Jan 23, 2025
12:06 AM
ആലപ്പുഴ: തകഴി കുന്നുമ്മയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക. കേസിലെ രണ്ടാം പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് റിമാഡ് ചെയ്തു. അറസ്റ്റിലായ യുവാവിന്റെ സുഹൃത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. തകഴി കുന്നുമ്മയിൽ മുട്ടിച്ചിറ കോളനിയിലെ പാടശേഖരത്തോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു നവജാത ശിശുവിനെ കണ്ടെത്തിയത്.
കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് യുവതിയുടെ ആൺ സുഹ്യത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിക്കുന്നത്. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനാണ് ആൺ സുഹൃത്തിനോട് പറഞ്ഞതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ കുഞ്ഞ് കൊല്ലപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
ഈ മാസം ആറാം തീയതി പുലര്‍ച്ചെയാണ് യുവതിയുടെ പ്രസവം നടന്നത്. മൃതദേഹം മറവ് ചെയ്തത് ഏഴാം തീയതിയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നവജാത ശിശുവിന്റെ ദുരൂഹ മരണം പുറം ലോകത്തെത്തുന്നതില്‍ നിര്‍ണായകമായത് ഡോക്ടറുടെ സംശയമാണ്. വയറുവേദനയെ തുടര്‍ന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്.
കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്.