ഷിരൂര്: കര്ണ്ണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ മലയാളി ഡ്രൈവര് അര്ജുനായുള്ള തിരച്ചില് നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്. വാര്ത്തകള് റിപ്പോര്ട്ട് ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്ത്തകരെയും ദൃശ്യങ്ങള് പകര്ത്തുന്ന വീഡിയോ ജേണലിസ്റ്റുകളെയും പൊലീസ് പ്രദേശത്ത് നിന്നും നീക്കി ബാരിക്കേടുകള് സ്ഥാപിച്ചു.
പ്രത്യേകിച്ച് വിശദീകരണമൊന്നും നല്കാതെയാണ് മാധ്യമങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തിയത്. വാഹനങ്ങള്ക്ക് തുറന്നുകൊടുത്ത വഴിയില് നിന്നാണ് മാധ്യമങ്ങളെ നീക്കുന്നത്. ഒന്നരമണിക്കൂറോളമായി മാധ്യമ പ്രവര്ത്തകര് വിവരങ്ങള് പകര്ത്തിയ പ്രദേശത്താണ് തിരച്ചില് ആരംഭിച്ചതോടെ നിയന്ത്രണം ഏര്പ്പെടുത്തിയത്. ഞങ്ങള്ക്ക് ഞങ്ങളുടേതായ പണിയുണ്ടെന്നായിരുന്നു മാധ്യമങ്ങളെ തടയവെ എസ്പി പറഞ്ഞുകൊണ്ടിരിക്കുന്നത്.
അര്ജുന്റെ ബന്ധു ജിതിനെയും പ്രദേശത്ത് നിന്നും നീക്കി. സംവിധാനത്തെ അടിച്ചമര്ത്താനോ അക്രമം കാണിക്കാനോ എത്തിയതല്ലെന്ന് ജിതിന് റിപ്പോര്ട്ടറിനോട് പ്രതികരിച്ചു. മാറി നില്ക്കാനാണ് പറഞ്ഞത്. അര്ജുന്റെ ബന്ധുവാണെന്ന് അറിയാതെയാണോ നടപടിയെന്ന് സംശയിക്കുന്നെന്നും ജിതിന് പറഞ്ഞു.
ഇന്ന് രാവിലെ 8 മണിക്ക് തിരച്ചില് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ ജാക്കി അര്ജുന്റെ വാഹനത്തിന്റേതെന്ന് സംശയിക്കുന്ന ജാക്കി കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും ആകും ആദ്യഘട്ട തെരച്ചില്. ഇതിനുശേഷം സ്പോട്ട് മൂന്ന് നാല് എന്നിവിടങ്ങളിലേക്ക് തിരച്ചില് വ്യാപിപ്പിക്കും. കാര്വാര് എംഎല്എ സതീഷ് സെയിനി, മഞ്ചേശ്വരം എംഎല്എ എ കെ എം അഷറഫ് എന്നിവരുടെ ഏകോപനത്തിലാണ് തിരച്ചില് പുരോഗമിക്കുന്നത്.
അതേസമയം ഈശ്വര്മാല്പെയുടെ പ്രവര്ത്തനത്തിന് തടസ്സം വരുന്നതിനാലാണ് മാധ്യമങ്ങളെ വിലക്കിയതെന്ന് കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില് റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.