ഒളിംപിക്സ് തിളക്കത്തിലും നിറം പിടിക്കാതെ ജന്മനാട്ടില് ശ്രീജേഷിന്റെ പേരിൽ പ്രഖ്യാപിച്ച സ്റ്റേഡിയം

രണ്ട് പതിറ്റാണ്ട് നീണ്ട ഹോക്കി ജീവിതത്തിൽ നിന്നും ഒളിംപിക്സ് മെഡലോടെ വിരമിച്ച ശ്രീജേഷ് ഇനി ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും

dot image

കൊച്ചി: തുടർച്ചയായ രണ്ടാം ഒളിംപിക്സിലും മെഡൽ നേടാനായതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ഹോക്കി ടീം. ഹോക്കിയിൽ പ്രതാപികളായിരുന്ന ഇന്ത്യയ്ക്ക് പക്ഷെ നാല്പത് വർഷത്തിന് ശേഷം 2020 ടോക്യോ ഒളിംപിക്സിലാണ് വീണ്ടും മെഡൽ നേട്ടത്തിലേക്ക് തിരിച്ചു വരാനായത്. പിന്നീട് പാരിസിൽ ആ നേട്ടം നില നിർത്തുകയും ചെയ്തു. ഇന്ത്യൻ ഹോക്കി ടീമിന്റെ ഈ തിരിച്ചുവരവിൽ നിർണ്ണായക റോളാണ് മലയാളി താരം ശ്രീജേഷിന്. രണ്ട് പതിറ്റാണ്ട് നീണ്ട ഹോക്കി ജീവിതത്തിൽ നിന്നും ഒളിംപിക്സോടെ വിരമിച്ച ശ്രീജേഷ് ഇനി ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. പാരിസ് ഒളിംപിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കാൻ മനു ഭാകറിനൊപ്പം ശ്രീജേഷിനെയും പരിഗണിച്ചിട്ടുണ്ട്. ഇന്ത്യൻ ഹോക്കി ഫെഡറേഷനും ഇന്ത്യൻ ഒളിംപിക്സ് കമ്മറ്റിയും കഴിയാവുന്ന രീതിയിൽ ശ്രീജേഷിന് ഒരു മികച്ച യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ്.

അതേ സമയം ജന്മനാട്ടിൽ ശ്രീജേഷിന്റെ പേരിൽ പ്രഖ്യാപിച്ച സ്റ്റേഡിയം പണി തീരാതെ നാല് കാലിൽ കാട് പിടിച്ച് കിടക്കുകയാണ്. നാടിന്റെ അഭിമാനം ലോകത്തോളമുയർത്തിയ ശ്രീജേഷിന്റെ പേരിൽ സ്റ്റേഡിയം നിർമിക്കാൻ ഒമ്പത് വർഷം മുമ്പാണ് കുന്നത്തുനാട് പഞ്ചായത്ത് തീരുമാനിച്ചത്. പള്ളിക്കര മാർക്കറ്റിന് സമീപം നിർമ്മാണ ജോലികൾ ആരംഭിച്ചെങ്കിലും പ്രാരംഭ ഘട്ടത്തിൽ തന്നെ വെല്ലുവിളികൾ ഉയർന്നു.

തൂണുകൾ ഇപ്പോൾ തുരുമ്പെടുത്തിട്ടുണ്ട്. പഞ്ചായത്ത്, എംഎൽഎ, ബിപിസിഎൽ, കൊച്ചിൻ റിഫൈനറി തുടങ്ങിയവരുടെ സംയുക്ത ഫണ്ടിൽ പണി തീർക്കാനായിരുന്നു പദ്ധതി. പിന്നീട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും മുന്നോട്ട് പോയില്ല. രണ്ടാം ഒളിംപിക്സിലും മെഡൽ നേടി ,നീണ്ട രണ്ട് പതിറ്റാണ്ടിന്റെ ഇതിഹാസ കരിയർ കഴിഞ്ഞെത്തുന്ന ശ്രീജേഷിന് ആദരവായി ഈ സ്റ്റേഡിയം സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

dot image
To advertise here,contact us
dot image