തൃശൂര്: ജില്ലയിൽ എയ്ഡഡ് കൊള്ള നടന്ന മൂന്ന് സ്കൂളുകളും ഏറ്റെടുത്ത് സർക്കാർ. എഎംയുപിഎസ് കൂരിക്കുഴി, ജെവിഎല്പിഎസ് മച്ചാട്, എയുപിഎസ് പള്ളിക്കൽ എന്നീ സ്കൂളുകളാണ് സർക്കാർ ഏറ്റെടുത്തത്. സ്കൂളുകളുടെ ഭരണച്ചുമതല ഡിഇഒ ഏറ്റെടുത്തു. സ്കൂളുകളുടെ മാനേജറായ വി സി പ്രവീണിനെ മാനേജറായി പ്രവർത്തിക്കുന്നതില് നിന്നും അയോഗ്യനാക്കിയ സാഹചര്യത്തിലാണ് നടപടി. സ്കൂളുകളുടെ മറവിൽ മാനേജർ നടത്തിയ വിദ്യാഭ്യാസ കച്ചവടം 'എയിഡഡ് കൊള്ള' എന്ന എസ്ഐടി പരമ്പരയിലൂടെ റിപ്പോർട്ടർ ടി വിയാണ് പുറത്ത് കൊണ്ടുവന്നത്. രണ്ടു മാസമായി ജയിലിലാണ് മാനേജർ വി സി പ്രവീണ്.
സ്കൂളുകളുടെ അക്കാദമികവും ഭരണപരവുമായ പ്രവര്ത്തനങ്ങള്ക്ക് തടസ്സം വരാതിരിക്കാനാണ് എക്സ് ഒഫീഷ്യോ മാനേജറായി ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ നിയമിക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര് നിര്ദേശിച്ചത്.
114 അധ്യാപകരെ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചുവെന്നാണ് പ്രവീണിനെതിരായ കണ്ടെത്തല്. 2009 മുതലാണ് തട്ടിപ്പുകളുടെ ആരംഭം. സര്ക്കാര് ഉദ്യോഗസ്ഥനായ വിസി പ്രവീണിന് ചട്ടത്തില് ഇളവ് വരുത്തി സ്കൂളുകള് വാങ്ങാന് അവസരം നല്കിയെന്നും കണ്ടെത്തലുണ്ട്. തട്ടിപ്പിന് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് പ്രവീണിനെതിരെ നേരത്തെ നടപടി തുടങ്ങിയിരുന്നു. ഇല്ലാത്ത 221 കുട്ടികളെ ഉണ്ടെന്ന് കാണിച്ച് സര്ക്കാരിനെ പറ്റിച്ചതിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിയത്. ഇതുസംബന്ധിച്ച റിപ്പോര്ട്ടര് വാര്ത്തയെ തുടര്ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി സംഭവത്തില് ഇടപെട്ടിരുന്നു. തട്ടിപ്പുകാരനെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പും നല്കിയിരുന്നു.