'ഒരു തെക്കൻ ഭീമ കൊറേഗാവ് കേസുണ്ടാക്കാനുള്ള ശ്രമം'; എൻഐഎ റെയ്ഡിൽ മുരളി കണ്ണമ്പിള്ളി

എറണാകുളം തേവയ്ക്കലിലെ മുരളി കണ്ണമ്പിള്ളിയുടെ മകന്റെ വീട്ടിലാണ് രാവിലെ മുതൽ എൻഐഐ പരിശോധന നടന്നത്

dot image

കൊച്ചി: എൻഐഎ റെയ്ഡ് ജനാധിപത്യത്തിന്റെ ധ്വംസനമെന്ന് മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളി. അടിസ്ഥാന രഹിതമായ കേസിന്റെ പേരിലാണ് അന്വേഷണം നടന്നതെന്നും ഒരു തെക്കൻ ഭീമ കൊറേഗാവ് കേസുണ്ടാക്കാനാണ് എൻഐഐയുടെ ശ്രമമെന്നും മുരളി കണ്ണമ്പിള്ളി പ്രതികരിച്ചു. പൊതുപ്രവർത്തകർക്കെതിരെ ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. നേരത്തെ കളമശ്ശേരി എൻഐഐ ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ സഹകരിച്ചിരുന്നിട്ടും ഇന്ന് വീട് കുത്തി തുറന്നു ഉള്ളിൽ കയറാൻ നോക്കി, അതാണ് സഹകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതെന്നും മുരളി കണ്ണമ്പിള്ളി പറഞ്ഞു.

എറണാകുളം തേവയ്ക്കലിലെ മുരളി കണ്ണമ്പിള്ളിയുടെ മകന്റെ വീട്ടിലാണ് എൻഐഐ രാവിലെ മുതൽ പരിശോധന നടന്നത്. വീടിന്റെ കതക് തകർത്താണ് എൻഐഎയുടെ എട്ടംഗ സംഘം അകത്ത് കടന്നത്. ഹൈദരാബാദിൽ സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളെ തുടർന്നാണ് ചോദ്യം ചെയ്യാൻ എത്തിയത് എന്നാണ് പ്രാഥമിക വിവരം. ഹൃദ്രോഗിയായ മുരളി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ആറു മണിക്കൂർ നീണ്ട റെയ്ഡിന് ശേഷമാണ് സംഘം മടങ്ങിയത്. റെയ്ഡിൽ മുരളി കണ്ണമ്പിള്ളിയുടെ ലാപ്ടോപ്പ്, പെൻഡ്രൈവ്, മകന്റെ ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തു.

നേരത്തെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (ഐടിഎസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു മുരളി. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. നാല് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതത്തിനുശേഷം 2015ലാണ് മുരളി പിടിയിലാകുന്നത്. എറണാകുളം, ഇരുമ്പനം കണ്ണമ്പിള്ളി കുടുംബാംഗമായ മുരളി ആസ്ട്രേലിയൻ ഹൈകമീഷണറായിരുന്ന കരുണാകര മേനോന്റെ മകനാണ്. എഴുപതുകളിൽ കോഴിക്കോട് ആർഇസിയിൽ പഠിക്കുന്ന കാലത്താണ് സിപിഐഎംഎൽ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന രാജൻ സഹപാഠിയായിരുന്നു. 1976 ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണകേസിൽ മുഖ്യപ്രതിയായിരുന്നു.

dot image
To advertise here,contact us
dot image