കൊച്ചി: വടകരയിലെ 'കാഫിര്' വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ആദ്യം ലഭിച്ചത് റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലാണ്. റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും 'കാഫിര്' വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോര്ട്ടില് പറയുന്നു.
2024 ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. റബീഷ് എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തത്. ഏപ്രിൽ 25ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകിട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. അതിൽ അഡ്മിൻ മനീഷ് ആണ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത റബീഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. പോരാളി ഷാജി പേജ് ഉടമ വഹാബ് അബ്ദുവിന്റെയും അമൽ റാം, റബീഷ്,മനീഷ് എന്നിവരുടെയും മൊബൈല് ഫോണ് പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയില് വടകര പൊലീസ് അറിയിച്ചു.
വ്യാജ സ്ക്രീൻഷോട്ട് സംബന്ധിച്ച് ലീഗ് പ്രവര്ത്തകനായ പി കെ ഖാസിം നല്കിയ ഹര്ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. ഇന്നലെ കോടതി ഹർജി പരിഗണിച്ചിരുന്നു. കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീന് ഷോട്ട് എന്നിവയെക്കുറിച്ച് അന്വേഷിക്കാന് പൊലീസിന് നിര്ദ്ദേശം നല്കണമെന്നാണ് പി കെ ഖാസിം നല്കിയ ഹര്ജിയിലെ ആവശ്യം. കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും റിപ്പോർട്ട് സമർപ്പിച്ച് പൊലീസ് ഇന്നലെ കോടതിയിൽ പറഞ്ഞു. കേസില് പികെ ഖാസിമിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് വടകര പൊലീസ് ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ട്. വ്യാജ സ്ക്രീന് ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും പി കെ ഖാസിമിന്റെ മൊബൈല് ഫോണില് നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല എന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വടകരയിലെ 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ ഖാസിം നൽകിയ ഹർജിയിൽ വ്യാജ സ്ക്രീൻ ഷോട്ടിൻ്റെ ഇരയാണ് താനെന്ന വാദമാണ് പ്രധാനമായും ഉയർത്തിയത്. സംഭവത്തിൽ ഏപ്രിൽ 25ന് വടകര പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ഹർജിയിൽ പറഞ്ഞു. 'കാഫിർ' സ്ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള് നേരത്തെ രംഗത്ത് വന്നിരുന്നു.സിപിഐഎം കേന്ദ്രങ്ങൾ വ്യാജമായി സൃഷ്ടിച്ച സ്ക്രീൻഷോട്ടുകൾ ആധാരമാക്കി കെ കെ ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്നും വർഗീയവാദിയായി ചിത്രീകരിക്കുന്നത് സുഖകരമല്ലെന്നും വടകര എം പി ഷാഫി പറമ്പിലും നേരത്തെ പ്രതികരിച്ചിരുന്നു.