ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ഡിഎഫ് മൂന്നാം സ്ഥാനത്ത് എത്തിയ കായംകുളത്തെ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കായംകുളത്തെ സിപിഐഎം തിരുത്തണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. തിരുത്തിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും. കായംകുളത്തെ പാർട്ടി സമ്മേളനങ്ങൾ സംസ്ഥാന നേതൃത്വം നേരിട്ട് നിരീക്ഷിക്കും. തീരുമാനമെടുക്കുമ്പോൾ ഭൂരിപക്ഷം - ന്യൂനപക്ഷം എന്ന രീതി വേണ്ടെന്നും ഗോവിന്ദൻ നിർദ്ദേശിച്ചു. മാത്രമല്ല കേന്ദ്ര കമ്മിറ്റി - സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കായംകുളത്ത് ഏരിയ കമ്മിറ്റി ചെരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം ജില്ലാ സമ്മേളനം ജനുവരി 17, 18 തീയതികളിൽ ഹരിപ്പാട് നടത്തും.
കായംകുളത്തെ ജില്ലാ കമ്മിറ്റി അംഗമായ എൻ ശിവദാസനെതിരെയാണ് കമ്മിറ്റിയിൽ ആദ്യം വിമർശനമുയർന്നത്. തന്നെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിക്കോ എന്ന് പറഞ്ഞുകൊണ്ടാണ് ശിവദാസൻ വിമർശനത്തോട് പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ രാഷ്ട്രീയ സംഘടനാ കാര്യങ്ങളും തോൽവിക്ക് കാരണമായി എന്ന ഭാഗം കൂട്ടിച്ചേർത്തു. പാർട്ടിക്ക് അകത്തെ വിഭാഗീയതാണ് ഹരിപ്പാടും കായംകുളത്തും പാർട്ടി മൂന്നാം സ്ഥാനത്ത് എത്താൻ കാരണമെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.
ആലപ്പുഴയിലെ സിപിഐഎമ്മിലെ കളകൾ പറിക്കുമെന്ന് എം വി ഗോവിന്ദൻ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പറഞ്ഞിരുന്നു. സിറ്റിങ് സീറ്റ് കൈവിട്ടുപോയ ആലപ്പുഴയിലെ തോൽവിയിലായിരുന്നു ഈ പ്രതികരണം. കളകളുള്ളത് പുന്നപ്ര വയലാറിന്റെ മണ്ണിലാണ്. അത് പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂ. അത് ആരായാലും ഒഴിവാക്കും. അവരെ ഒഴിവാക്കുന്നതിന്റെ പേരിൽ എന്ത് നഷ്ടമുണ്ടായാലും പ്രശ്നമല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎം ആലപ്പുഴ ജില്ലാതല റിപ്പോർട്ടിങ്ങിലായിരുന്നു എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകിയത്.