മലപ്പുറം: പ്ലസ് വണ് പ്രവേശനം പൂര്ത്തിയായപ്പോള് മലപ്പുറം ജില്ലയില് 7,642 സീറ്റുകള് ഒഴിഞ്ഞു കിടക്കുകയാണെന്ന സിപി ഐഎം പ്രചരണം വസ്തുതകളില് നിന്നുള്ള ഒളിച്ചോട്ടമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഓര്ഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങള് വെറുതെയായിരുന്നുവെന്നും സീറ്റുകള് കൂട്ടത്തോടെ ഒഴിഞ്ഞു കിടക്കുകയാണെന്നുമുള്ള ആഘോഷം വ്യാജപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.
ടി പി അഷ്റഫലിയുടെ വിശദീകരണം വായിക്കാം
മലപ്പുറത്തെ പ്ലസ് വണ് സീറ്റൊഴിവും വസ്തുത മറച്ചുവെച്ചുള്ള ദേശാഭിമാനിയുടെ വ്യാജ പ്രചാരണവും.
പ്ലസ് വണ് പ്രവേശനം പൂര്ത്തിയായപ്പോള് സംസ്ഥാനത്താകെ 53253 സീറ്റുകള് ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതില് 7642 സീറ്റുകള് മലപ്പുറത്താണെന്നുമുള്ള ഒരു വാര്ത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവര് അറിയാന് വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങള് വെറുതെയായിരുന്നെന്നും ഇതാ
സീറ്റുകള് കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യല് മീഡിയ ഹാന്ഡിലുകളും സീറ്റൊഴിവ് ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നത്.
മലബാറിലെയും വിശിഷ്യാ മലപ്പുറത്തെയും പ്ലസ് വണ് സീറ്റ് ക്ഷാമം മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളായ എം.എസ്.എഫും യൂത്ത്ലീഗും ഏറ്റെടുത്ത് ജയില് വാസം വരെ അനുഷ്ഠിച്ചതും വിജയം കണ്ടതുമായ സമരമാണ്. ഇനി വസ്തുതകളിലേക്ക് വരാം. മലപ്പുറത്ത് 7642 സീറ്റുകള് ഒഴിവുണ്ടെന്നത് നേരാണ്. ആ സത്യം അവിടംകൊണ്ട് അവസാനിക്കുന്നില്ല. ആ 7642 സീറ്റുകളില് 5173 സീറ്റും പണം കൊടുത്ത് പഠിക്കേണ്ട അണ്എയ്ഡഡ് സ്കൂളുകളിലാണെന്നതാണ് സി.പി.എം/ ന്യായീകരണ തൊഴിലാളികള് അറിയാത്തതോ മറച്ചുവെച്ചതോ ആയ സത്യം.
അതായത് മലപ്പുറത്ത് ഒഴിവുണ്ടെന്ന് പറയുന്ന 7642 സീറ്റുകളില് 68 ശതമാനവും (5173 എണ്ണം) സര്ക്കാര് ഏകജാലക രീതിയില് പ്രവേശനം നടത്താത്തതും ഫീസ് നല്കി പഠിക്കേണ്ടതുമായ അണ്എയ്ഡഡ് സീറ്റാണ്. ഇതുകഴിച്ചാല് സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലായി മലപ്പുറം ജില്ലയില് ബാക്കിയുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 2469 ആണ്. ഇതില് 2133 സീറ്റ് സര്ക്കാര് സ്കൂളുകളിലും 336 സീറ്റ് എയ്ഡഡ് സ്കൂളുകളിലുമാണ്.
എല്ലാവര്ഷവും മലപ്പുറത്ത് അണ്എയ്ഡഡ് സ്കൂളികളില് ശരാശരി 5000നും 6000നും ഇടയില് സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുന്വര്ഷങ്ങളിലെ കണക്കുകള് പരിശോധിച്ചാല് വ്യക്തമാകും.
ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാന് മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളും ഉള്പ്പെടെ നിരന്തരം ഉയര്ത്തിയ പ്രക്ഷോഭത്തിലൂടെ സര്ക്കാര് 120 താല്ക്കാലിക ബാച്ചുകള് അനുവദിച്ചു. കാസര്കോട് ജില്ലയില് 18 ബാച്ചുകളും അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയില് 120 താല്ക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയില് ഈ വര്ഷം വര്ധിച്ചത് 7200 സീറ്റുകളാണ്. ഈ താല്ക്കാലിക ബാച്ചുകള് ഗവ. സ്കൂളുകളില് അനുവദിച്ചിരുന്നില്ലെങ്കില് എന്താകുമാകുമായിരുന്നു മലപ്പുറം ജില്ലയിലെ സ്ഥിതി. നിലവില് ജില്ലയിലെ സര്ക്കാര് സ്കൂളുകളില് പ്രവേശനം നേടിയവരില് 5067 പേര് പുറത്താകുമായിരുന്നു.
എങ്ങനെ മലപ്പുറത്തെ സര്ക്കാര് സ്കൂളുകളില് ഇത്തവണ 2133 സീറ്റ് ഒഴിവ് വന്നു എന്ന് കൂടി പരിശോധിക്കപ്പെടണം. അതിനുള്ള ചില കാരണങ്ങള് ഇനി പറയാം. മലപ്പുറത്ത് അനുവദിച്ച 120 താല്ക്കാലിക ബാച്ചുകളില് ഒന്ന് പോലും സയന്സില് ആയിരുന്നില്ല. സയന്സ് കോമ്പിനേഷന് താല്പര്യമുള്ള കുട്ടികള്ക്ക് മുമ്പിലേക്ക് ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമ്പോഴുണ്ടാകുന്ന
പ്രശ്നമാണ് അല്പ്പമെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാനുള്ള കാരണങ്ങളിലൊന്ന്. പ്രവേശന നടപടികള് അവസാനഘട്ടത്തിലെത്തിയ ശേഷം അനുവദിച്ച ബാച്ചുകളാണ് മറ്റൊരു പ്രശ്നം. മൂന്ന് മുഖ്യഘട്ട അലോട്ട്മെന്റുകളും രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളും ഒരു ട്രാന്സ്ഫര് അലോട്ട്മെന്റും കഴിഞ്ഞ ശേഷമാണ് പുതിയ ബാച്ചിലേക്ക് കുട്ടികളില് നിന്ന് ഓപ്ഷന് സ്വീകരിച്ചതും അലോട്ട്മെന്റ് നടത്തിയതും. പ്ലസ് വണ് ക്ലാസ് തുടങ്ങി ഒന്നര മാസത്തിലേറെ പിന്നിട്ടശേഷമാണ് താല്ക്കാലിക ബാച്ചുകളിലേക്ക് അലോട്ട്മെന്റ് നടക്കുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാര്ഥികള് എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തില് പലവഴിക്ക് തിരിയും. സീറ്റില്ലാതെ നില്ക്കുന്ന കുട്ടികള് സമാന്തര മാര്ഗങ്ങള് തേടുന്നതും കുറച്ചെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാന് കാരണമായി. മറ്റൊരു കാരണം ഏത് മേഖലയിലാണ് സീറ്റ് ആവശ്യം എന്നത് പരിശോധിക്കാതെയാണ് താല്ക്കാലിക ബാച്ചുകള് അനുവദിച്ചത്. സര്ക്കാര് നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളില് എത്തി സൗകര്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. അല്ലാതെ ഏത് മേഖലയിലാണ് സീറ്റ് വേണ്ടത് എന്ന പരിശോധന നടത്തിയില്ല. ഉദാഹരണത്തിന് തിരൂരില് സീറ്റിന് ആവശ്യക്കാരുണ്ടെങ്കില് നിലമ്പൂരില് ബാച്ച് അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.
ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് ഇത്തവണ പ്ലസ് വണ് പ്രവേശനം നേടിയത് (അണ്എയ്ഡഡില് ഉള്പ്പെടെ) 70689 പേരാണ്. അത് സര്വകാല റെക്കോര്ഡാണ്. 120 താല്ക്കാലിക ബാച്ചുകള് ഇല്ലായിരുന്നെങ്കില് ഇത് 65000ന് താഴെയാകുമായിരുന്നു. അതായത് മലപ്പുറത്ത് സീറ്റുണ്ടെങ്കില് പഠിക്കാന് കുട്ടികളുണ്ടെന്നതിന് ഇതില്പരം തെളിവ് വേണമോ എന്ന് വ്യാജകണക്കുമായി സോഷ്യല് മീഡിയയില് ന്യായീകരണം ചമക്കാന് ഇറങ്ങുന്ന ദേശാഭിമാനിയും സി.പി.എം സൈബര് ഹാന്ഡിലുകളും പരിശോധിക്കണം. മലപ്പുറത്തെ സീറ്റൊഴിവിന്റെ കണക്ക് നിരത്തുന്നവര് മറ്റ് ജില്ലകളില് ബാച്ച് വര്ധന ഒന്നുമില്ലാതെ തെക്കന് കേരളത്തില് ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്റെ കണക്ക് കൂടി പരിശോധിക്കണം. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂര് 5141. വര്ഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കില് ആ അസുഖം വേറെയാണ്. ആ അസുഖത്തിനുള്ള മരുന്ന് കൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പില് നിങ്ങള്ക്ക് പൊതുജനം തന്നത്.
പ്ലസ് വണ് സീറ്റ് വിഷയത്തില് മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളും ഏറ്റെടുത്ത സമരം ലക്ഷ്യം കണ്ടാണ് അവസാനിപ്പിച്ചത്. മേലില് ഇത്തരം ക്യാപ്സൂളുകളുമായി ഇറങ്ങരുതെന്നേ ദേശാഭിമാനിയോട് പറയാനുള്ളൂ.