഭാഗത്തും അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും റോഡിന്റെ പല ഭാഗങ്ങളും പഴയ അവസ്ഥയിൽ തന്നെ തുടരുകയാണ്.
കോൺക്രീറ്റ് നിരത്തി കുഴികളടച്ച് ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗങ്ങളിൽ പോലും മഴയത്ത് വീണ്ടും കുഴികൾ രൂപപ്പെടുകയാണ്.ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതിന് ഗ്രാമ പഞ്ചായത്തുകളും പൊതുമരാമത്ത് വകുപ്പും ദേശീയപാത അധികൃതരും ദേശീയപാത അതോറിറ്റിയും കൂടിയാലോചിച്ച് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളുടെ യാത്ര കൂടുതൽ ദുരിതപൂർണ്ണമാകും. ഉയരപ്പാത നിർമാണം ആരംഭിച്ചതിനു ശേഷം ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങൾ മറ്റ് റോഡുകൾ ഉപയോഗിക്കുന്നതിനാൽ വാഹബാഹുല്യത്തിൽ ഈ റോഡുകളും തകരുന്ന സാഹചര്യം ഉണ്ടെന്നും പരാതി ഉയരുന്നുണ്ട്.
'ബാല തോക്കും കൊണ്ടുവന്നത് സിദ്ധിഖ് അറിഞ്ഞില്ലേ?'; മകനെ കാണാനില്ലെന്ന് അജു അലക്സിന്റെ അമ്മയുടെ പരാതി