'കോടതി വിധിയിൽ സന്തോഷം, ഹർജി നൽകിയ സജിമോൻ ആരുടെ ഏജൻ്റാണെന്ന് കൂടി പരിശോധിക്കണം'

റിപ്പോർട്ടിൽ ആരുടേയും പേര് വിവരങ്ങള് ഉണ്ടാകില്ലെന്നും പുറത്തുവന്നാല് എന്താണ് പ്രശ്നം എന്നാണ് മനസ്സിലാകാത്തതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.

dot image

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് ചലചിത്ര പ്രവര്ത്തക ഭാഗ്യലക്ഷ്മി. വിധിയില് സന്തോഷമെന്ന് ഭാഗ്യ ലക്ഷ്മി പറഞ്ഞു. റിപ്പോർട്ടിൽ ആരുടേയും പേര് വിവരങ്ങള് ഉണ്ടാകില്ല. അപ്പോള് ഇത് പുറത്തുവന്നാല് എന്താണ് പ്രശ്നം എന്നാണ് മനസ്സിലാകാത്തതെന്ന് ഭാഗ്യ ലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

'എന്തിനാണ് ഇത് പുറത്തുവിടേണ്ട എന്നാവശ്യപ്പെട്ട് സ്റ്റേ കൊടുത്തതെന്ന് മനസിലാകുന്നില്ല. കാരണം എല്ലാവര്ക്കും ഉറപ്പാണ്. ഇതിലാരുടേയും പേര് വിവരങ്ങള് ഉണ്ടാകില്ല. അപ്പോള് ഇത് പുറത്തുവന്നാല് എന്താണ് പ്രശ്നം എന്നാണ് മനസ്സിലാകാത്തത്. അങ്ങനെ ഒരു സംഭവമേ നടക്കാന് പാടില്ലായെങ്കില് അന്ന് തന്നെ അവര് പറയണമായിരുന്നു സര്ക്കാരിനോട് ഹേമ കമ്മീഷന് വേണ്ടായിരുന്നുെവന്ന്.

പൂര്ണ്ണമായ വിവരങ്ങള് റിപ്പോർട്ടില് വരില്ലായെന്നത് ഉറപ്പാണ്. അങ്ങനെ വരാന് പറ്റില്ല. അതില് പലതരത്തിലുള്ള നിയമതടസ്സങ്ങള് ഉള്ളതുകൊണ്ടാണ് പൂര്ണ്ണമായ വിവരങ്ങള് പുറത്തുവരില്ലായെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് കമ്മിറ്റി കണ്ടെത്തിയ ഫൈന്ഡിങ്സ് അതിന്റെ റിപ്പോര്ട്ടായിരിക്കും കൃത്യമായി പുറത്തുവരുന്നത്', ഭാഗ്യലക്ഷ്മി പറഞ്ഞു.

റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി നൽകിയ നിര്മ്മാതാവ് സജിമോന് ആരുടെ ഏജന്റാണെന്നും സര്ക്കാര് നിയോഗിച്ചതാണോയെന്ന് പരിശോധിക്കണമെന്നും ഇത് വളരെ ദുരൂഹമാണെന്നും കെ കെ രമ എംഎല്എ ആരോപിച്ചു. ഇതിനകത്ത് എന്താണ് സര്ക്കാരിന് ഒളിക്കാനുള്ളത്. സര്ക്കാര് ആരെയാണ് രക്ഷിക്കാന് നോക്കുന്നതെന്നും കെ കെ രമ ചോദിച്ചു.

'സര്ക്കാരിന് ഇതിനകത്ത് എന്തോ ഒളിക്കാനുണ്ട്, ആരെയോ രക്ഷിക്കാനുണ്ടെന്ന കാര്യത്തില് ഒരു സംശയവും ഇല്ല. അതുകൊണ്ടാണ് പല ആളുകളും പലപ്രാവശ്യമായി റിപ്പോര്ട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ടിട്ടും വിടാതിരുന്നത്. വിവരവകാശ കമ്മീഷന് ജൂണ് 25നുള്ളില് റിപ്പോർട്ട് തന്നെ പുറത്തുവിടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നിട്ട് പോലും സര്ക്കാര് സ്റ്റേക്ക് പോവുകയാണ് ചെയ്തത്. ഇപ്പോഴും പുറത്തുവിടാന് തയ്യാറാകുന്നില്ല. 2017ല് നിയോഗിച്ച കമ്മീഷന് 2019ല് ജനുവരി 31ന് ഒരു റിപ്പോര്ട്ട് കൊടുത്തു, ഇപ്പോള് എത്ര വര്ഷമായി. പിന്നെ എന്തിനാണ് ഇത്രയും വലിയ തുക ചിലവഴിച്ച് ജസ്റ്റിസ് ഹേമയെ നിയമിച്ചത്, അതിൻ്റെ കാര്യം എന്തായിരുന്നു.

ഒറു കോടി ആറ് ലക്ഷത്തില്പരം രൂപയാണ് കമ്മീഷന്റെ ഒരു വര്ഷത്തെ പ്രവര്ത്തനത്തിനായി ചെലവഴിച്ചത്. ആ തുക ഖജനാവില് നിന്ന് ചിലവഴിച്ചത് അതിന്റെ കാര്യങ്ങള് എന്താണെന്ന് ഇവിടുത്തെ പൊതുജനങ്ങള് അറയിണം, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ആളുകളും അറിയണം. സ്ത്രീകളുടെ സുരക്ഷിതത്വം ഉണ്ടാകണം. സുരക്ഷിതമായി അവര്ക്ക് ജോലി ചെയ്യാന് സാധിക്കണം. ആ മേഖലയിലുള്ള വിഷയങ്ങളാണല്ലോ, പുറത്തുവിടുന്നതിന് സര്ക്കാരിനെന്താണ് മടി. ആരെയാണ് ഭയക്കുന്നത്.

സജിമോന് ആരുടെ ഏജന്റാണെന്നും സര്ക്കാര് നിയോഗിച്ചതാണോ, അതുകൂടി അറിയേണ്ടതുണ്ട്. എന്തിനാണ് അദ്ദേഹം പോയത്. ഒരു വ്യക്തിയുടേയും വ്യക്തിപരമായ കാര്യങ്ങള് അതില് പരാമര്ശിക്കില്ലെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. അത് ആരും ആവശ്യപ്പെടുന്നില്ല. മൊഴികൊടുത്തത് ആരാണോ അവരുടെ വിവരങ്ങള് പുറത്ത് വിടരുത് എന്നതില് യാതൊരു തര്ക്കവുമില്ല. ഇതിനകത്തെ പ്രധാന കാര്യങ്ങള് എന്താണോ അത് പുറത്തുവിടണമെന്നതാണ് പൊതു ആവശ്യം. അത് ഭയക്കുകയാണ്. അതുകൊണ്ടാണ് ഇത്രയും പെട്ടന്ന് സ്റ്റേ പോകാന് സര്ക്കാര് തീരുമാനിക്കുന്നത്. 2019 കഴിഞ്ഞിട്ട് എത്ര വര്ഷമായി ഇപ്പോഴും അതിന് മുകളില് അടയിരിക്കുന്നത് എന്തിനാണ് ഈ സര്ക്കാര്', കെ കെ രമ പ്രതികരിച്ചു.

ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിയത്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്മ്മാതാവ് സജിമോന് പാറയിലാണ് വിവരങ്ങള് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഹര്ജിക്കാരന് അപ്പീല് ഹര്ജിയുമായി ഡിവിഷന് ബെഞ്ചിനെ സമീപിച്ചില്ലെങ്കില് റിപ്പോര്ട്ട് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിടും. വിധി പരിശോധിച്ചതിന് ശേഷം മാത്രമാകും റിപ്പോര്ട്ട് പുറത്തുവിടുക.

റിപ്പോര്ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു ഹര്ജിക്കാരന്റെ വാദം. 'പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടാണ് പലരും മൊഴി നല്കിയത്. വിവരങ്ങള് വെളിപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നല്കിയത്. റിപ്പോര്ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷന് ഉറപ്പ് നല്കിയതിന്റെയും ലംഘനമാണെന്നും ഹര്ജിക്കാരന് വാദിച്ചു.

എന്നാല് ഹര്ജിക്കാരന് ഇക്കാര്യത്തില് ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് വിവരാവകാശ കമ്മീഷന് കോടതിയില് വാദിച്ചത്. പൊതുതാത്പര്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാല് എങ്ങനെയാണ് ഇത് ഹര്ജിക്കാരനെ ബാധിക്കുന്നത് എന്ന് പറയുന്നുമില്ല. കമ്മീഷനില് ഹര്ജിക്കാരന് കക്ഷിയായിരുന്നില്ല. മാത്രമല്ല, തന്റെ താത്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേള്ക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിട്ടില്ലെന്നും വിവരാവകാശ കമ്മീഷന് കോടതിയില് പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ നിര്ദേശം പാലിച്ചാണ് നടപടികള് സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷന് അറിയിച്ചു.

കേസില് കക്ഷി ചേര്ന്ന വിവരാവകാശ കമ്മീഷന്, അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മിറ്റിയുടെ നിര്ദേശങ്ങള് പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ഭാഗങ്ങള് ഉണ്ടെങ്കില് അതൊഴിവാക്കി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസില് കക്ഷി ചേര്ന്ന ഡബ്ല്യൂസിസിയും റിപ്പോര്ട്ട് പുറത്തുവിടണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനും ഹര്ജിയില് കക്ഷി ചേര്ന്നിരുന്നു.

dot image
To advertise here,contact us
dot image